ദില്ലി തോല്‍വിക്ക് പിന്നാലെ ആംആദ്മിയില്‍ ഉള്‍പ്പോര് രൂക്ഷം; കെജ്‌രിവാളിനെ നീക്കി കണ്‍വീനര്‍ സ്ഥാനം തരപ്പെടുത്താന്‍ കുമാര്‍ ബിശ്വാസിന്റെ ശ്രമമെന്ന് ആരോപണം

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമാകുന്നു. നേതാക്കളുടെ പരസ്യപ്രസ്താവനകളാണ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്. പ്രശ്‌നപരിഹാരം തേടി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി അരവിന്ദ് കെജ്‌രിവാള്‍ ചര്‍ച്ച നടത്തി.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസ് അരവിന്ദ് കെജ്‌രിവാളിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന പാര്‍ട്ടി എംഎല്‍എ അംനത്തുള്ള ഖാന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അരവിന്ദ് കെജ്‌രിവാളിനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കം ആ സ്ഥാനം തരപ്പെടുത്താന്‍ കുമാര്‍ ബിശ്വാസ് തന്ത്രങ്ങല്‍ മെനയുന്നു എന്നാണ് അംനത്തുള്ള ഖാന്റെ ആരോപണം.

പാര്‍ട്ടി കണ്‍വീനറാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അണികള്‍ക്കൊപ്പം ബിജെപിയില്‍ ചേരാനാണ് കുമാര്‍ ബിശ്വാസിന്റെ പദ്ധതിയെന്നും ആംആദ്മി എംഎല്‍എ വെളിപ്പെടുത്തി. എന്നാല്‍ അംനത്തുള്ള ഖാന്റെ ആരോപണങ്ങള്‍ തള്ളിയ അരവിന്ദ് കെജ്‌രിവാള്‍ കുമാര്‍ ബിശ്വാസിനെ പിന്തുണയ്ക്കുകയും ചെയ്തു. കുമാര്‍ ബിശ്വാസിനെ തന്റെ ഇളയ സഹോദരനെന്ന് വിശേഷിപ്പിച്ച കെജ്‌രിവാള്‍ ചില പാര്‍ട്ടി ശത്രുക്കള്‍ തങ്ങളെ തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

പരസ്യമായി കുമാര്‍ ബിശ്വാസിനെ പിന്തുണച്ചെങ്കിലും അംനത്തുള്ള ഖാന്റെ ആരോപണങ്ങളെ ഗൗരവമായി തന്നെ കാണുന്നു എന്ന സൂചന നല്‍കിയാണ് കെജ്‌രിവാള്‍ മുതിര്‍ന്ന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തത്. പഞ്ചാബ്, ഗോവ, ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, രജൗര് ഗാര്‍ഡന്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃമാറ്റം ചര്‍ച്ച ചെയ്യണമെന്ന് കുമാര്‍ ബിശ്വാസ് ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര കലങ്ങള്‍ പരിഹരിച്ച് നേതാക്കളെ യോജിപ്പോടെ കൊണ്ടു പോകാനുള്ള ശ്രമമാണ് കെജ്‌രിവാള്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here