വനിതാ ലീഗിന്റെ ബിജെപി പ്രശംസ: ഖമറുന്നിസ അന്‍വറില്‍ നിന്ന് ലീഗ് വിശദീകരണം തേടി; പാണക്കാട്ടെ അടിയന്തര ലീഗ് യോഗം തുടരുന്നു

മലപ്പുറം: ബിജെപിയെ പ്രശംസിച്ച് വിവാദത്തിലായ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറില്‍ നിന്ന് മുസ്ലീംലീഗ് വിശദീകരണം തേടി. ഇതിന് പിന്നാലെ പാണക്കാട് ചേര്‍ന്ന അടിയന്തര ലീഗ് യോഗം തുടരുകയാണ്. വിവാദ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്നും ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ലീഗ് നേതാവ് മായിന്‍ ഹാജി പീപ്പിള്‍ ടിവിയോട് പറഞ്ഞിരുന്നു.

ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നാണ് ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി കഴിയുന്ന ചെറിയ ഫണ്ട് താന്‍ നല്‍കുന്നെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനത്തിന് ഫണ്ടും കൈമാറിയ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം തേടിയത്.

ഇന്നലെ വൈകിട്ടാണ് ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ വീട്ടില്‍ വച്ച് നടന്നത്. ബിജെപിയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി പ്രദീപ്കുമാറിന് കൈമാറിയ ശേഷമാണ് ഖമറുന്നിസ പരാമര്‍ശം നടത്തിയത്. ഖമറുന്നിസ അന്‍വര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതോടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം വര്‍ധിച്ചിരിക്കുകയാണെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ലീഗിന്റെ ശക്തികേന്ദ്രത്തില്‍ നിന്ന് വനിതാ ലീഗ് അധ്യക്ഷയുടെ കൈവശത്ത് നിന്ന് ഫണ്ടും പ്രശംസയും ലഭിച്ചത് വലിയ കരുത്തായാണ് കാണുന്നതെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News