തൊഴിലുറപ്പ് വേതനം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍; കേരളത്തോടുള്ള അവഗണന അറിയിക്കുമെന്ന് ധനമന്ത്രി; രാഷ്ട്രീയമുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് കെടി ജലീല്‍

തിരുവനന്തപുരം : തൊഴിലുറപ്പ് വേതനം നല്‍കുന്നതില്‍ സംസ്ഥാനത്തോട് കേന്ദ്രത്തിന്റെ അവഗണന. 759 കോടി രൂപയാണ് നിലവിലെ കുടിശ്ശിക. വേതനം ലഭ്യമാക്കാത്തതിലുള്ള പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്നത് സംശയിക്കണമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെടി ജലീലും പറഞ്ഞു.

സംസ്ഥാനത്ത് 50 ലക്ഷം തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. ഇവര്‍ക്ക് പ്രതിദിനം 243 രൂപ വീതം 150 ദിവസത്തെ തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുമെന്നാണ് കേന്ദ്ര വാഗ്ദാനം. എന്നാല്‍ നിലവില്‍ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള തൊഴിലുറപ്പ് വേതന കുടിശ്ശിക 759.46 കോടിരൂപയാണ്.

2017 ഏപ്രില്‍ മാസത്തോടെ കുടിശ്ശിക പൂര്‍ണമായും നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉറപ്പ്. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരായ പ്രതിഷേധം സംസ്ഥാനം അറിയിക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നത് സംശയിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ പറഞ്ഞു.

2016 നവംബര്‍ മുതലാണ് വേതനം ലഭിക്കാതെ തൊഴിലാളികള്‍ വലയുന്നത്. ഇതിനു പുറമെ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യം 6 ശതമാനത്തില്‍ നിന്നും 4.5 ശതമാനമാക്കി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഫലപ്രദമായ മേല്‍നോട്ടം പദ്ധതിയില്‍ നടക്കുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം. തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here