ദില്ലി : രണ്ട് സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാന്‍ നടപടിക്കെതിരെ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചതായാണ് സൂചന. അതേസമയം ഇന്ത്യന്‍ സൈനികരോട് ക്രൂരത കാട്ടിയ പാക് സേനയ്‌ക്കൊപ്പം ഭീകരവും ഉണ്ടെന്ന് ബിഎസ്എഫ് ആരോപിച്ചു.
മിലിറ്ററി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ എകെ ഭട്ട് പാകിസ്താന്‍ മിലിട്ടറി ഓപ്പറേഷന്‍ ഡിജിയെ പ്രതിഷേധം അറിയിച്ചു. മൃതദേഹങ്ങള്‍ വികൃതമാക്കിയ നടപടി മനുഷ്യത്വ രഹിതവും ഭീരുത്വവുമാണെന്ന് ഇന്ത്യ അറിയിച്ചു. പാകിസ്താന്‍ തക്കതായ തിരിച്ചടി അര്‍ഹിക്കുന്നതായും മുന്നറിയിപ്പ് നല്‍കി.
രണ്ട് സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും തിരിച്ചടി നല്‍കുമെന്നും പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്താമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ജയ്റ്റ്‌ലി സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഇന്ത്യന്‍ സൈനികരോട് ക്രൂരത കാട്ടിയ പാക് സേനാവിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ ഭീകരരും ഉള്‍പ്പെട്ടതായി ബിഎസ്എഫ് ആരോപിച്ചു.
പതിവായുള്ള അതിര്‍ത്തി പരിശോധനയ്ക്ക് പോയപ്പോഴാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ ഭാഗത്ത് ഒളിച്ചിരുന്ന ഭീകരരും പാക് സൈന്യത്തോടൊപ്പം ഇന്ത്യന്‍ സൈനികരെ ആക്രമിക്കുകയായിരുന്നുവെന്നും ബിഎസ്എഫ് പശ്ചിമ കമാന്‍ഡിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെഎന്‍ ചൗധരി പറഞ്ഞു.
പാക്കിസ്ഥാന്‍ പ്രകോപനത്തിനു ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. നിയന്ത്രണ രേഖയുടെ പല ഭാഗത്തും വെടിവയ്പ്പുണ്ടായി.
Get real time update about this post categories directly on your device, subscribe now.