സൊമാലിയന്‍ മന്ത്രിയെ സുരക്ഷാസേന വെടിവെച്ചുകൊന്നു

മൊഗദിഷു : ഭീകരനെന്ന് തെറ്റിദ്ധരിച്ച് സൊമാലിയന്‍ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചുകൊന്നു. സോമാലിയന്‍ ഓഡിറ്റര്‍ ജനറലിന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരാണ് മന്ത്രിക്ക് നേരെ നിറയൊഴിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ അബ്ദുള്ളാഹിയുടെ വാഹനം പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്ത് കൂടി കടന്നുപോകുമ്പോഴാണ് വെടിയേറ്റത്. രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും മന്ത്രിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അംഗരക്ഷകര്‍ തിരികെ വെടിവച്ചു. അംഗരക്ഷകരില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

അല്‍ ശബാബ് തീവ്രവാദികള്‍ ആധിപത്യം തുടരുന്ന സോമാലിയയില്‍ ആക്രമണങ്ങള്‍ നേരിടാന്‍ സൈന്യം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് മുമ്പും തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ സുരക്ഷാ സൈനികര്‍ വെടിയുതിര്‍ത്തിട്ടുണ്ട്.

ഭീകരവാദികളുടെ ആക്രമണം തുടര്‍ച്ചയായി നടക്കുന്ന സ്ഥലമാണ് സോമാലിയ. സോമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ അബ്ദുള്ളാഹി കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel