ഇന്ന് മെയ് ദിനം: അവകാശങ്ങള്‍ കവരാന്‍ വന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടന്‍ പ്രചോദനം നല്‍കിയ തൊഴിലാളികളുടെ ദിനം

ഇന്ന് മേയ് ദിനം. പണി എടുക്കുന്നവന്റെ അവകാശങ്ങള്‍ കവരാന്‍ പുത്തന്‍ നയങ്ങളുമായി വരുന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടന്‍ പ്രചോദനം നല്‍കിയ തൊഴിലാളികളുടെ ദിനം. തൊഴില്‍ പീഡനങ്ങളെക്കുറിച്ചും സമയത്തെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ നിറയുന്ന വര്‍ത്തമാന കാലത്തും ചിക്കാഗോയില്‍ അന്നുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയേറുന്നു.

അടിമകളെപ്പോലെ പണിയെടുത്തിരുന്നവര്‍ അവകാശങ്ങള്‍ക്കായി കാല്‍ച്ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് പടയണി ചേര്‍ന്ന ആവേശ്വോജ്ജ്വലമായ സമരത്തിന്റെ സ്മരണയില്‍ വീണ്ടുമൊരു തൊഴിലാളി ദിനം കൂടി. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന് ചിക്കാഗോ തെരുവീഥികളില്‍ മുഴങ്ങിയ മുദ്രാവാക്യം ലോകത്തെയാകെ പ്രകന്പനം കൊളളിച്ചപ്പോള്‍, അവകാശബോധത്തിന്റെ ഊര്‍ജ്ജപ്രവാഹം തൊഴിലാളികളുടെ ഇരുമ്പലായി മാറി.

അമേരിക്കന്‍ സാമ്രാജ്യത്തെ പോലും വിറപ്പിച്ച ആ വിപ്ലവ സമരത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ ഇന്നും വളരെ പ്രസക്തിയോടെ അലറി വിളിക്കേണ്ടിയിരിക്കുന്നു. അധ്വാനവര്‍ഗ്ഗം ചൂഷണം ചെയ്യപ്പെടേണ്ടവരാണെന്ന ചിന്താഗതിയില്‍ നിന്നും ഇന്നും അധികാര കേന്ദ്രങ്ങള്‍ വിമുക്തമായിട്ടില്ല. കുത്തക മുതലാളിമാര്‍ക്കായി വിടുപണി ചെയ്യുകയും നിയമങ്ങള്‍ പൊളിച്ചെഴുതുകയും ചെയ്യുന്നു ഭരണകൂടങ്ങള്‍.

21ാം നൂറ്റാണ്ടിലും തൊഴിലാളി വിയര്‍പ്പിന്റെ കൂലിക്കായി സമരമുഖത്ത് തന്നെ. ഇന്ത്യയില്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സമ്പന്ന വിഭാഗങ്ങളുടെ ചട്ടുകമായി ഭരണകൂടവും മാറിക്കഴിഞ്ഞു. തൊഴിലാളി ദിനമെന്നാല്‍, അധ്വാനത്തിന്റെ മഹത്വം ഓര്‍മ്മിപ്പിക്കല്‍ മാത്രമാണെന്ന് ലഘൂകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ മന്‍ കി ബാത്ത് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു.

തൊഴില്‍ സംരക്ഷണത്തിനായി വ്യക്തമായ നിയമങ്ങളോ പ്രഖ്യാപനങ്ങളോ ഇവരുടെ അജണ്ടയിലേ ഇല്ല. മറിച്ച് സമ്പന്നവിഭാഗത്തിന് തടിച്ചുകൊഴുക്കാന്‍ നിയമങ്ങള്‍ വീണ്ടും വീണ്ടും ഇവര്‍ പൊളിച്ചെഴുതുന്നു. നിസാര കാര്യങ്ങള്‍ പറഞ്ഞ് റേഷന്‍ വിഹിതം പോലും തടയുമ്പോള്‍, മറുവശത്ത് നഷ്ടത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇന്ധനവില നിശ്ചയിക്കാന്‍ കോര്‍പ്പറേറ്ററുകളെ അധികാരപ്പെടുത്തുന്നു.

തൊഴില്‍ സമയങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും തൊഴില്‍ പീഡനങ്ങളെക്കുറിച്ചും വ്യക്തമായ മാര്‍ഗനിര്‍ദേശവും നിയമവും ഉണ്ടാക്കാന്‍ ഭരണകൂടം ഇനിയും ഉണര്‍ന്നില്ലെങ്കില്‍, അധ്വാനവര്‍ഗത്തിന്റെ പ്രതിഷേധാഗ്നിയില്‍ പുതിയ മുദ്രാവാക്യങ്ങള്‍ ഇനിയും ഉയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News