തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് മേയ്ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മെയ് ഒന്ന് ആവേശകരമായ ഓര്‍മയാണെന്ന് ആശംസ സന്ദേശത്തില്‍ മുഖ്യമന്ത്രി പറയുന്നു.
ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മെയ് ഒന്ന് ആവേശകരമായ ഓര്‍മയാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശത്തിനായി ചിക്കാഗോയില്‍ നടന്ന തൊഴിലാളിപ്രക്ഷോഭത്തിന്റെയും ഉജ്ജ്വലമായ ത്യാഗത്തിന്റെയും ഓര്‍മയാണ് മെയ്ദിനം.
അടിമത്തത്തിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചറിയാനുള്ള അടങ്ങാത്ത മനുഷ്യവാഞ്ഛയുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ്ദിനം മുന്നോട്ടുവയ്ക്കുന്നത്. അദ്ധ്വാനത്തിന്റെയും വിശ്രമത്തിന്റെയും വിനോദത്തിന്റെയും പരിധികള്‍ക്കപ്പുറം മനുഷ്യാവകാശങ്ങളുടെ സാക്ഷാല്‍ക്കാരത്തിനായി ഇന്നും ലോകമെമ്പാടും നടക്കുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ചേരാന്‍ നമുക്ക് ആവേശമാകണം ഈ മെയ്ദിനം.
അടിസ്ഥാനവര്‍ഗത്തിന്റെ നിരന്തര സമരത്തിലൂടെ തന്നെയാണ് നമ്മുടെ കേരളവും കടന്നുപോയിട്ടുള്ളത്. പോരാട്ടത്തിലൂടെയല്ലാതെ അടിസ്ഥാനവര്‍ഗം ഒന്നും നേടിയിട്ടുമില്ല. അത്തരത്തില്‍ നടക്കുന്ന നിരന്തര സമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നതാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. സമൂഹത്തിലെ പിന്നോക്കക്കാരുടേയും അടിസ്ഥാനവിഭാഗങ്ങളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും മുന്നേറ്റത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നിരവധി പദ്ധതികളില്‍ ഈ പ്രതിബദ്ധത തെളിഞ്ഞുകാണാവുന്നതാണ്.
അടഞ്ഞുകിടന്ന കശുവണ്ടി ഫാക്റ്ററികള്‍ പറഞ്ഞ സമയത്തിനുള്ളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനായതും മുടങ്ങിക്കിടന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിക്കാന്‍ കഴിഞ്ഞതും നിരവധി മേഖലകളിലെ തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനം വര്‍ധിപ്പിച്ചു നല്‍കിയതും പരമ്പരാഗത മേഖലയില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും ഏറ്റവുമൊടുവില്‍ നഴ്‌സറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും വന്‍തോതില്‍ വേതന വര്‍ദ്ധനവ് നടപ്പാക്കിയതുമെല്ലാം അദ്ധ്വാനിക്കുന്ന വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.
വീടില്ലാത്തവര്‍ക്ക് വീടും ജീവനോപാധിയും ലഭ്യമാക്കുന്നതിനായുള്ള ലൈഫ്, രോഗപീഢയാല്‍ കഷ്ടപ്പെടുന്നവര്‍ക്കായുള്ള ആര്‍ദ്രം, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങളും നിലവാരവും വര്‍ധിപ്പിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സമൂഹത്തെ മൊത്തം ബാധിക്കുന്ന ജലദൗര്‍ലഭ്യം, മാലിന്യം, കാര്‍ഷിക പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിനായുള്ള ഹരിതകേരളം തുടങ്ങിയ മിഷനുകള്‍ സര്‍ക്കാരിന്റെ ഭാവനാപൂര്‍ണമായ ഇടപെടലുകളാണ്.
സാമൂഹ്യക്ഷേമ മേഖലയില്‍ ശക്തമായി ഇടപെട്ടുകൊണ്ട് സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഒരു ഭാഗത്ത് ശ്രമിക്കുമ്പോള്‍ തന്നെ ഭാവികേരളത്തെ രൂപപ്പെടുത്തുന്ന വലിയ പശ്ചാത്തല സൗകര്യ വികസനവും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ‘മതനിരപേക്ഷ അഴിമതിരഹിത വികസിത നവകേരളം’ എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യം തൊഴിലാളിവര്‍ഗത്തിന്റെ സ്വപ്നമാണ്. അത് സഫലമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഈ മേയ്ദിന സ്മരണ ആവേശം പകരും.
എല്ലാവര്‍ക്കും മെയ്ദിനാശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here