കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു; ജീവനക്കാര്‍ സമവായത്തിന്റെ പാതയിലെത്തിയത് നിലപാട് കടുപ്പിച്ചതോടെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ തുടര്‍ന്ന പണിമുടക്ക് പിന്‍വലിച്ചു. കെഎസ്ആര്‍ടിസി എം.ഡി എം.ജി രാജമാണിക്യവുമായി ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പത്തുദിവസത്തിനകം പ്രശ്‌നങ്ങള്‍!ക്ക് പരിഹാരമുണ്ടാക്കാമെന്നാണ് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ജോലിക്ക് ഹാജരാകാതിരുന്നവര്‍ക്കെതിരെ മാനേജ്‌മെന്റ് നിലപാട് കടുപ്പിച്ചതോടെയാണ് ജീവനക്കാര്‍ സമവായത്തിന്റെ പാതയിലെക്കെത്തിയത്.

ഇരട്ട ഡ്യൂട്ടി ഒഴിവാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ സമരവുമായി മുന്നോട്ട് പോയത്. കഴിഞ്ഞ ദിവസം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രധാന സംഘടനകള്‍ സമരം അവസാനിപ്പിച്ചിരുന്നു. ഇന്നത്തെ സമരം ദീര്‍ഘദൂര സര്‍വീസുകളെ ബാധിച്ചിരുന്നു. അതിനിടെ ജോലിക്ക് ഹാജരാകാതെ സമരവുമായി മുന്നോട്ട് പോയ ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റും നിലപാട് കടുപ്പിച്ചു. 750 പേരില്‍ 550 പേരാണ് ഇന്ന് ജോലിക്ക് ഹാജരായത്. ജോലിക്കെത്താത്ത 68 പേരെ എം.ഡി രാജമാണിക്യം സസ്‌പെന്റും ചെയ്തു. ഈ സാഹചര്യത്തിലാണ് സമവായത്തിന്റെ പാതയിലെക്ക് ജീവനക്കാര്‍ എത്തിയതും എം.ഡിയുമായി കൂടിക്കാഴ്ച നടത്തിയതും.

പത്തുദിവസത്തിനകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് രാജമാണിക്യം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. വിശ്രമ സ്ഥലവും ഭൗതിക സാഹചര്യവും ഒരുക്കും, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂപ്പര്‍ഫാസ്റ്റില്‍ വീട്ടിലെക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നും ജീവനക്കാര്‍ മാനേജ്‌മെന്റിനെ അറിയിച്ചു.

അതേസമയം, മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ സമരവുമായി മുന്നോട്ട് പോയതിനെതിരെ പ്രതിഷേധവും ശക്തിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് സമരത്തിന് പരിസമാപ്തിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here