ആര്‍എസ്എസ്-ബിജെപി ഭീഷണി ചെറുക്കാന്‍ വിശാലവേദി | എസ് രാമചന്ദ്രന്‍പിള്ള

രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളെയും നരേന്ദ്രമോഡി ഭരണം മൂര്‍ച്ഛിപ്പിച്ചു. മോഡിഭരണം ഉയര്‍ത്തുന്ന ആപത്തുകളില്‍നിന്ന് ജനങ്ങളെയും രാജ്യത്തെയും എങ്ങനെ രക്ഷിക്കാമെന്നത് പുരോഗമന ജനാധിപത്യശക്തികളുടെ മുന്നിലെ പ്രധാന രാഷ്ട്രീയപ്രശ്നമാണ്.

കോണ്‍ഗ്രസ് ഭരണം തുടങ്ങിവച്ച മുതലാളിത്ത വികസനവും നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും അത്യാവേശപൂര്‍വം നടപ്പാക്കാനാണ് മോഡി ശ്രമിക്കുന്നത്. ഇന്ത്യന്‍ കുത്തകകളും വിദേശകുത്തകകളും മോഡിഭരണത്തില്‍ അങ്ങേയറ്റം സംതൃപ്തരാണ്.  അതാണ് അവര്‍ മോഡിഭരണത്തിന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന അസംബ്ളി തെരഞ്ഞെടുപ്പുകളിലും അവര്‍ നല്‍കിയ ധനത്തിന് കൈയും കണക്കുമില്ല. നിശ്ചയദാര്‍ഢ്യത്തോടെ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണാധികാരിയായി മോഡിയെ കോര്‍പറേറ്റുകളും ധനികവിഭാഗവും കാണുന്നു.

തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെമേല്‍ ധനികവിഭാഗങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ചൂഷണം കൂടുതല്‍ തീവ്രമാക്കാന്‍ മോഡിഭരണത്തില്‍ കഴിയുന്നു. അതിന്റെ ഫലമായി തൊഴിലെടുക്കുന്നവരുടെ യഥാര്‍ഥ വരുമാനം ഇടിയുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. നാടനും വിദേശീയരുമായ കോര്‍പറേറ്റുകള്‍ പ്രകൃതിവിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഒന്നൊന്നായി കൈയടക്കുന്നു. കാര്‍ഷികരംഗത്ത് വളരുന്ന പ്രതിസന്ധിക്കു കാരണം മോഡിഭരണത്തിന്റെ നയസമീപനമാണ്. ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെ എണ്ണം പെരുകി.

വര്‍ഗീയസംഘര്‍ഷങ്ങള്‍ വളരുകയും വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുകയും ചെയ്യുന്നു. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറ തകര്‍ത്ത് ഹിന്ദുരാഷ്ട്ര പദ്ധതിയുമായി ആര്‍എസ്എസും ബിജെപിയും മുന്നോട്ടുപോകുന്നു. ഹിന്ദുത്വ ആശയങ്ങളോട് യോജിക്കാത്തവരെ ഭീഷണിപ്പെടുത്തുന്നു. മഹാത്മാഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയെ മഹത്വവല്‍ക്കരിക്കുന്നു.

മുസ്ളിങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് ‘പുനഃപരിവര്‍ത്തനം’ ചെയ്യിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം പതിന്മടങ്ങ് വര്‍ധിച്ചു. വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ മേല്‍ ഹിന്ദുത്വശക്തികള്‍ വലിയ കടന്നാക്രമണമാണ് നടത്തുന്നത്. പാഠപുസ്തകങ്ങളില്‍ ശാസ്ത്രവിരുദ്ധവും വിജ്ഞാനവിരുദ്ധവുമായ ഉള്ളടക്കം ഉള്‍പ്പെടുത്തി ഹിന്ദുത്വാശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുന്നു.

