അടിച്ചമര്‍ത്തലിനെതിരെ തൊഴിലാളി ഐക്യം

മഹത്തായ ഒക്ടോബര്‍ വിപ്ളവത്തിന്റെ ശതാബ്ദിയിലാണ് ഇത്തവണ മെയ്ദിനം ആചരിക്കുന്നത്. ലോകമാകെയും ഇന്ത്യയിലുമുള്ള എല്ലാ തൊഴിലാളികള്‍ക്കും സിഐടിയു മെയ്ദിനാശംസകള്‍ നേരുന്നു. നവ ലിബറല്‍ സാമ്പത്തികനയങ്ങളാല്‍ നയിക്കപ്പെടുന്ന അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ ചൂഷണത്തിനെതിരെ എല്ലാ ഭൂഖണ്ഡങ്ങളിലെയും തൊഴിലാളിവര്‍ഗവും ജനങ്ങളും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സിഐടിയു ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നു.

എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും ജനങ്ങള്‍ സോഷ്യലിസം സംരക്ഷിക്കാന്‍വേണ്ടി നടത്തുന്ന സമരങ്ങള്‍ക്കും സിഐടിയു ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നു. ഒപ്പം ഈ രാജ്യങ്ങളില്‍ സോഷ്യലിസത്തെ അട്ടിമറിച്ച് മുതലാളിത്തം പുനഃസ്ഥാപിക്കാനായി സാമ്രാജ്യത്വം നടത്തുന്ന ഗൂഢാലോചനകള്‍ ചെറുത്തുതോല്‍പ്പിക്കാനാകുമെന്ന ആത്മവിശ്വാസം നമുക്കാവര്‍ത്തിക്കുകയുംചെയ്യാം. സോഷ്യലിസത്തോടും മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്നതിനെതിരെ സമരം തുടരാനുള്ള അതിന്റെ തീരുമാനത്തോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയുംചെയ്യുന്നു.

നീതിയുക്തമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പലസ്തീന്‍ജനതയുടെ വീരോചിത പോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ഇസ്രയേല്‍ പലസ്തീനുമേല്‍ തുടരുന്ന കൂട്ടക്കൊലകളെയും പീഡനങ്ങളെയും അറസ്റ്റുകളെയും അപലപിക്കുകയും ചെയ്യുന്നു. 1967ലെ അതിര്‍ത്തി പാലിച്ചും ജെറുസലേമിനെ തലസ്ഥാനമാക്കിയും— പലസ്തീന്റെ പരമാധികാരവും സ്വാതന്ത്യ്രവും അംഗീകരിക്കണം.

അഫ്ഗാനിസ്ഥാന്‍, സിറിയ, യമന്‍, ലിബിയ, ഇറാഖ് തുടങ്ങി ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലെ വിഭവങ്ങളുടെ ആധിപത്യം പിടിച്ചെടുക്കാന്‍—സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നു. ചൂഷണത്തിനെതിരെയുള്ള വര്‍ഗസമരത്തിന്റെ അവിഭാജ്യഘടകമായി സാമ്രാജ്യവിരുദ്ധ പോരാട്ടത്തെ സിഐടിയു ഉയര്‍ത്തിപ്പിടിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള  തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് നല്‍കിയ സംഭാവന സ്മരണീയമാണ്.

തൊഴിലാളികള്‍ക്കുനേരെ സാമ്രാജ്യത്വം നടത്തുന്ന കടന്നാക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള പോരാട്ടത്തില്‍ ലോക തൊഴിലാളിവര്‍ഗത്തെ അണിനിരത്താന്‍ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് വഹിച്ച പങ്ക് സിഐടിയു സ്മരിക്കുന്നു. ഡബ്ള്യുഎഫ്ടിയുവിന്റെ 17-ാം കോണ്‍ഗ്രസ് നല്‍കിയ ദിശാബോധം ഫലപ്രദമായി പിന്തുടരാനും തൊഴിലാളിവര്‍ഗത്തിന്റെ അവകാശ സംരക്ഷണത്തിനും എല്ലാ ചൂഷണങ്ങളില്‍നിന്നുമുള്ള മോചനത്തിനുമുള്ള അതിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.

