ഖമറുന്നിസ അന്‍വറിന്റെ ബിജെപി പ്രശംസ; പരിശോധിച്ച് കര്‍ശനനടപടി സ്വീകരിക്കുമെന്ന് മായിന്‍ ഹാജി; ബിജെപിയുമായി ലീഗ് ഒരു ബന്ധവും ആഗ്രഹിക്കുന്നില്ല

തിരുവനന്തപുരം: ബിജെപിയെ പ്രശംസിച്ച് വിവാദത്തിലായ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറിനെതിരെ നടപടി സ്വീകരിക്കുമെന്ന് മായിന്‍ ഹാജി. വിവാദ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്നും ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മായിന്‍ ഹാജി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഖമറുന്നിസ മാത്രമല്ല, ലീഗിന്റെ സാധാരണപ്രവര്‍ത്തകന്‍ പോലും ബിജെപിയെ പ്രശംസിച്ചാല്‍ പാര്‍ട്ടി നടപടിയെടുക്കും. ബിജെപിയുമായി ലീഗ് ഒരു ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും മായിന്‍ ഹാജി പറഞ്ഞു.

ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നാണ് ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി കഴിയുന്ന ചെറിയ ഫണ്ട് താന്‍ നല്‍കുന്നെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനത്തിന് ഫണ്ടും കൈമാറിയ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കളും രംഗത്തെത്തി. ഖമറുന്നിസ നിലപാട് തിരുത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. അല്ലാത്ത പക്ഷം വിശദീകരണം തേടുമെന്നാണ് വിവരങ്ങള്‍.

ഇന്നലെ വൈകിട്ടാണ് ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ വീട്ടില്‍ വച്ച് നടന്നത്. ബിജെപിയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി പ്രദീപ്കുമാറിന് കൈമാറിയ ശേഷമാണ് ഖമറുന്നിസ പരാമര്‍ശം നടത്തിയത്. ഖമറുന്നിസ അന്‍വര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതോടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം വര്‍ധിച്ചിരിക്കുകയാണെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ലീഗിന്റെ ശക്തികേന്ദ്രത്തില്‍ നിന്ന് വനിതാ ലീഗ് അധ്യക്ഷയുടെ കൈവശത്ത് നിന്ന് ഫണ്ടും പ്രശംസയും ലഭിച്ചത് വലിയ കരുത്തായാണ് കാണുന്നതെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel