കേരളാ പൊലീസിനെ അഭിനന്ദിച്ച് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്; നടുറോഡില്‍ അപമാനിക്കപ്പെട്ട നേതാവിന് മിനിറ്റുകള്‍ക്കുള്ളില്‍ നീതി; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: നടുറോഡില്‍ അപമാനിക്കപ്പെട്ട കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരിക്ക് നീതി ഉറപ്പാക്കി കേരള പൊലീസ്.തന്നെ അപമാനിച്ച യുവാക്കളെ, പരാതി നല്‍കി 20 മിനുട്ടിനുള്ളില്‍ മങ്കട പൊലീസ് പിടികൂടി മാതൃകയായെന്ന് ജസ്‌ല പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കേരള പൊലീസിന്റെ ജാഗ്രതയെ അഭിനന്ദിച്ചു കൊണ്ട് ജസ്‌ല രംഗത്തെത്തിയത്.

മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജസ്‌ലയെ മൂന്നു യുവാക്കള്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയത്. പല തവണ ബൈക്കില്‍, അവരുടെ വാഹനം ഉപയോഗിച്ച് കുത്തിക്കാന്‍ ശ്രമിച്ചെന്നും നിരവധി തവണ തന്നോട് അസഭ്യം പറയുകയും ചെയ്തുവെന്നും ജസ്‌ല പറയുന്നു. സംഭവത്തില്‍ ഭയന്ന ജസ്‌ല യുവാക്കളുടെ വാഹനത്തിന്റെ നമ്പര്‍ നോട്ട് ചെയ്ത് മങ്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പരാതി നല്‍കി 20 മിനിറ്റിനുള്ളില്‍ ശല്യം ചെയ്ത യുവാക്കളെ പിടികൂടിയെന്ന് അറിയിച്ച് മങ്കട പൊലീസ് വിളിക്കുകയായിരുന്നെന്നും ജസ്‌ല പറയുന്നു. തന്നോട് പൊലീസ് കാണിച്ച ജാഗ്രതയിലും പരിഗണനയിലും അഭിന്ദിക്കുന്നുവെന്നും ജസ്‌ല വീഡിയോയില്‍ പറയുന്നു. പൊലീസിനെ അഭിനന്ദിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജസ്‌ല വ്യക്തമാക്കി. സമാന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പതറിപ്പോവരുതെന്നും വാഹനത്തിന്റെ നമ്പറും വിവരങ്ങളും ഓര്‍ത്തുവെച്ച് പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ജസ്‌ല വീഡിയോയിലൂടെ പറയുന്നു.

ജസ്‌ലയുടെ പരാതിയില്‍ മലപ്പുറം വെള്ളില സ്വദേശികളായ ഷഫീഖ് അലി (23), നൗഫല്‍ (27), അബ്ദുള്ള (20) എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here