ദൈവത്തിന്റെ സ്വന്തം നാട് ഉപേക്ഷിച്ച് സുന്ദര്‍ബനിലെ തൊഴിലാളികള്‍ മടങ്ങുന്നു; കേരളം വീണ്ടും സ്വര്‍ഗഭൂമിയാവുമ്പോള്‍ മടങ്ങിവരാമെന്ന പ്രതീക്ഷയില്‍

രാജ്യത്ത് ഏറ്റവും അധികം തൊഴില്‍ പലായനങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നിന്നുളള ഒരു ലക്ഷത്തോളം പേരാണ് കേരളത്തില്‍ തൊഴിലെടുത്തിരുന്നത്. എന്നാല്‍ രൂക്ഷമായ ജലക്ഷാമം മൂലം തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതോടെഇവരിലെ ബഹുഭൂരിഭാഗവും ഇപ്പോള്‍ സുന്ദര്‍ബനിലേയ്ക്ക് മടങ്ങുകയാണ്.

കാലാവസ്ഥവ്യതിയാനത്തെ തുടര്‍ന്ന് കടല്‍വെളളം കയറിയതുമൂലം സുന്ദര്‍ബനിലെ പതിനെട്ടായിരത്തോളം ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമല്ലാതായതോടെയാണ് ഈ പ്രദേശം പലായനങ്ങളുടെ നാടായി മാറിയത്. ഇവിടെ പുരുഷന്‍മാര്‍
ഇല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ട്. കേരളമാണ് പലരുടേയും സ്വര്‍ഗ്ഗം. രണ്ട് വര്‍ഷം മുമ്പ് ഇവിടെയെത്തിയപ്പോള്‍ കേട്ടത്
കേരളത്തെക്കുറിച്ചുളള നല്ല വാക്കുകളാണ്.

കേരളത്തില്‍ നിര്‍മ്മാണ മേഖലയിലും കാര്‍ഷിക മേഖലയിലുമായി ഒരു വര്‍ഷത്തോളം സുന്ദര്‍ബനുകാര്‍ തൊഴിലെടുക്കുന്നുണ്ട്. ജലക്ഷാമം മൂലം നിര്‍മാണമേഖലയും കാഷിക മേഖലയും സ്തംഭിച്ചതോടെ മറ്റ് അന്യസംസ്ഥാന തൊഴിലാളികളെപ്പോലെ സുന്ദര്‍ബനുകാരും തൊഴില്‍രഹിതരായി.

കിഴക്കന്‍ ഇന്ത്യയിലേക്കുളള ട്രെയിനുകള്‍ക്ക് സമീപം ചെന്നാല്‍ ജലക്ഷാമവും മൂലം കേരളത്തില്‍ തൊഴിലില്ലാതെ
നാട്ടിലേയ്ക്ക് മടങ്ങുന്ന നിരവധി സുന്ദര്‍ബനുകാരെ കാണാം. നാട്ടിലെത്തിയാലും അവിടെ കാര്യമായ തൊഴിലോ കൂലിയോ ഇല്ല. കാലവര്‍ഷത്തിനുശേഷം കേരളം വീണ്ടും സ്വര്‍ഗ്ഗഭൂമിയാവുമ്പോള്‍ മടങ്ങിവരാമെന്ന പ്രതീക്ഷയോടെയാണ് നാട്ടിലേക്കുളള ഈ നരകയാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel