ഖമറുന്നിസയുടെ വാക്കുകള്‍ വനിതാ ലീഗിനേറ്റ പ്രഹരമാണെന്ന് നൂര്‍ബിനാ റഷീദ്; സംഘ്പരിവാറിനെ അനുകൂലിക്കുവാന്‍ ലീഗിന് സാധിക്കില്ല; ബിജെപി പ്രശംസയില്‍ പോര് മുറുകുന്നു

കോഴിക്കോട്: ബിജെപി ഫണ്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി രൂക്ഷമാകുന്നു. ബിജെപിയെ പ്രശംസിച്ച് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നതായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ് പറഞ്ഞു.

ഒരു കാരണവശാലും ബിജെപി- സംഘ്പരിവാര്‍ പ്രത്യയ ശാസ്ത്രത്തെ അനുകൂലിക്കുവാന്‍ വനിതാ ലീഗിന് സാധിക്കുകയില്ലെന്നും വനിതാ ലീഗിനേറ്റ പ്രഹരമാണ് ഖമറുന്നിസ അന്‍വറിന്റെ വാക്കുകളെന്നും നൂര്‍ബിനാ റഷീദ് പറഞ്ഞു. അതേസമയം, പതിമൂന്നിന് ചേരുന്ന സംസ്ഥാനപ്രവര്‍ത്തക സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ലീഗിന്റെ തീരുമാനം.
ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നാണ് ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി കഴിയുന്ന ചെറിയ ഫണ്ട് താന്‍ നല്‍കുന്നെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനത്തിന് ഫണ്ടും കൈമാറിയ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കളും രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ ഖമറുന്നിസ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം വൈകിട്ടാണ് ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ വീട്ടില്‍ വച്ച് നടന്നത്. ബിജെപിയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി പ്രദീപ്കുമാറിന് കൈമാറിയ ശേഷമാണ് ഖമറുന്നിസ പരാമര്‍ശം നടത്തിയത്. ലീഗിന്റെ ശക്തികേന്ദ്രത്തില്‍ നിന്ന് വനിതാ ലീഗ് അധ്യക്ഷയുടെ കൈവശത്ത് നിന്ന് ഫണ്ടും പ്രശംസയും ലഭിച്ചത് വലിയ കരുത്തായാണ് കാണുന്നതെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel