57ാം വയസില്‍ പ്രസവിച്ച ജീവനക്കാരിയെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു; ജോലിയോട് ആത്മാര്‍ത്ഥതയില്ലെന്ന് വാദം

ദില്ലി: ദീര്‍ഘനാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ 57ാം വയസില്‍ അമ്മയായ റെയില്‍വേ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. പ്രസവാവധിക്ക് ശേഷം കുട്ടികളെ പരിപാലിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന രണ്ട് വര്‍ഷത്തെ അവധിക്കായി പോരാടിയ ദില്ലി സ്വദേശി സഫലാ ദേവിയെയാണ് വിരമിക്കലിന് ഏതാനും ദിവസം മുമ്പ് റെയില്‍വേ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.

റെയില്‍വേയുടെ സഹസ്ഥാപനമായ റൈറ്റ്‌സിലെ മാനേജരായിരുന്ന സഫലാ ദേവി. 31 വര്‍ഷത്തെ സര്‍വീസുള്ള സഫലാ ദേവിക്ക് സസ്‌പെന്‍ഷനെ തുടര്‍ന്ന് വിരമിക്കല്‍ ആനുകൂല്യങ്ങളെല്ലാം നഷ്ടമാകും. കേന്ദ്ര ജീവനക്കാര്‍ക്ക് ആറാം ശമ്പള കമ്മീഷനാണ് പ്രസവശേഷം കുട്ടികളെ പരിപാലിക്കുന്നതിനായി രണ്ട് വര്‍ഷത്തെ ചൈല്‍ഡ് കെയര്‍ ലീവ് (സിസിഎല്‍) അനുവദിച്ചത്. അന്‍പത്തിയേഴാം വയസില്‍ അമ്മയായ സഫലാദേവി തന്റെ മകന്‍ വൈരാജിനെ പരിചരിക്കുന്നതിനായി സിസിഎല്ലിന് അപേക്ഷിച്ചെങ്കിലും അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം അപേക്ഷ നല്‍കി എട്ടുമാസം കഴിഞ്ഞിട്ടും ലീവ് കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ അനുമതിയില്ലാതെ അവധിയെടുത്തു. തന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷനെയും ഇവര്‍ സമീപിച്ചു. സഫലയുടെ ആവശ്യം ന്യായമാണെന്നും അവധി അനുവദിക്കേണ്ടതാണെന്നും കാട്ടി ഏപ്രില്‍ 5ന് വനിതാ കമ്മീഷന്‍ റെയില്‍വേയ്ക്ക് ഉത്തരവ് നല്‍കി.

സഫലാ ദേവിക്ക് ജോലിയോട് ആത്മാര്‍ത്ഥതയില്ലെന്നും ലീവ് ലഭിക്കുന്നതിനായി അമിത സമ്മര്‍ദം ചെലുത്തിയെന്നും കുറ്റപ്പെടുത്തിയ റെയില്‍വേ അധികൃതര്‍ 31 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇവര്‍ 13 വര്‍ഷത്തെ അവധിയെടുത്തിട്ടുണ്ടെന്നും ഇനി അവധി നല്‍കാന്‍ കഴിയില്ലെന്നുമുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു. അനധികൃത അവധിയുടെ പേരില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 12 ലക്ഷം രൂപ മെഡിക്കല്‍ അലവന്‍സായി നല്‍കിയിട്ടുണ്ടെന്നും റൈറ്റ്‌സ് അധികൃതര്‍ അവകാശപ്പെട്ടു. എന്നാല്‍ റെയില്‍വേയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നും ലീവെടുത്തുവെന്ന് അധികൃതര്‍ പറയുന്ന കാലയളവിലെ ശമ്പള ബില്ലുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സഫലയുടെ ഭര്‍ത്താവ് ഭാട്ടിയ അവകാശപ്പെട്ടു. സഫലയ്ക്ക് നീതി ലഭ്യമാക്കണമെന്നും പ്രായമായവര്‍ പ്രസവിക്കരുതെന്ന് നിയമത്തില്‍ പറയുന്നില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News