ആഗോള സാമ്പത്തികപ്രതിസന്ധി നിര്‍ബാധം തുടരുകയാണ്. വളര്‍ച്ചാനിരക്ക് വീണ്ടെടുക്കാനായിട്ടില്ല.— വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായും മുതലാളിത്തത്തിന്റെ നേട്ടത്തിനായി സൃഷ്ടിക്കപ്പെട്ടതാണ്. തൊഴിലില്ലായ്മ, പ്രത്യേകിച്ച് യുവജനങ്ങളിലെ തൊഴിലില്ലായ്മ ആപല്‍ക്കരമാംവിധം തുടരുന്നു, അസമത്വവും അപകടരമായ നിലയിലേക്ക് വളര്‍ന്നു. ലോകത്തുള്ള എട്ട് ധനാഢ്യര്‍ സ്വന്തമാക്കിയ ആസ്തി ലോകജനസംഖ്യയിലെ പകുതി പേരുടെ ആസ്തിക്ക് തുല്യം. പ്രതിസന്ധി മറികടക്കാനും ലാഭം സംരക്ഷിക്കാനും അത് വര്‍ധിപ്പിക്കാനും ഭരണവര്‍ഗം നിരന്തരം ശ്രമിക്കുന്നത് അധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതമാര്‍ഗങ്ങള്‍ക്കും അവര്‍ പൊരുതി നേടിയ അവകാശങ്ങള്‍ക്കുംമേല്‍ കടന്നാക്രമണം നടത്തിക്കൊണ്ടാണ്. അതിനായവര്‍ രാഷ്ട്രത്തിന്റെ ആസ്തികള്‍ കൊള്ളയടിക്കാന്‍ ദേശീയ-ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. ഇത് ആത്യന്തികമായി നിരര്‍ഥകവും വിപരീതഫലമുളവാക്കുന്നതുമാണ്.

ആഗോള സാമ്പത്തികപ്രതിസന്ധി സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ ആഘാതമാണ് ബ്രെക്സിറ്റിലും യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട ഇറ്റലിയിലും ഗ്രീസിലും തുടരുന്ന അനിശ്ചിതാവസ്ഥ. ഫ്രാന്‍സ്, ഓസ്ട്രിയ, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ വലതുപക്ഷത്തിന്റെ ഉദയത്തിലും പാശ്ചാത്യരാജ്യങ്ങളില്‍ പ്രത്യേകിച്ച് അമേരിക്കയില്‍ കുടിയേറ്റ- പ്രവാസി തൊഴിലാളികള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുംനേരെയുള്ള വംശീയ ആക്രമണങ്ങളിലും  ഇതുതന്നെയാണ് പ്രതിഫലിക്കുന്നത്.

അമൂല്യമായ മനുഷ്യവിഭവത്തെ ക്രിയാത്മകമായി വിനിയോഗിച്ച് മനുഷ്യരാശിയുടെയാകെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ മുതലാളിത്തസംവിധാനം സമ്പൂര്‍ണമായി പരാജയപ്പെട്ടു. തൊഴിലില്ലായ്മയും തൊഴില്‍രഹിതവളര്‍ച്ചയും അസഹനീയമായി ഉയര്‍ന്നു. പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ഉല്‍ക്കണ്ഠയില്ലാതെ പ്രകൃതിവിഭവം കൊള്ളയടിക്കുന്നതും തദ്ദേശ ജനവിഭാഗങ്ങളും ആദിവാസികളുമടക്കം ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം മുതലാളിത്തം തട്ടിയെടുക്കുന്നതും ഈ വ്യവസ്ഥയ്ക്ക് സുസ്ഥിരവികസനം പ്രദാനംചെയ്യാനാകില്ലെന്നതിന്റെ സൂചനയാണ്.

വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ശാസ്ത്രസാങ്കേതിക വികസനത്തിന്റെ വമ്പിച്ച മുന്നേറ്റം അപ്രാപ്യമാകുന്നതിന് കാരണം മുതലാളിത്തവ്യവസ്ഥയുടെ ലാഭത്തിനോടുള്ള അത്യാര്‍ത്തിയാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനം ദാരിദ്യ്രത്തിലും നിരക്ഷരതയിലും രോഗാവസ്ഥയിലും പാര്‍പ്പിടമില്ലായ്മയിലും അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തതയിലും കഷ്ടപ്പെടുകയാണ്. റോബോട്ടിക്സ്, കൃത്രിമ ഇന്റലിജന്‍സ് തുടങ്ങിയ പുത്തന്‍ സാങ്കേതികവിദ്യകള്‍ തൊഴിലാളികളുടെ ജോലിഭാരം ലഘൂകരിക്കാനല്ല, തൊഴിലാളികള്‍ക്ക് പകരം വയ്ക്കാനാണ് ഉപയോഗിക്കുന്നത്. ഉല്‍പ്പാദനക്ഷമത ഇതുമൂലം വര്‍ധിക്കുമെങ്കിലും ഇപ്പോള്‍ ത്തന്നെ ദയനീയാവസ്ഥയിലുള്ള തൊഴിലില്ലായ്മ കൂടുതല്‍ അപകടകരമായ അവസ്ഥയിലാകും.

തൊഴിലവസരം സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ദിവസം നാലു ഷിഫ്റ്റുകളിലായി ആഴ്ചയില്‍ 35 മണിക്കൂറായി തൊഴില്‍സമയം കുറയ്ക്കണമെന്ന് സിഐടിയു ആവശ്യപ്പെടുന്നു. ലോകമൊട്ടാകെ തൊഴിലില്ലായ്മപ്രശ്നം, പ്രത്യേകിച്ച് യുവാക്കളിലെ തൊഴിലില്ലായ്മപ്രശ്നം കൈകാര്യംചെയ്യുന്നതിന് ഈ ആവശ്യം അടിയന്തരമായി പരിഗണിക്കണം.

തൊഴിലാളികളും കര്‍ഷകരും യുവജനങ്ങളും തൊഴില്‍രഹിതരും സ്ത്രീകളും ഉള്‍പ്പെടെ വിവിധ വിഭാഗം ജനങ്ങള്‍ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ  ഈ വ്യവസ്ഥയുടെ വികസനമാതൃകയില്‍ നിരാശരാണ്. ഈയിടെ ഹാവഡ് സര്‍വകലാശാല നടത്തിയ ഒരു സര്‍വേ കണ്ടെത്തിയത് അമേരിക്കയില്‍ 18 വയസ്സിനും 29 വയസ്സിനുമിടയ്ക്കുള്ള യുവാക്കളില്‍ 51 ശതമാനവും മുതലാളിത്ത വ്യവസ്ഥയെ പിന്തുണയ്ക്കുന്നില്ലെന്നാണ്. 39 ശതമാനവും പിന്തുണയ്ക്കുന്നത് സോഷ്യലിസത്തെയാണ്.

അമേരിക്കയിലെ മറ്റൊരു സര്‍വേ പ്രകാരം 39 ശതമാനവും മുതലാളിത്തത്തെ അനുകൂലിക്കുന്നില്ല. 33 ശതമാനം മുതലാളിത്തത്തെ അനുകൂലിക്കുമ്പോള്‍  36 ശതമാനം പേര്‍ സോഷ്യലിസത്തെ പിന്തുണയ്ക്കുന്നു. 32 ശതമാനം പേരാണ് സോഷ്യലിസത്തെ എതിര്‍ക്കുന്നത്.  ശക്തമായ ഒരു പുരോഗമന ഇടതുപക്ഷ ബദലിന്റെ അഭാവത്തില്‍ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും വലതുപക്ഷ, പിന്തിരിപ്പന്‍, പ്രതിലോമ, വംശീയശക്തികള്‍ ആധിപത്യം സ്ഥാപിക്കുകയും ജനരോഷത്തെ വഴി തിരിച്ചുവിട്ട് ജനങ്ങളെ പരസ്പരം കൊല്ലിക്കുന്ന തരത്തിലേക്ക് വളര്‍ത്തുന്നതിലും യുവാക്കള്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിലും സിഐടിയു ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്നു.

