കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ച കര്‍ഷകനെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു; പ്രതികളെ അറസ്റ്റ് ചെയ്യാതെ യോഗി പൊലീസ്

ദില്ലി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കര്‍ഷകനെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു. വ്യത്യസ്തമതങ്ങളില്‍പ്പെട്ട കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് ആരോപിച്ചാണ് അമ്പത്തൊമ്പതുകാരനായ ഗുലാം മുഹമ്മദിനെ സംഘ്പരിവാര്‍ അനുഭാവികള്‍ അടിച്ചുകൊന്നത്. മുഖ്യമന്ത്രി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദുസംഘടനയാണ് ഹിന്ദു യുവവാഹിനി.

ബുലന്ദ്ഷഹറിലെ പഹാസു മേഖലയില്‍ സോഹി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ യൂസഫ് എന്ന യുവാവ്, തൊട്ടടുത്ത ഗ്രാമത്തിലെ പെണ്‍കുട്ടിയുമൊത്ത് ഏപ്രില്‍ അവസാനം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് യുവവാഹിനിക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

പെണ്‍കുട്ടിയുമൊത്ത് ഗ്രാമം വിടാന്‍ യൂസഫിനെ സഹായിച്ചത് ഗുലാം മുഹമ്മദാണെന്ന് യുവവാഹിനിക്കാര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പലവട്ടം ഗുലാമിനെ ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച ഗുലാം പാട്ടത്തിന് കൃഷി നടത്തുന്ന മാന്തോപ്പിലെത്തിയ യുവവാഹിനി പ്രവര്‍ത്തകര്‍ ഭീകരമായി മര്‍ദിക്കുകയായിരുന്നു. ഇരുമ്പുദണ്ഡുകള്‍കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരുക്കേറ്റു.

സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പായി മരിച്ചുവെന്ന് ഗുലാമിന്റെ മകന്‍ യാസീന്‍ പറഞ്ഞു. യുവവാഹിനിക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി ഗുലാം മകനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. യുവവാഹിനി നേതാവ് ഗവേന്ദ്രസിംഗും മറ്റ് ആറുപേരുമാണ് അച്ഛനെ മര്‍ദിച്ചതെന്ന് യാസീന്‍ പൊലീസിന് മൊഴി നല്‍കി.

ഗവേന്ദ്രസിംഗ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം പരിശോധിച്ചുവരികയാണെന്ന് മീറത്ത് റേഞ്ച് ഡിഐജി കെഎസ് ഇമാനുവല്‍ പറഞ്ഞു. ഒളിച്ചോടിയ യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ ശ്രമിച്ചുവരികയാണെന്നും ഡിഐജി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here