ഇനി എല്ലാം മലയാളം; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളമാകുന്നു. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സഹകരണ സ്ഥാപനങ്ങളിലുമാണ് ഓദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള ഭാഷ പൂര്‍ണ്ണമായും മലയാളമാകുന്നത്.

അതേസമയം, സര്‍ക്കാര്‍ ഉത്തരവില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ അതിലേക്കായി ഇനി പൂര്‍ണ്ണമായും മലയാളം ഉപയോഗിച്ചാല്‍ മതിയാകും. അപേക്ഷകളും അതിന്‍മേല്‍ സ്വീകരിച്ച നടപടികളും സര്‍ക്കാരിന്റെ ഉത്തരവുകളും പൂര്‍ണ്ണമായും മലയാളത്തിലായിരിക്കും. വിവിധ വകുപ്പുകളില്‍ മെയ് ഒന്നുമുതല്‍ ഔദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിറുത്താന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. അല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഇന്ന് മുതല്‍ മലയാളമേ ഉപയോഗിക്കാവൂ. ഇക്കാര്യം വകുപ്പ് തലവന്‍മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.

ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുകയാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളില്‍ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കണമെന്ന ബില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു.

മലയാളഭാഷയെ സംരക്ഷിക്കുകയും ഭാഷയ്ക്കുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിന്റെ പ്രതിഫലനങ്ങളാണ് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാകുന്നതോടെ കാണാന്‍ സാധിക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here