യുദ്ധക്കൊതിയോടെ വീണ്ടും അമേരിക്ക | കെ ജെ തോമസ്

വിയത്നാമിലെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ യുദ്ധം ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചാണ് കൊച്ചുവിയത്നാമിനെതിരെ അമേരിക്ക യുദ്ധത്തിന് പുറപ്പെട്ടത്. ആക്രമണോത്സുകമായ അധിനിവേശത്തിനും തങ്ങളുടെ പട്ടാളക്കാരായ സഹോദരങ്ങള്‍ കൊല്ലപ്പെടുന്നതിനുമെതിരെ ഇന്നത്തെപ്പോലെ അന്നും അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അതെല്ലാം അവഗണിച്ചാണ് പ്രസിഡന്റ് ഐസന്‍ഹോവര്‍ വിയത്നാം യുദ്ധം പ്രഖ്യാപിക്കുന്നത്. 20 വര്‍ഷത്തെ യുദ്ധത്തിനൊടുവില്‍ എല്ലാം തകര്‍ന്നടിഞ്ഞാണ് 1975ല്‍ പ്രസിഡന്റ് ജെറാള്‍ഡ് ആര്‍ ഫോഡിന് അമേരിക്കന്‍ പട്ടാളത്തെ വിയത്നാമില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നത്.

കിഴക്കനേഷ്യയില്‍, വിശിഷ്യ ജപ്പാനിലും ദക്ഷിണ കൊറിയയിലും അമേരിക്കന്‍ പട്ടാളത്തെയും കൊറിയന്‍ അതിര്‍ത്തിയില്‍ പടക്കപ്പലുകളെയും വിന്യസിച്ച് ഉപദ്വീപില്‍ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ച യുഎസ് നടപടിയാണ് വിയത്നാമിനെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. വിയത്നാം യുദ്ധത്തിനുമുമ്പും തെക്കന്‍വിയത്നാമില്‍ അമേരിക്ക സൈനികവിന്യാസം നടത്തി. പുതിയ പ്രസിഡന്റ് ട്രംപിന്റെ നടപടികള്‍ ഐസന്‍ഹോവറിനെ അനുസ്മരിപ്പിക്കുന്നു.

വൈറ്റ് ഹൌസില്‍ നൂറുനാള്‍ പൂര്‍ത്തിയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്, മുന്‍ പ്രസിഡന്റുമാരായ ഐസന്‍ഹോവറിന്റെയും റൊണാള്‍ഡ് റീഗന്റെയും ജോര്‍ജ് ഡബ്ള്യു ബുഷിന്റെയും നയങ്ങളോടും രീതികളോടുമാണ് കമ്പം. റിപ്പബ്ളിക്കന്മാരായ ഈ മുന്‍ പ്രസിഡന്റുമാര്‍ യുദ്ധവെറിയന്മാരും ഏകാധിപത്യം മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അതീവ നിപുണരുമായിരുന്നു.

അവര്‍ക്കെല്ലാം തിരിച്ചടി നേരിടേണ്ടിവന്നു എന്നത് ചരിത്രം. അവരുടെ അതേമാനസികാവസ്ഥയിലാണിന്ന്  ട്രംപും. ഏഷ്യന്‍ മേഖലയില്‍ യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് ഇന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും. ഉത്തരകൊറിയയെ ഉന്നംവച്ചുള്ളതാണ് അമേരിക്കയുടെ ഓരോ നീക്കവും. ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈലുകള്‍ (ഐസിബിഎം) പരീക്ഷിക്കാന്‍ ഇടയുണ്ടെന്ന അഭ്യൂഹമാണ് അമേരിക്കയുടെ വര്‍ധിച്ച പ്രകോപനത്തിന് കാരണം.

ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ പരാജയമായിരുന്നുവെന്നാണ് മെയ്ദിനപ്പുലരിയില്‍ ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. അതിന്റെ മഷിയുണങ്ങുംമുമ്പാണ് തായ്ലന്‍ഡ്, സിംഗപ്പുര്‍ പ്രധാനമന്ത്രിമാരെ വിളിച്ചുണര്‍ത്തി ഉത്തരകൊറിയക്കെതിരായ നീക്കങ്ങള്‍ക്ക് സൈനികസഹായം അഭ്യര്‍ഥിച്ചത്.

ഇറാഖിലേക്കും അഫ്ഗാനിലേക്കും സിറിയയിലേക്കും അതിക്രമിച്ചുകയറാനും നരമേധം നടത്താനും ഉപയോഗിച്ച അതേതന്ത്രം ആവര്‍ത്തിക്കാനാകുമോ എന്ന പരീക്ഷണത്തിലാണ് അമേരിക്ക. ഇല്ലാത്ത ആണവായുധങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ചായിരുന്നു ഇറാഖില്‍ കടന്നാക്രമണമെങ്കില്‍, തങ്ങള്‍ക്ക് ആണവപരിപാടിയുണ്ടെന്ന് തുറന്ന് പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത ഉത്തരകൊറിയയോടാണ് ഏറ്റുമുട്ടുന്നതെന്ന കൃത്യമായ ബോധ്യം അമേരിക്കയ്ക്കുണ്ട്. അതിനാല്‍, ദക്ഷിണകൊറിയയിലും ജപ്പാനിലും ഉത്തരകൊറിയന്‍ വിരോധം കുത്തിവച്ച് അധിക സൈനികത്താവളത്തിനുള്ള സൌകര്യമൊരുക്കുകയായിരുന്നു അമേരിക്ക.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷമാണല്ലോ ഏകധ്രുവലോകത്തിനായുള്ള ശ്രമം അമേരിക്ക വര്‍ധിപ്പിച്ചത്. പഴയ സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്നെങ്കില്‍ ലോക സമാധാനഭംഗം ഇത്രമേല്‍ വര്‍ധിക്കില്ലായിരുന്നുവെന്നാണ് അനുഭവം. വികസ്വര- അവികസിത രാജ്യങ്ങള്‍ക്കെല്ലാം ആശ്രയിക്കാവുന്നത് കമ്യൂണിസ്റ്റ് റഷ്യയെയായിരുന്നല്ലോ.

അഞ്ച് ആണവപരീക്ഷണങ്ങളും നിരവധി മിസൈല്‍ പരീക്ഷണങ്ങളും അടുത്തിടെ നടത്തിയ ഉത്തരകൊറിയയുടെ കൈവശം ഹ്രസ്വദൂര- മധ്യദൂര മിസൈല്‍മാത്രമേയുള്ളൂ എന്നാണ് അമേരിക്ക കണക്കുകൂട്ടിയിരുന്നത്. ഉത്തരകൊറിയയുടെ പ്രഖ്യാപിത ശത്രുക്കളായ തെക്കന്‍കൊറിയയിലും ജപ്പാനിലും നാശംവിതയ്ക്കാനുള്ള ശേഷിയേ അവയ്ക്കുണ്ടാകൂ എന്നും അവര്‍ ധരിച്ചുപോയിരുന്നു. എന്നാല്‍, അമേരിക്കയെപ്പോലും ലക്ഷ്യംവയ്ക്കാന്‍ പര്യാപ്തമായ മിസൈല്‍ വൈകാതെ അവര്‍ വികസിപ്പിക്കുമെന്ന ഭീതി അമേരിക്ക പ്രകടിപ്പിച്ചിരുന്നു. തങ്ങളെപ്പോലും ആക്രമിക്കാന്‍ ശക്തിയുള്ള, 11000 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍, ഉത്തരകൊറിയയുടെ കൈവശമുണ്ടെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇപ്പോള്‍ പറയുന്നത്. അതാണ് അമേരിക്കന്‍ ആക്രമണോത്സുകതയ്ക്ക് ഇപ്പോള്‍ ആക്കംകൂട്ടിയത്.