ഈ ജനരോഷത്തെ നവലിബറല്‍ നയങ്ങള്‍ക്കും മുതലാളിത്തവ്യവസ്ഥയ്ക്കും എതിരെയുള്ള ഐക്യത്തോടെയുള്ള സമരത്തിലേക്ക് മാറ്റേണ്ടതുണ്ട്. ചൂഷക മുതലാളിത്തവ്യവസ്ഥിതിയുടെയും അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരുടെയും യഥാര്‍ഥമുഖം തുറന്നുകാട്ടുന്നതിനായി എല്ലാ ശേഷിയും ഊര്‍ജവും ഉപയോഗിക്കും. മുതലാളിത്ത വ്യവസ്ഥയുടെ വേരറുക്കുന്നതിനും എല്ലാവിധം ചൂഷണവും അവസാനിപ്പിക്കുന്നതിനുമുള്ള അന്തിമസമരത്തിന് സജ്ജമാകും.

വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുകയും സംവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലകള്‍ക്കുംനേരെ വ്യാപകമാകുന്ന ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയരുന്ന സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. മൌലികാവകാശങ്ങളിലൊന്നായ ആവിഷ്കാരസ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിക്കാന്‍ വിദ്യാര്‍ഥികളും യുവാക്കളും ദളിതരും മറ്റു ജനവിഭാഗങ്ങളും നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിക്കുന്നു.

പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും അതിന്റെ ഗുണ്ടകളും ജനാധിപത്യ അവകാശങ്ങള്‍ക്കും ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കുംനേരെ നടത്തുന്ന കടന്നാക്രമണങ്ങളെ വീരോചിതമായി ചെറുക്കുന്ന തൊഴിലാളി വര്‍ഗത്തെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സിഐടിയു അഭിവാദ്യംചെയ്യുന്നു.

നവലിബറല്‍ നയങ്ങളുടെയും വിഷലിപ്തമായ വര്‍ഗീയ അജന്‍ഡയുടെയും അപകടകരമായ സംയുക്തത്തെക്കുറിച്ച് സിഐടിയു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. തൊഴിലാളികളെ അടിമതുല്യമായ ജീവിതസാഹചര്യങ്ങളിലേക്ക് നയിക്കാനും രാജ്യത്തെയും വിദേശത്തെയും കോര്‍പറേറ്റുകളെയും വന്‍കിട ബിസിനസ് സ്ഥാപനങ്ങളെയും സഹായിക്കാനുമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള സമരങ്ങളെ ദുര്‍ബലമാക്കാനും മതത്തിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും മറ്റും അടിസ്ഥാനത്തില്‍ അവരുടെ ഐക്യം തകര്‍ക്കാനുമാണ് അവര്‍ ലക്ഷ്യമിടുന്നത്.

കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ ദേശീയ- ബഹുരാഷ്ട്ര കേര്‍പറേറ്റുകള്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും വന്‍തോതില്‍ നികുതി ഇളവ് നല്‍കുന്നു. നികുതിയും വായ്പയും വെട്ടിക്കുന്നവര്‍ക്ക് സമ്മാനംനല്‍കി അവരെ പരിപോഷിപ്പിക്കുകയാണ്. ഒപ്പം തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത്്— വന്‍കിട ബിസിനസുകാരെ സഹായിക്കുന്നു. പൊതുമേഖലയും ഭൂമിയും ഖനികളും കടലുകളും കുന്നുകളും മലകളും കാടുകളും അടക്കമുള്ള നാടിന്റെ സ്വത്തുക്കളുടെയെല്ലാം നിയന്ത്രണം പരിധികളില്ലാത്ത ചൂഷണത്തിനായി വന്‍കിടക്കാര്‍ക്കായി കൈമാറുകയാണ് സര്‍ക്കാര്‍.

