കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനം; പദ്ധതി നടപ്പാക്കിയതിന് ചെലവായത് 174 കോടി രൂപ; പൂര്‍ത്തീകരിച്ചത് ഒട്ടേറെ വെല്ലുവിളി നേരിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം മാറി. 174 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വിവിധ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇതോടെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിച്ച ആദ്യ സംസ്ഥാനമായി കേരളം. വൈദ്യുതി വകുപ്പിന്റെ തനതുഫണ്ട്, എംഎല്‍എമാരുടെ പ്രാദേശിക ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവ ഇതിനായി ഉപയോഗിച്ചു. പട്ടികജാതി – പട്ടികവര്‍ഗ വകുപ്പിന്റെ ധനസഹായവും പദ്ധതിക്ക് വേണ്ടി ചെലവിട്ടു.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമമാണ് ഇതോടെ പൂര്‍ണ്ണതയിലെത്തിയത്. പാലക്കാട്, തൃശൂര്‍, എറണാകുളം ആലപ്പുഴ എന്നീ നാല് ജില്ലകള്‍ നേരത്തെ ലക്ഷ്യം കൈവരിച്ചു. 2012ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതി ഭരണത്തുടര്‍ച്ചയില്ലാത്തതുമൂലം നടന്നില്ല.

സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണ ശ്രമങ്ങള്‍ക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ടായി. ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലാത്ത പ്രദേശങ്ങളില്‍ സോളാര്‍ അടക്കമുള്ള പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചു. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ കുറവുള്ള വീടുകള്‍ക്ക് വീട്ടുനമ്പറോ മറ്റ് കൈവശാവകാശ രേഖകളോ ഇല്ലെങ്കിലും കണക്ഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിച്ചു.

വീട് വയര്‍ ചെയ്യുവാന്‍ ശേഷിയില്ലാത്ത വീടുകളില്‍ അത് പരിഹരിച്ചു. ഇതിനായി സന്നദ്ധസംഘടകളും ജീവനക്കാരുടെ സംഘടനകളും മുന്നോട്ടു വന്നു. മുപ്പതിനായിരത്തോളം വീടുകളുടെ വയറിങ്ങ് വൈദ്യുതി ബോര്‍ഡ് നേരിട്ട് ചെയ്തു. വൈദ്യുതിവകുപ്പിന്റെ കൃത്യമായ ആസൂത്രണവും നിരന്തരമായ അവലോകനവും ജീവനക്കാരുടെ കൂട്ടായ പരിശ്രമവുമാണ് ഇത് സാധ്യമാക്കിയതെന്നും പിണറായി വിജയന്‍ ഫേസ്ബുക് പേജില്‍ പറഞ്ഞു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here