വര്‍ഗീയ പ്രചാരവേലകളോടൊപ്പം ജനാധിപത്യ അവകാശങ്ങളെയും സിവില്‍ സ്വാതന്ത്യ്രങ്ങളെയും മോഡിഭരണത്തില്‍ കൈയേറ്റം ചെയ്യുന്നു. പ്രതിഷേധിക്കുന്നതിനും പ്രകടനം നടത്തുന്നതിനും പൊതുയോഗങ്ങള്‍ കൂടുന്നതിനുമുള്ള അവകാശങ്ങളുടെ മേല്‍ ബിജെപിയുടെ സംസ്ഥാന ഗവണ്‍മെന്റുകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കരിനിയമങ്ങളായ യുഎപിഎയും സായുധസേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന എഎഫ്എസ്പിഎ നിയമവും ദുരുപയോഗപ്പെടുത്തുന്നു. പൊലീസ്, ഭരണകക്ഷിക്കാര്‍, മാഫിയസംഘങ്ങള്‍ എന്നിവര്‍ തമ്മിലുള്ള അവിശുദ്ധസഖ്യങ്ങള്‍ പലയിടത്തും രൂപം പ്രാപിച്ചു. ഭരണപിന്തുണയോടെ ഹിന്ദുത്വശക്തികളുടെ കടന്നാക്രമണം ശക്തിപ്പെടുന്നു. പാര്‍ലമെന്റിന്റെ അധികാരങ്ങളെ മറികടക്കാന്‍ മോഡിഭരണം കുറുക്കുവഴികള്‍ തേടുന്നു.

മോഡി ഗവണ്‍മെന്റിന്റെ വിദേശനയം ഇന്ത്യയെ യുഎസിന്റെ കീഴാളസഖിയാക്കി മാറ്റി. ചൈനയെ വളഞ്ഞ് ഒതുക്കാന്‍ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും കൂടി പടച്ചുണ്ടാക്കിയ ചതുര്‍ശക്തി സഖ്യത്തിലെ മുഖ്യപങ്കാളിയാണ് ഇന്ത്യ. ഇസ്രയേലുമായി സൈനിക-ആയുധ സഹകരണം മോഡിഭരണം ശക്തിപ്പെടുത്തി. പാകിസ്ഥാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചു.

മറ്റെല്ലാ അയല്‍രാജ്യങ്ങളുമായുള്ള ബന്ധവും വഷളായി. ഏറ്റവും കൂടുതല്‍ വിദേശരാജ്യം സന്ദര്‍ശിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം നേടാന്‍ ശ്രമിക്കുന്ന മോഡിക്ക് വിദേശനയകാര്യങ്ങളില്‍ ഒരു നേട്ടവും നേടാന്‍ കഴിഞ്ഞില്ല. ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗത്വവും ആണവദാതാക്കളുടെ സഖ്യത്തിലെ (എന്‍എസ്ജി) അംഗത്വവും ഇന്ത്യക്ക് നേടാനായില്ല. വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ യശസ്സ് മങ്ങിവരികയാണ്.

മോഡിഭരണം ഉയര്‍ത്തുന്ന എല്ലാ ആപത്തുകള്‍ക്കുമെതിരെ ചെറുത്തുനില്‍പ്പു സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ആപത്തുകളില്‍ ചിലതുമാത്രം കണ്ട് മറ്റുള്ളവയെ വിസ്മരിക്കുന്നത് ആര്‍എസ്എസ്-ബിജെപി സംയുക്തത്തെ രക്ഷപ്പെടാന്‍ മാത്രമാണ് സഹായിക്കുക. ആര്‍എസ്എസ്- ബിജെപിക്കെതിരെ വിശാല ഐക്യം കെട്ടിപ്പടുക്കാന്‍ അത് പ്രയാസങ്ങളുണ്ടാകും.

മോഡിഭരണം ഉയര്‍ത്തുന്ന ആപത്തുകള്‍ക്കെതിരെ, ജനവിരുദ്ധ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരെ പോരാടുന്ന തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരക്കാര്‍, മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തുടങ്ങി സാമാന്യജനങ്ങളെയാകെ അണിനിരത്തേണ്ടതുണ്ട്. ആര്‍എസ്എസ്-ബിജെപി സംയുക്തത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ജനപിന്തുണ ആര്‍ജിക്കാന്‍ അതുമാത്രമാണ് മാര്‍ഗം. ഇവരോടൊപ്പം എല്ലാ വര്‍ഗീയവിരുദ്ധ, അമിതാധികാരവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ജനാധിപത്യശക്തികളെയാകെ അണിനിരത്തേണ്ടതുണ്ട്. അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിന്റെ ലക്ഷ്യം ജനങ്ങളുടെ യോജിപ്പും സമരങ്ങളും ശക്തിപ്പെടുത്തുകയാണ്.

പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും ബൂര്‍ഷ്വാ ഭൂപ്രഭു വ്യവസ്ഥയും സൃഷ്ടിക്കുന്ന അസംതൃപ്തിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ കോര്‍പറേറ്റുകളും ധനികവര്‍ഗങ്ങളും വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്നു. കോര്‍പറേറ്റുകളും ധനികവിഭാഗങ്ങളും ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയനീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇക്കാരണത്താലാണ്. ലോകത്തിലെ പല രാജ്യങ്ങളിലും വംശീയതയും വിദേശിവിരോധവും ന്യൂനപക്ഷ വിരോധവും ഇസ്ളാംവിരോധവും സങ്കുചിത ദേശീയ വികാരവും വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും കോര്‍പറേറ്റുകളും ധനികവിഭാഗങ്ങളും ശ്രമിച്ചുവരുന്നു.

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളും വര്‍ഗീയതയ്ക്കെതിരായ പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പുത്തന്‍ സാമ്പത്തികനയങ്ങള്‍ക്കെതിരായ സമരങ്ങള്‍ വര്‍ഗീയതയ്ക്കും മോഡിഭരണത്തിനുമെതിരായ സമരങ്ങളില്‍ ജനങ്ങളെ അണിനിരത്താന്‍ സഹായിക്കും. മോഡിഭരണത്തിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്കെതിരായ സമരങ്ങളില്‍ അണിനിരക്കുന്ന ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താന്‍ വര്‍ഗീയതയ്ക്കെതിരായ സമരം സഹായിക്കും. വളരുന്ന അസംതൃപ്തിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തെ പരാജയപ്പെടുത്താന്‍ സഹായിക്കും. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരെ പോരാടുക എന്ന പ്രധാനപ്പെട്ട കടമയെ വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിന് കീഴ്പ്പെടുത്തുക എന്ന സമീപനം പിശകും വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങളെ അണിനിരത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നതുമാണ്.

കോണ്‍ഗ്രസും പ്രാദേശിക രാഷ്ട്രീയകക്ഷികളും ഇടതുകക്ഷികളും ഒരുമിച്ചുകൂടി രാഷ്ട്രീയകക്ഷികളുടെ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതുകൊണ്ടു മാത്രം ആര്‍എസ്എസ്-ബിജെപി വിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാകില്ല. നവ ഉദാരവല്‍ക്കരണം, വര്‍ഗീയത, ജനാധിപത്യ ധ്വംസനം, സാമ്രാജ്യത്വാനുകൂല നയങ്ങള്‍ എന്നിവയ്ക്കെതിരെ അണിനിരത്താവുന്ന എല്ലാ ശക്തികളെയും ഒരുമിപ്പിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെയും പല പ്രാദേശിക രാഷ്ട്രീയകക്ഷികളുടെയും സാന്നിധ്യം ജനങ്ങളുടെ വിശാലമായ ഐക്യം വളര്‍ത്തിക്കൊണ്ടുവരുന്നതിന് തടസ്സം സൃഷ്ടിക്കും.

ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തവരുമായുള്ള കൂട്ടുകെട്ട് ജനങ്ങളെ അണിനിരത്താനുള്ള കരുത്തിനെ ദുര്‍ബലപ്പെടുത്തും. ഇടതുകക്ഷികള്‍ 2004ല്‍ പിന്തുണ നല്‍കിയെങ്കിലും ആ  പിന്തുണയെ ഉപയോഗിച്ച് വര്‍ഗീയതയെ നേരിടാനല്ല കോണ്‍ഗ്രസ് ശ്രമിച്ചത്. ധനികവര്‍ഗങ്ങളുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടി ജനവിരുദ്ധ നവഉദാരവല്‍ക്കരണ സാമ്പത്തികനയംനടപ്പാക്കാനാണ് അവര്‍ ശ്രദ്ധിച്ചത്. അമേരിക്കയുടെ കീഴാളസഖിയായും ഇന്ത്യയെ മാറ്റിത്തീര്‍ത്തു.