അതേസമയം ചോരയും വിയര്‍പ്പും ഒഴുക്കി രാജ്യത്തിനുവേണ്ടി ആസ്തിയുണ്ടാക്കുന്ന തൊഴിലാളി- കര്‍ഷക വിഭാഗങ്ങളില്‍ ഭൂരിഭാഗത്തെയും അടിമത്തത്തിലേക്കും ദാരിദ്യ്രത്തിലേക്കും നയിക്കുകയും അവരുടെ ഭൂമിയും തൊഴിലും അവകാശങ്ങളും ഉപജീവനമാര്‍ഗവും തട്ടിയെടുക്കുകയുമാണ്. നിയമവിരുദ്ധതയ്ക്ക് നിയമസാധുത നല്‍കുന്നതിനും ദേശീയവിഭവങ്ങളും സാമൂഹ്യക്ഷേമത്തിനുള്ള പണവും— കോര്‍പറേറ്റുകള്‍ക്ക് അഭംഗുരം കൊള്ളയടിക്കുന്നതിനുമായി  നിയമങ്ങള്‍ ഉണ്ടാക്കുന്നു.

ഐസിഡിഎസ്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, എന്‍ആര്‍എച്ച്എം, മിഡ്ഡേ മീല്‍ തുടങ്ങിയ പദ്ധതികളുടെയാകെ ഫണ്ട് വെട്ടിക്കുറച്ചു. കാര്‍ഷികപ്രതിസന്ധി രൂക്ഷമായി. കര്‍ഷക ആത്മഹത്യ തുടരുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ എന്നീ പേരുകളില്‍ കൊട്ടിഘോഷിച്ച് പദ്ധതികള്‍ നടപ്പാക്കുമ്പോഴും തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, അത് കുറയുകയുമാണ്.

ജനങ്ങളുടെ അടിസ്ഥാനപരമായ ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ ഗുരുതരമായ ആക്രമണം തുടരുകയാണ്. എതിര്‍ശബ്ദങ്ങള്‍ വിലക്കപ്പെടുന്നു. ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം ആര്‍എസ്എസിനും അതിന്റെകീഴിലെ വര്‍ഗീയ സംഘടനകള്‍ക്കും പശുസംരക്ഷണം, ആന്റി റോമിയോ സ്ക്വാഡ് എന്നീ പേരുകളില്‍ ജനങ്ങളെ, പ്രത്യേകിച്ച് മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്കുനേരെ ശാരീരികാക്രമണങ്ങള്‍ ശക്തിപ്പെടുത്താന്‍ അവസരം നല്‍കി. അവരുടെ ആശയങ്ങളെ എതിര്‍ക്കുന്ന പുരോഗമനാശയവും യുക്തിചിന്തയും ശാസ്ത്രീയചിന്തയുമുള്ളവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു.

സ്വാതന്ത്യ്രസമരത്തില്‍നിന്ന് വിട്ടുനിന്ന ആര്‍എസ്എസ് രാജ്യസ്നേഹത്തിന്റെയും ദേശീയതയുടെയും സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവരായി സ്വയം പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപര ഉടമ്പടിയുണ്ടാക്കി ഇന്ത്യയെ അവരുടെ സാമന്തരാജ്യമാക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാര്‍ ദേശാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഏകശക്തിയായി സ്വയം അവരോധിക്കുന്നതാണ് ഏറ്റവും വലിയ തമാശ.

ഭൂരിപക്ഷ-ന്യുനപക്ഷ വര്‍ഗീയതയും മതമൌലികവാദവും പരസ്പരം വളമേകി ശക്തിപ്പെടുകയാണെന്നും അത് ജനങ്ങളെ ഭിന്നിപ്പിക്കാനും അവരുടെ ഐക്യം ദുര്‍ബലപ്പെടുത്താനും യഥാര്‍ഥ ദൈനംദിന സംഭവങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതാണെന്നും സിഐടിയു നിരീക്ഷിക്കുന്നു. ഇത് അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള സമരങ്ങളെ ദുര്‍ബലമാക്കുകയും ഫലത്തില്‍ ചൂഷകശക്തികള്‍ക്ക് സഹായമേകുകയുംചെയ്യും.  ഹിന്ദുത്വശക്തികളുടെ വര്‍ഗീയ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ബദലായി ന്യൂനപക്ഷ മൌലികവാദവും തീവ്രവാദവും ശക്തിപ്പെടുന്നു. ഫലത്തില്‍ ഇവ രണ്ടും ചൂഷകവര്‍ഗത്തെയാണ് സഹായിക്കുന്നത്.

വര്‍ഗീയ തീവ്രവാദ ശക്തികള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യവും ജനങ്ങളുടെ ഐക്യവും സംരക്ഷിക്കാനുള്ള പോരാട്ടം കൂടുതല്‍ ഏകോപിതവും വിപുലവുമാക്കണമെന്നും അത് നവലിബറല്‍ നയങ്ങള്‍ക്കും അതിന്റെ രാഷ്ട്രീയ പ്രചാരകര്‍ക്കുമെതിരെയുള്ള സമരത്തില്‍ അത്യന്താപേക്ഷിതമാണെന്നുമുള്ള  ബോധ്യം സിഐടിയു ഉയര്‍ത്തിപ്പിടിക്കുന്നു.

നവലിബറല്‍ ക്രമവും മുതലാളിത്തവ്യവസ്ഥയും സദാ തീവ്രമാക്കിക്കൊണ്ടിരിക്കുന്ന ചൂഷണത്തെ നേരിടാന്‍ തൊഴിലാളികളും ദരിദ്രകര്‍ഷകരും  കര്‍ഷകത്തൊഴിലാളികളും അടക്കമുള്ള എല്ലാ വിഭാഗങ്ങളുടെയും ഐക്യം—സിഐടിയു ഉയര്‍ത്തിപ്പിടിക്കുന്നു.

തൊഴിലില്ലാത്തവരും യുവജനങ്ങളുമെല്ലാം അടങ്ങുന്ന എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ഒരുമിപ്പിച്ച് ഭരണവര്‍ഗം നടപ്പാക്കുന്ന നവലിബറല്‍ അജന്‍ഡയ്ക്കെതിരായും  ഒറ്റക്കെട്ടായ സമരം ഉറപ്പാക്കുന്നതിനും മതം, ജാതി, പ്രദേശം, ലിംഗം തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ഐക്യം തകര്‍ക്കാനുള്ള നീക്കം ചെറുക്കേണ്ടതിനും തൊഴിലാളിവര്‍ഗം മുന്നില്‍ നില്‍ക്കണം.

നവലിബറിലസത്തിനും വര്‍ഗീയതയ്ക്കും മതമൌലികവാദത്തിനും അവയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ശക്തികള്‍ക്കുമെതിരെയുള്ള അധ്വാനിക്കുന്ന ജനങ്ങളിലെ എല്ലാ വിഭാഗത്തെയും അണിനിരത്തി സമരം കെട്ടിപ്പടുത്ത് ഇടതു ജനാധിപത്യ ബദലിന് അനകൂലമായവിധം വര്‍ഗശക്തികളുടെ അന്യോന്യബന്ധത്തില്‍ സമഗ്ര മാറ്റം വരുത്തേണ്ട ഉത്തവാദിത്തം നമ്മളുടേതാണെന്ന ബോധ്യം സിഐടിയുവിനുണ്ട്.

കര്‍ഷകരും  കര്‍ഷകത്തൊഴിലാളികളും തൊഴിലില്ലാത്തവരും യുവജനങ്ങളുമെല്ലാം അടങ്ങുന്ന എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ഒരുമിപ്പിച്ച് ഭരണവര്‍ഗം നടപ്പാക്കുന്ന നവലിബറല്‍ അജന്‍ഡയ്ക്കെതിരായും ഒറ്റക്കെട്ടായ സമരം ഉറപ്പാക്കുന്നതിനും മതം, ജാതി, പ്രദേശം, ലിംഗം തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ഐക്യം തകര്‍ക്കാനുള്ള നീക്കം ചെറുക്കേണ്ടതിനും തൊഴിലാളിവര്‍ഗം മുന്നില്‍ നില്‍ക്കണം.
തൊഴിലാളികളുടെയും ജനങ്ങളുടെയും ഐക്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലും രാജ്യതാല്‍പ്പര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്ന് സിഐടിയു ഉറപ്പുനല്‍കുന്നു.

