ശബരിമലയിലെ പാത്രം അഴിമതി: ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ വാദം വസ്തുതാവിരുദ്ധം; പാത്രങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയിലേക്ക് പുതിയ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎസ് ജയകുമാറിന്റെ വാദം വസ്തുതാവിരുദ്ധം. സ്‌റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പാത്രങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ 61, 62 പേജുകളില്‍ പാത്രങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളാണ് വിശദീകരിക്കുന്നത്.

2013-14 മണ്ഡലമകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഒരു കോടി 87 ലക്ഷം രൂപ ബോര്‍ഡ് ഫണ്ടില്‍നിന്ന് ചെലവഴിച്ച് പുതിയ പാത്രങ്ങള്‍ വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎസ് ജയകുമാറിന്റെ വാദം വസ്തുതാവിരുദ്ധമാണെന്നതിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്‌റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പാത്രങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ടിലെ 61, 62 പേജുകളില്‍ പാത്രങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളാണ് വിശദീകരിക്കുന്നത്. ശബരിമലയില്‍ ആവശ്യത്തിലധികം പാത്രങ്ങള്‍ ഉള്ളപ്പോള്‍ പുതിയവ വാങ്ങിയത് അനാവശ്യവും അന്യായവും നിയമവിരുദ്ധവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ഒക്ടോബര്‍ 12ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഡിബിഎആര്‍ നമ്പര്‍ 05/2015 എന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അന്യായമായി പാത്രം വാങ്ങിയ എക്‌സിക്യൂട്ടീവ് ഓഫീസറില്‍നിന്ന് തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.

വസ്തുത ഇതായിരിക്കെ, കഴിഞ്ഞദിവസം ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ വിശദീകരണക്കുറിപ്പിലാണ് ബോര്‍ഡ് സെക്രട്ടറി ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരിക്കുന്നത്. അതേസമയം, ശബരിമലയിലേക്ക് പാത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് 1.87 കോടി രൂപയുടെ അഴിമതിയാരോപണം ഉയര്‍ന്നതോടെ പ്രസ്തുത ഫയല്‍ കാണാതായതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ക്രമക്കേടില്ലെന്ന കാര്യം മാത്രം ആവര്‍ത്തിക്കുന്ന സെക്രട്ടറി ഫയല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിനെപ്പറ്റി മൗനം പുലര്‍ത്തുകയാണ്.

മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ സഹോദരനും ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വി എസ് ജയകുമാര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കെയായിരുന്നു ഈ നടപടി. നിലവിലെ ദേവസ്വം കമീഷണറുടെ കാലാവധി അവസാനിക്കാനിരിക്കെ, സെക്രട്ടറി വിഎസ് ജയകുമാര്‍ ഈ സ്ഥാനത്തിനുവേണ്ടി ചരടുവലി ആരംഭിച്ചിട്ടുണ്ട്.

ഇതിനിടയിലാണ് ഫയല്‍ അപ്രത്യക്ഷമായത്. അഴിമതിയാരോപണത്തെപ്പറ്റി ദേവസ്വം വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കെ, ക്രമക്കേടുണ്ടായിട്ടില്ലെന്ന സെക്രട്ടറിയുടെ വാദം വിചിത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News