അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാരെ ജയിലിലേക്ക് മാറ്റി; പ്രതികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും വഞ്ചിയൂര്‍ എസ്‌ഐക്കുമെതിരെ നടപടിയെടുത്തേക്കും

തിരുവനന്തപുരം : അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍മാരെ കോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റി. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി ഡോ. കെ ഷൈലജയെ വനിത ജയിലിലേക്ക് മാറ്റി. കൂട്ടുപ്രതി ഡോ. വികെ രാജനെ ആശുപത്രിയിലെ പോലീസ് സെല്ലിലേക്കുമാണ് മാറ്റിയത്.

ഷൈലജയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളിലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പ്രതികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും ചുതലയിലുണ്ടായിരുന്ന എസ്‌ഐയ്‌ക്കെതിരെയും കോടതി നടപടിയെടുത്തേക്കും.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി അഴിമതിക്കേസില്‍ ശിക്ഷിച്ച മുന്‍ ജില്ലാ ആരോഗ്യവകുപ്പ് ഡയറക്ടര്‍മാരായ ഡോ. വികെ രാജനെയും ഡോ. കെ ഷൈലജയെയും ജയലിലടക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെതുടര്‍ന്നാണ് കോടതി ഇടപെടലുണ്ടായത്.

ശിക്ഷ വിധിച്ച ചൊവ്വാഴ്ച പ്രതികളെ കോടതിയുടെ അനുമതിയില്ലാതെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി പ്രതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു.

ഹൃദ്രോഗിയായ ഒന്നാം പ്രതി ഡോ. വികെ രാജന് ചികിത്സ വേണമായിരുന്നുവെന്നും രണ്ടാം പ്രതി ഡോ. കെ ഷൈലജയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായെന്നുമാണ് പരിശോധനാ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വികെ രാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സെല്ലിലേക്കും, കെ ഷൈലജയെ അടിയന്തരമായി ജയിലിലേക്കും മാറ്റാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ ഉത്തരവ് നടപ്പാക്കി. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും ചുമതലയിലുണ്ടായിരുന്ന വഞ്ചിയൂര്‍ എസ്‌ഐയ്‌ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

അനാവശ്യമായി 1.49 കോടി രൂപയുടെ മഞ്ഞപ്പിത്ത പ്രതിരോധ മരുന്നു വാങ്ങി സൂക്ഷിച്ചെന്ന കേസിലാണ് വികെ രാജനെയും കെ ഷൈലജയെയും വിജിലന്‍സ് പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികള്‍ക്കും അഞ്ച് വര്‍ഷം തടവും 52 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News