ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ രാജ്യത്തിന്റെ അഭിമാനമായി മുഹമ്മദ് അനസ്; മലയാളി താരത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 400 മീറ്ററില്‍; മത്സരത്തിന്റെ വീഡിയോ കാണാം

തായ്‌പേയ് സിറ്റി : ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍പ്രി അവസാന പാദ അത്‌ലറ്റിക്‌സില്‍ മലയാളി താരം മുഹമ്മദ് അനസിന് സ്വര്‍ണ്ണം. 400 മീറ്ററിലാണ് അനസ് സ്വര്‍ണ്ണം നേടിയത്. സീസണിലെ ആദ്യ രാജ്യാന്തര മത്സരത്തില്‍ 45.69 സെക്കന്‍ഡിലാണ് അനസിന്റെ സ്വര്‍ണ്ണനേട്ടം.

ഈയിനത്തില്‍ ദേശീയ റെക്കോര്‍ഡുകാരനാണ് കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസ്. അനസിന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമയമാണിത്. രണ്ടു ചൈനീസ് നഗരങ്ങളില്‍ നടന്ന ആദ്യ രണ്ടു പാദങ്ങളില്‍ വീസ പ്രശ്‌നം മൂലം മുഹമ്മദ് അനസിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക് കൈവരിക്കാനായില്ല. 45.40 സെക്കന്‍ഡാണ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക്. ഇതേസമയത്തിലാണ് അനസിന്റെ ദേശീയ റെക്കോര്‍ഡ്. ദേശീയ റെക്കോഡ് പ്രകടനം ആവര്‍ത്തിച്ചെങ്കില്‍ അനസിന് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനാകുമായിരുന്നു.

അത്‌ലറ്റിക് മീറ്റില്‍ ഷോട്ട് പുട്ട് താരം ഓം പ്രകാശ് കര്‍ഹാനയും സ്വര്‍ണ്ണം നേടി. ടിന്റു ലൂക്ക (800 മീറ്റര്‍), ജിന്‍സണ്‍ ജോണ്‍സണ്‍ (800 മീറ്റര്‍), മന്‍പ്രീത് കൗര്‍ (ഷോട്ട്പുട്ട്), ദ്യുതിചന്ദ് (100 മീറ്റര്‍) എന്നിവര്‍ വെള്ളിയും നീരജ് ചോപ്ര (ജാവലിന്‍ ത്രോ), എംആര്‍ പൂവമ്മ (400മീ) എന്നിവര്‍ വെങ്കലവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here