സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; വിധിയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടും; സെന്‍കുമാര്‍ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയെന്നും സംശയം

തിരുവനന്തപുരം : ടിപി സെന്‍കുമാര്‍ കേസില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. കോടതി വിധിയില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട്  ഇന്ന് ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

സെന്‍കുമാര്‍ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു. നിയമസഭയില്‍ പ്രതിപക്ഷം ഉദ്ധരിച്ച രേഖകള്‍ ചോര്‍ത്തിയതാണെന്ന് സംശയമുണ്ട്. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് രേഖകള്‍ ചോര്‍ന്നതില്‍ അസ്വഭാവികതയുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.

സെന്‍കുമാര്‍ ചോര്‍ത്തി നല്‍കിയ രേഖകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ സംസാരിച്ചത്. ഇത് സെന്‍കുമാറിന്റെ സര്‍ക്കാര്‍ വിരുദ്ധ നീക്കമാണ് എന്നും സര്‍ക്കാര്‍ കരുതുന്നു. ഇങ്ങനെ വിശ്വസിക്കാനാവാത്ത ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ഡിജിപി സ്ഥാനത്ത് നിയമിക്കുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം, സംസ്ഥാന പൊലീസ് മേധാവി ആരാണെന്ന് ചോദിച്ചു കൊണ്ട് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ ബഹളം തുടരുകയാണ്. ഡിജിപി ആര് എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബാനറും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ബഹളം. അംഗങ്ങള്‍ ശാന്തരാവണമെന്നും ചോദ്യോത്തരവേള സുഗമമായി നടക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കിയതോടെ പ്രതിപക്ഷം സീറ്റുകളില്‍ ഇരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here