ഈ പശ്ചാത്തലത്തിലാണ് ഇടതു രാഷ്ട്രീയകക്ഷികള്‍ യുപിഎ ഗവണ്‍മെന്റിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ചത്. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങളിലും രാഷ്ട്രീയനയങ്ങളിലും അഴിമതിയിലും മനസ്സുമടുത്ത ജനങ്ങളുടെ അസംതൃപ്തിയെയാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉപയോഗപ്പെടുത്തിയത്. ഇന്ത്യയിലെ ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗങ്ങളുടെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളാണ് ബിജെപിയും കോണ്‍ഗ്രസും. അതുകൊണ്ടാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പല ജനവിരുദ്ധനിയമങ്ങളും പാസാക്കാന്‍ ബിജെപിയെ കോണ്‍ഗ്രസ് പിന്തുണച്ചത്. ഉറച്ച വര്‍ഗീയവിരുദ്ധ നിലപാടെടുക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറല്ല. ഗോവധനിരോധനം, ലൌ ജിഹാദ്, ഘര്‍വാപസി, രാമജന്മഭൂമിക്ഷേത്രം തുടങ്ങിയ വിഷയങ്ങളില്‍ ആര്‍എസ്എസ്-ബിജെപി സംയുക്തം ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവരുന്നില്ല. കോണ്‍ഗ്രസ് കക്ഷി ആശയപരമായും സംഘടനാപരമായും വലിയ പ്രതിസന്ധിയിലാണ്.

സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെയും യുപിയിലെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന റീത്താ ബഹുഗുണയുടെയും ബിജെപിയിലേക്കുള്ള കാലുമാറ്റം കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം എത്രയെന്ന് സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ആശയവ്യക്തതയും കൂട്ടായ നേതൃത്വവുമില്ലാതെ കോണ്‍ഗ്രസ് ഉഴലുകയാണ്. ആഭ്യന്തര ജനാധിപത്യത്തിന്റെ അഭാവം കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്നു. പല പ്രാദേശിക രാഷ്ട്രീയകക്ഷികളും ബിജെപിയുമായി ദീര്‍ഘകാലം ചങ്ങാത്തം പുലര്‍ത്തിയിരുന്നവരും ചങ്ങാത്തം സ്ഥാപിക്കാന്‍ ഒരു മടിയുമില്ലാത്തവരുമാണ്. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളോട് അവര്‍ക്ക് എതിര്‍പ്പില്ല. ഭരണത്തിലെത്തുമ്പോള്‍ അവര്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കും. അഴിമതി നടത്തുന്നത് തങ്ങളുടെ അവകാശമായി പലരും കരുതുന്നു.

ഇടതു രാഷ്ട്രീയകക്ഷികള്‍ ഒരുമിച്ച് ചേരുന്നതുകൊണ്ടുമാത്രം ആര്‍എസ്എസ്-ബിജെപി ശക്തികളെ നേരിടാനാകും എന്ന് കരുതാനാകില്ല. എന്നാല്‍, വളരെ പ്രധാനപ്പെട്ട ഒരുപങ്ക് ഇടതുകക്ഷികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയും. എല്ലാ നവ ഉദാരവല്‍ക്കരണവിരുദ്ധ, വര്‍ഗീയവിരുദ്ധ, അമിതാധികാരവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്തികളെയും ഒരുമിപ്പിച്ച് അണിനിരത്തിക്കൊണ്ടുമാത്രമേ ആര്‍എസ്എസ്-ബിജെപി ഉയര്‍ത്തുന്ന ആപത്തുകളില്‍നിന്ന് ജനങ്ങളെയും രാജ്യത്തെയും രക്ഷിക്കാന്‍ കഴിയൂ.

ഈ കാര്യത്തില്‍ ഏറ്റവും വലിയ പങ്ക് നിര്‍വഹിക്കാന്‍ കഴിയുന്നത് ഇടതുകക്ഷികള്‍ക്കാണ്. ബഹുജന സംഘടനകള്‍, സാമൂഹ്യസംഘടനകള്‍, ബുദ്ധിജീവികള്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, നവഉദാരവല്‍ക്കരണ വിരുദ്ധ, വര്‍ഗീയവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയപാര്‍ടികളിലെ തന്നെയുള്ള നേതാക്കളും പ്രതിനിധികളും എന്നിവരെയാകെ അണിനിരത്തേണ്ടതുണ്ട്. ഇതിനായി നവ ഉദാരവല്‍ക്കരണവിരുദ്ധ ശക്തികളെയും വര്‍ഗീയവിരുദ്ധശക്തികളെയും അണിനിരത്താനുള്ള പ്രത്യേക വേദികളും ആകാം. ജനങ്ങളുടെ വിശാല ഐക്യനിര വളര്‍ത്തിക്കൊണ്ടുവരുന്നതിന് തടസ്സമുണ്ടാകുന്ന ഒരു നീക്കവും അനുവദിക്കാനാകില്ല. ഒരു ശക്തിയെയും കൂട്ടുചേര്‍ക്കാനുമാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News