തൃശൂര്‍ പൂരം: വെടിക്കെട്ട് നടത്താന്‍ കേന്ദ്രസംഘം അനുമതി നല്‍കുമെന്ന് പ്രതീക്ഷ; അനുകൂല തീരുമാനത്തിനായി പൂരപ്രേമികളുടെയും കാത്തിരിപ്പ്

തൃശൂര്‍: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കൊപ്പം പൂരപ്രേമികളുടെയും ആശങ്കകള്‍ക്ക് ഇന്ന് പരിഹാരമായേക്കും. തൃശൂര്‍ പൂരം വെടിക്കെട്ടിന് അന്തിമ അനുമതി നല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ചെറുനിയന്ത്രണങ്ങളോടെ ആചാരപരമായ വെടിക്കെട്ട് നടത്താന്‍ കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. വെടിക്കെട്ട് നിരീക്ഷണത്തിനായി പ്രത്യേക കേന്ദ്ര സംഘം തൃശൂരിലെത്തും.

രണ്ടായിരം കിലോ വീതം കരിമരുന്ന് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഇരു ദേവസ്വങ്ങള്‍ക്കും ഉണ്ടെങ്കിലും കുഴിമിന്നല്‍, നിലയമിട്ട്, ഡൈന, ഓലപ്പടക്കം എന്നിവയുടെ ഉപയോഗത്തില്‍ കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ അനുമതി ലഭ്യമാകേണ്ടതുണ്ട്. മൂന്നാം തീയതി നടക്കേണ്ട സാമ്പിള്‍ വെടിക്കെട്ടിന്റെയും ആറാം തീയതി പുലര്‍ച്ചയ്ക്കുള്ള പ്രധാന വെടിക്കെട്ടിന്റെയും സാമ്പിളുകള്‍ നാഗ്പൂരിലെ കേന്ദ്ര സംഘത്തിന്റെ ഓഫീസില്‍ നേരിട്ടെത്തിച്ച് പരിശോധിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുമതിക്കുള്ള അന്തിമ തീരുമാനം ഇന്നുണ്ടായേക്കും എന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വി.എസ് സുനില്‍ കുമാര്‍ കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയില്‍ നിയന്ത്രണങ്ങളോടെ അനുമതി ലഭ്യമാകും എന്നാണ് വിലയിരുത്തല്‍. അളവിലും തീവ്രതയിലും കുറവു വരുത്തി ഗുണ്ട്, അമിട്ട്, ഓലപ്പടക്കം എന്നിവയ്ക്ക് അനുമതി നല്‍കിയേക്കും. എന്നാല്‍ ഡൈന, കുഴിമിന്നല്‍ എന്നിവയുടെ കാര്യത്തില്‍ തൃശൂരിലെത്തുന്ന കേന്ദ്ര സംഘമാവും വ്യക്തത വരുത്തുക. മുന്‍ വര്‍ഷങ്ങളിലേതു പോലെ വലിയ ഇളവുകള്‍ ലഭ്യമല്ലെങ്കിലും വെടിക്കെട്ട് നടത്താന്‍ അനുമതി ലഭിച്ചാല്‍ പൂരം സാധാരണ ഗതിയില്‍ നടത്തുമെന്ന സൂചനയാണ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here