അഫ്ഗാനിസ്ഥാനിലും സിറിയയിലുമടക്കം അമേരിക്ക തുടരുന്ന ഏകപക്ഷീയ ആക്രമണത്തിനെതിരെ ശാസ്ത്രജ്ഞരടക്കമുള്ളവര്‍ വൈറ്റ് ഹൌസിനുമുന്നില്‍ ജനകീയ രോഷപ്രകടനം നടത്തുന്ന ഘട്ടത്തില്‍തന്നെയാണ്, ഏഷ്യന്‍ മേഖലയില്‍ മറ്റൊരു യുദ്ധമുഖം തുറക്കാനുള്ള അമേരിക്കയുടെ ബഹുമുഖനീക്കമെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൊറിയന്‍ മേഖലയെ ആയുധമണിയിച്ച് അമേരിക്ക സ്വയം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്.

അതിന്റെ ഭാഗമാണ് തെക്കന്‍കൊറിയയില്‍ നടന്നുവരുന്ന, ജപ്പാന്‍- ഫ്രാന്‍സ്- അമേരിക്ക- ബ്രിട്ടന്‍  സംയുക്ത സൈനികാഭ്യാസം. വടക്കന്‍കൊറിയയെ ലക്ഷ്യമാക്കി അമേരിക്കയും ദക്ഷിണകൊറിയയും 2015 സെപ്തംബറിലും 2016 ആഗസ്തിലും വന്‍ നാവികാഭ്യാസം നടത്തി. അതിന്റെ അടുത്തഘട്ടമാണ് ഇപ്പോഴത്തെ നാവികാഭ്യാസമെങ്കിലും ഉത്തരകൊറിയയെ ഭയപ്പെടുത്തുകയാണ് അവരുടെ മുഖ്യലക്ഷ്യം.

ഉത്തരകൊറിയയെ പ്രകോപിപ്പിക്കാന്‍ വന്‍ പടയൊരുക്കമാണ് അമേരിക്ക നടത്തുന്നത്. പടക്കപ്പലുകളും അന്തര്‍വാഹിനിയും അടക്കം ദക്ഷിണകൊറിയന്‍ തീരത്ത് വിന്യസിച്ചു. അവസാനമായി മെയ്ദിനരാത്രിയില്‍ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റ്യുഡ് ഏരിയ ഡിഫന്‍സ് (താഡ്) എന്ന മിസൈല്‍വേധ സംവിധാനം ദക്ഷിണകൊറിയയിലെ ഒസാന്‍ എയര്‍ബേസില്‍ അമേരിക്ക സ്ഥാപിച്ചു. ഉത്തരകൊറിയ വിക്ഷേപിക്കുന്ന മിസൈലുകള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള സംവിധാനമാണ് താഡ്. 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള സംവിധാനത്തിന് 150 കിലോമീറ്റര്‍വരെ ഉയരത്തില്‍ ലക്ഷ്യം ഭേദിക്കാനാകും.

‘താഡ്’ എന്നറിയപ്പെടുന്ന ഡിഫന്‍സ് മിസൈല്‍ പ്രതിരോധസംവിധാനം സജ്ജമാക്കുന്നതോടെ രാജ്യം ഒന്നടങ്കം യുദ്ധമേഖലയായി മാറുമെന്ന് ദക്ഷിണകൊറിയന്‍ പൌരന്മാര്‍ ഭയപ്പെടുന്നു. ഇതിനെതിരെ ദക്ഷിണകൊറിയയില്‍ ജനകീയപ്രതിഷേധം ശക്തമാണ്. നൂറുകണക്കിന് പ്രദേശവാസികള്‍ തെരുവിലിറങ്ങി. താഡ് സ്ഥാപിക്കുന്ന സൈനികമേഖലയ്ക്കുസമീപമുള്ള രണ്ടു ഗ്രാമത്തില്‍നിന്നുള്ളവരാണ് പ്രതിഷേധക്കാര്‍. ഉപകരണങ്ങള്‍ നീക്കംചെയ്യുംവരെ സമരം തുടരുമെന്നവര്‍ വ്യക്തമാക്കുന്നു.

