കര്‍ണന്റെ തിരിച്ചടി; സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരുടെ മാനസികനില പരിശോധിക്കണമെന്ന് ഉത്തരവ്; തന്നെ പരിശോധിക്കാന്‍ വന്നാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ബംഗാള്‍ ഡിജിപിക്ക് മുന്നറിയിപ്പ്

ദില്ലി: തന്റെ മാനസികനില പരിശോധിക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് മറുപടിയുമായി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണന്‍. സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരുടെ മാനസികനില പരിശോധിക്കണമെന്ന് കര്‍ണന്‍ ഉത്തരവിട്ടു. തന്നെ പരിശോധിക്കാന്‍ വന്നാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് പശ്ചിമബംഗാള്‍ ഡിജിപിക്കും കര്‍ണന്‍ മുന്നറിയിപ്പ് നല്‍കി.

കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. മേയ് അഞ്ചിന് പരിശോധന നടത്തി മേയ് എട്ടിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ ഡിജിപി മേല്‍നോട്ടം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ കര്‍ണന്‍ മറുപടി നല്‍കിയിരിക്കുന്നത്.

ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്. നടപടിയെ തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു സുപീംകോടതി ജഡ്ജിമാര്‍ക്ക് വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. മറ്റൊരു ഉത്തരവില്‍ വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്താനും ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here