  • ഈ മെയ്ദിനത്തില്‍ ഇന്ത്യയിലെ 
    തൊഴിലാളി വര്‍ഗത്തോടുള്ള
    സിഐടിയുവിന്റെ  ആഹ്വാനം

നിലനില്‍ക്കുന്നതോ ഇല്ലാത്തതോ എന്ന ഭേദമില്ലാതെയും ട്രേഡ് യൂണിയന്‍ അഫിലിയേഷന്‍ പരിഗണിക്കാതെയും മതവും പ്രദേശവും ജാതിയും ഭാഷയും ലിംഗഭേദവും നോക്കാതെയും സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ രാജ്യവിരുദ്ധവുമായ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ സമരം ശക്തവും വിപുലവുമാക്കണം.

അവകാശങ്ങളും തൊഴിലും ഉപജീവനമാര്‍ഗവും ജീവിതസാഹചര്യങ്ങളും തകര്‍ക്കുന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ ഏത് വിഭാഗം, ഏത് സംസ്ഥാനം എന്ന ഭേദങ്ങളില്ലാതെ ഐക്യദാര്‍ഢ്യം ശക്തമാക്കണം.

നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെയുള്ള സമരങ്ങളില്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കൈവേലക്കാര്‍, മറ്റു ഗ്രാമീണ തൊഴിലാളികള്‍ എന്നിവരടക്കം അധ്വാനിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യം ഉറപ്പാക്കി നവലിബറല്‍ നയങ്ങള്‍ക്കുമേലുള്ള വിജയം ഉറപ്പാക്കണം.

തൊഴിലാളിവര്‍ഗത്തിന്റെയും എല്ലാ മേഖലയിലുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെയും യഥാര്‍ഥ ശത്രു മുതലാളിത്തവ്യവസ്ഥയും അതിന്റെ രാഷ്ട്രീയവും അതിനെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളുമാണെന്ന് തിരിച്ചറിയുകയും ഈ ചൂഷണവ്യവസ്ഥയ്ക്കെതിരെയുള്ള സമരത്തില്‍ അവരെ സ്വയം സജ്ജമാക്കുകയുംചെയ്യേണ്ടതുണ്ട്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളെക്കുറിച്ചും ഏകാധിപത്യപ്രവണതകളെക്കുറിച്ചും അവരെ അവബോധമുള്ളവരാക്കുക.

ജനങ്ങളെ ഭിന്നിപ്പിക്കാനും വേഷത്തിന്റെയോ നിറത്തിന്റെയോ പേരില്‍ അവരുടെ ഐക്യംതകര്‍ക്കാനുമുള്ള എല്ലാ ശ്രമങ്ങളെക്കുറിച്ചും ജാഗരൂകരാകുകയും ഇത്തരം ശ്രമങ്ങളുണ്ടായാല്‍ സത്വരമായ  ഇടപെടല്‍ ഉറപ്പാക്കുകയും ചെയ്യണം.

2017ലെ ഈ മെയ്ദിനത്തില്‍ ഈ മുദ്രാവാക്യങ്ങള്‍ക്കായി സിഐടിയു ശബ്ദമുയര്‍ത്തുകയും പിന്തുണയര്‍പ്പിക്കുകയും ചെയ്യുന്നു.

* തൊഴിലാളിവര്‍ഗത്തിന്റെ
സാര്‍വദേശീയ ഐക്യദാര്‍ഢ്യം
* ചൂഷണത്തിനും അടിച്ചമര്‍ത്തലിനും
എതിരെയുള്ള ഐക്യം
* മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ
* സാമ്രാജ്യത്വം നയിക്കുന്ന നവലിബറല്‍
ആഗോളവല്‍ക്കരണം തുലയട്ടെ
* സോഷ്യലിസം നീണാള്‍ വാഴട്ടെ
* ലോകമെങ്ങുമുള്ള തൊഴിലാളികള്‍
ഐക്യപ്പെടട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News