മേഖലയുടെ സൈനിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന അമേരിക്കന്‍ നീക്കത്തെ വിമര്‍ശിച്ച് ചൈനയും രംഗത്തുവന്നു. ഉത്തരകൊറിയയുടെ മിസൈല്‍ നശിപ്പിക്കുന്നതിലുപരി ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ താഡിലെ റഡാര്‍വഴി ചോര്‍ത്തുമെന്നതിനാല്‍ താഡുമായി തിരികെപ്പൊയ്ക്കൊള്ളണമെന്നാണ്  ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.

കഴുകന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള യുഎസ് പടക്കപ്പല്‍ യുഎസ്എസ് കാള്‍ വിന്‍സണാണ് കൊറിയന്‍ മേഖലയിലേക്ക് ആദ്യം അയച്ചത്. (1982ല്‍ കമീഷന്‍ ചെയ്യുകയും അടുത്തവര്‍ഷം യുദ്ധസജ്ജമാകുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ഈ പടക്കപ്പലിലാണ് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ മൃതശരീരം കടലില്‍ കൊണ്ടുപോയി അമേരിക്ക അടക്കം ചെയ്തത്) പിന്നാലെ യുഎസ് അന്തര്‍വാഹിനി യുഎസ്എസ് മിഷിഗണും കൊറിയന്‍ തീരത്തെത്തിച്ച് അമേരിക്ക യുദ്ധഭീതി വര്‍ധിപ്പിച്ചു.

കാല്‍ലക്ഷത്തോളം അമേരിക്കന്‍ പട്ടാളത്തെയാണ് ദഷിണകൊറിയയില്‍ അവര്‍ നിയോഗിച്ചത്. വിമാനവാഹിനിയായ കാള്‍ വിന്‍സണ്‍ നയിക്കുന്ന പടക്കപ്പലുകളുടെ വ്യൂഹത്തിലേക്കാണ് മിസൈല്‍ സംവിധാനമുള്ള യുഎസ്എസ് മിഷിഗണ്‍ എത്തിച്ചിരിക്കുന്നത്. അമേരിക്കയും ദക്ഷിണകൊറിയയും പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്ന അഭ്യൂഹം അമേരിക്കയ്ക്കുണ്ട്.

ലോകസമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും ആണവ ഉപയോഗത്തെ പിന്തുണയ്ക്കാനാകില്ല. അത് ലോകസമാധാനത്തിന് എതിരാണെന്നുമാത്രമല്ല, മനുഷ്യരാശിയുടെ നാശത്തിനായിരിക്കും അത് ഇടവരുത്തുക. അമേരിക്കയുടെ ആണവ ഉപയോഗത്തെ ലോകം എതിര്‍ക്കുമ്പോള്‍ത്തന്നെ കൊറിയ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടും വിമര്‍ശവിധേയമാണ്.

മേഖലയില്‍ സമാധാനമാണ് അമേരിക്ക ഒഴികെ എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമുണ്ട്. എന്നാല്‍, കൂടുതല്‍ സൈനികരെ വിന്യസിച്ച് യുദ്ധാന്തരീക്ഷം നിലനിര്‍ത്താന്‍ അമേരിക്ക ശ്രമിക്കുമ്പോള്‍, സമാധാനം താനെ കൈവരില്ല. അതിന് പട്ടാളത്തെയും പടക്കോപ്പുകളെയും തിരികെ കൊണ്ടുപോകാന്‍ അമേരിക്കയെ പ്രേരിപ്പിക്കുകയാണ് ലോകരാജ്യങ്ങള്‍ ചെയ്യേണ്ടത്.

(ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News