കോട്ടയത്തേത് തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വീകരിച്ച അതേ നയം; ‘യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക’; നിലപാട് വ്യക്തമാക്കി ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിശദീകരണവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. കോണ്‍ഗ്രസ് തോറ്റതിന് ഇത്ര വേവലാതിയോ എന്ന തലക്കെട്ടേടെയാണ് ദേശാഭിമാനി നിലപാട് വ്യക്തമാക്കുന്നത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ നയമാണ് എല്‍ഡിഎഫ് കോട്ടയത്തും സ്വീകരിച്ചത്. കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ട ബാധ്യത ഒരിക്കലും എല്‍ഡിഎഫിനില്ല. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതാണ് എല്‍ഡിഎഫ് നയമെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു. കോട്ടയത്ത് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരമെന്നും അവിടെ കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ട ബാധ്യത എല്‍ഡിഎഫിനില്ലെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു. കോട്ടയം സംഭവത്തെ മറയാക്കി ചിലര്‍ സിപിഐഎമ്മിനെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നെന്നും ഇത് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയാത്തതിലുള്ള അവരുടെ വികാരപ്രകടനമാണെന്നും ദേശാഭിമാനി പറയുന്നു.


മുഖപ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍:

‘കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഈ അവസരത്തില്‍ ഓര്‍മിക്കുന്നത് നന്ന്. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതായിരുന്നു അത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളില്‍നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാമെന്നും അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിരുന്നു. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്ത് കണ്ടത്.’

‘കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എടുത്ത നിലപാടിലും സ്വേച്ഛാപരമായ സമീപനത്തിലും എല്ലാവരില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു എന്നത് മറ്റൊരു കാര്യം. അവിടെ ഒരു അധികാരമാറ്റം മിക്കവാറും എല്ലാവരും ആഗ്രഹിച്ചിരുന്നു എന്നതും മറച്ചുവയ്‌ക്കേണ്ടതില്ല. പ്രസിഡന്റ് രാജിവച്ചതിനെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വശത്തും നേരത്തെ യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് എം മറുവശത്തുമായി മത്സരിക്കാനിറങ്ങി. അവിടെ സിപിഐ എമ്മിനോ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ ഭൂരിപക്ഷമില്ല.’

‘ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കണോ എന്ന ചോദ്യം തന്നെയാണ് അവിടെ ഉയരുക. കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടോ എന്ന ചോദ്യവും പ്രസക്തം. പ്രാദേശിക തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട നിലപാട് നിഷേധിക്കേണ്ട സാഹചര്യം അവിടെ രൂപപ്പെടാത്തിടത്തോളം യുഡിഎഫിനെ പരാജയപ്പെടുത്തിയ നടപടി തെറ്റാണെന്ന് എങ്ങനെ ചിത്രീകരിക്കാനാകും.’
‘യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലപ്പെടുത്തുകയെന്ന നിലപാടിലൂന്നിയ സമീപനമാണ് കോട്ടയത്തുണ്ടായത്. അതിനെതിരെയാണ് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നത്. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണെന്നു കരുതാനുള്ള മൗഢ്യം ആര്‍ക്കുമുണ്ടാകില്ലെന്നു കരുതാം.’

‘കോട്ടയം മറയാക്കി സിപിഐഎമ്മിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിഫലമായതിന്റെ വികാരപ്രകടനങ്ങള്‍ മാത്രമായേ കാണാനാകൂ. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ. കോണ്‍ഗ്രസിനെ അധികാരക്കസേരയില്‍ അവരോധിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ സിപിഐഎമ്മിനോ ചുമതലയുണ്ടോ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാര്‍മികതയുടെ അടിസ്ഥാനം.’

‘ഇടതുപക്ഷഐക്യവും ജനാധിപത്യശക്തികളുടെ കൂട്ടായ്മയും അടിസ്ഥാനമാക്കി കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. അധികാരത്തിലേറിയ നാള്‍ മുതല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും കിണഞ്ഞുശ്രമിക്കുന്നു. എന്നാല്‍, അവരുടെ നീക്കങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുകയും ജനക്ഷേമ നടപടികളുമായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയുമാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here