ജയ്പൂര്‍ : വയറിന് പുറത്ത് രണ്ടാമത്തെ തലയുമായി അത്ഭുതശിശു ജനിച്ചു. പാരാസൈറ്റിക് ട്വിന്‍ എന്ന അവസ്ഥയിലാണ് ശിശുവിന്‍രെ ജനനം. വയറിന് പുറത്തേക്ക് തള്ളിനിന്ന തല ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കുട്ടിയെയും അമ്മയെയും രക്ഷിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

രാജസ്ഥാനിലെ ജയ്പൂരിലാണ് അത്ഭുത ശിശുവിന്റെ ജനനം. ജഹാസ്പൂരിലെ രാം സ്‌നേഹി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ 21കാരിയാണ് സാധാരണ തലയ്ക്ക് പുറമെ വയറിന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന തലയുള്ള ശിശുവിന് ജന്മം നല്‍കിയത്. വയറില്‍ നിന്ന് തള്ളി നില്‍ക്കുന്ന തലയ്ക്ക് കണ്ണുകളും ചെവികളും ഉണ്ടായിരുന്നില്ല.

രണ്ട് ആരോഗ്യമുള്ള കൈകള്‍ക്ക് പുറമെ ചെറിയ ഒരു കൈ കൂടി കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് അത്ഭുത ശിശുവിന്റെ ജനനം. ഗര്‍ഭിണിയായ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് യുവതിയെ അടിയന്തര സ്‌കാനിങ്ങിനും അള്‍ട്രാ സൗണ്ട് പരിശോധനയ്ക്കും വിധേയയാക്കി.

ഇതോടെ യുവതിക്ക് ഇരട്ടക്കുട്ടികളാണെന്നുള്ള നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍. തുടര്‍ന്ന് യുവതിയെ അടിയന്തര സിസേറിയന് വിധേയയാക്കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോഴാണ് ഇരട്ടക്കുട്ടികളല്ല, ഉദരത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രണ്ടാം തലയാണ് കുട്ടിക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്.

ഉടന്‍ തന്നെ യുവതിയെയും കുട്ടിയെയും ജയ്പൂരിലെ തന്നെ ജെകെ ലോണ്‍ ഹോസ്പിറ്റിലിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ രണ്ടാമത്തെ തലയും ചെറിയ കൈയും ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. പാരാസൈറ്റിക് ട്വിന്‍സ് സയാമീസ് ഇരട്ടകളില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ തീര്‍ത്തും വളര്‍ച്ചയില്ലാത്ത വിധത്തിലുണ്ടായിരുന്ന രണ്ടാമത്തെ തല നീക്കം ചെയ്തില്ലെങ്കില്‍ കുട്ടിക്കാവശ്യമുള്ള രക്തവും പോഷകങ്ങളും ഇല്ലാതാകും. കുട്ടിയെയും അമ്മയെയും രക്ഷിക്കാന്‍ സാധിച്ചുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഗൈനക്കോജിസ്റ്റ് ഡോ. വിജയിത ഗാര്‍ഗ് പറഞ്ഞു.