കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; പ്രതിഷേധം ഡബിള്‍ ഡ്യൂട്ടി സംവിധാനം ഒഴിവാക്കിയതിനെ തുടര്‍ന്ന്

തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ എംഡിയ്ക്ക് കത്ത് നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി സംവിധാനം നിറുത്തലാക്കികൊണ്ടുള്ള ഉത്തരവ് കെഎസ്ആര്‍ടിസി എംഡി കഴിഞ്ഞദിവസം എല്ലാ ഡിപ്പോകളിലേക്കും സര്‍ക്യുലേറ്റ് ചെയ്തിരുന്നു. ഇതനുസരിച്ച് ഡ്യൂട്ടി പുനഃക്രമീകരിച്ചുള്ള ജീവനക്കാരുടെ ജോലി ക്രമവും ഡിപ്പോകളില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷേ പുനഃക്രമീകരിച്ച ഡ്യൂട്ടി പ്രകാരം ജോലി ചെയ്യാനാവില്ലെന്നാണ് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ പറയുന്നത്.

തങ്ങളുടെ ആവശ്യം മാനേജ്‌മെന്റ് മുഖവിലക്കെടുക്കാത്ത പശ്ചാത്തലത്തിലാണ് മിന്നല്‍ പണിമുടക്കിലേക്ക് കടന്നത്. ഡ്യൂട്ടി പുനഃക്രമീകരണം മാറ്റിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡബിള്‍ ഡ്യൂട്ടിയിലൂടെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നുദിവസം എത്തിയാല്‍ മതിയെന്ന സൗകര്യമാണ് ഡ്യൂട്ടി പുനഃക്രമീകരണത്തിലൂടെ ഇല്ലാതായിരിക്കുന്നത്. ദൈനംദിന അറ്റകുറ്റപണി വിഭാഗത്തിലെ ജീവനക്കാര്‍ക്ക് വൈകിട്ട് നാലിനാണ് ഡ്യൂട്ടി തുടങ്ങുന്നത്. ഭൂരിഭാഗം ബസുകളും രാത്രി എട്ടിനാണ് സര്‍വ്വീസ് പൂര്‍ത്തിയാക്കി എത്തുക. അതുവരെ ജീവനക്കാര്‍ പണിയില്ലാതെ ഇരിക്കണം. ഇതൊഴിവാക്കാനാണ് പുതിയ നടപടിയെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഉച്ചക്ക് രണ്ടു മുതല്‍ 10 വരെയും രാത്രി 10 മണിമുതല്‍ രാവിലെ ആറുമണിവരെ, ആറു മുതല്‍ രണ്ടു മണിവരെ എന്നിങ്ങനെയാണ് പുതിയ ഡ്യൂട്ടി രീതി. പുതിയ സംവിധാനത്തില്‍ ജീവനക്കാര്‍ക്ക് ആറു ദിവസവും ഡ്യൂട്ടിക്ക് ഹാജരാകണം. പക്ഷേ ഇത് അംഗീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായിട്ടില്ല. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരമെന്നും കെഎസ്ആര്‍ടിസി എംഡി ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News