ദില്ലി : രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ പാക് സൈനികര്‍ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്ഥാന്‍ ഹൈകമീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ നിഷ്ഠൂര കൃത്യം ചെയ്ത സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ പാക് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ കടന്നെത്തിയ പാക് സൈനികര്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറുത്തത്. തുടര്‍ന്ന് മൃതദേഹം വികൃതമാക്കി. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് സംഭവം. കരസേനയുടെ 22 സിഖ് ഇന്‍ഫന്‍ട്രിയിലെ നായിക് സുബേദാര്‍ പരംജിത് സിങ്ങും ബിഎസ്എഫിന്റെ 200-ാംബറ്റാലിയനിലെ പ്രേംസാഗറുമാണ് കൊല്ലപ്പെട്ടത്.

നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുകയായിരുന്ന കരസേന അതിര്‍ത്തി സുരക്ഷാസേന സംയുക്ത സംഘത്തിനുനേരെ അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ നിറയൊഴിക്കുകയായിരുന്നു. പാക് കരസേനയുടെ പ്രത്യേക അതിര്‍ത്തി കര്‍മസംഘമാണ് (ബാറ്റ്) ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഭടന്മാരുടെ തലയറുത്ത് പാക്‌സൈന്യം അനാദരവ് കാട്ടുകയായിരുന്നു.