യുഎസ് മാധ്യമങ്ങള്‍ക്കെതിരെ ദീപിക പദുക്കോണ്‍; ‘അവരെ എതിര്‍ക്കണം, പഠിപ്പിക്കണം’

തന്നെ പ്രിയങ്ക ചോപ്ര എന്ന് വിളിച്ച അമേരിക്കന്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമെതിരെ ദീപിക പദുക്കോണ്‍. ഒരേ നിറമുള്ളവരെല്ലാം ഒരാളല്ലെന്ന് ദീപിക യുഎസ് മാധ്യമങ്ങളെ ഓര്‍മപ്പെടുത്തി.

ദീപികയെ ചില യുഎസ് മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും പ്രിയങ്ക എന്ന് വിളിക്കുന്നുണ്ട്. അടുത്തിടെ ലോസാഞ്ചലസ് വിമാനത്താവളത്തിലും ഒരാള്‍ അവരെ പ്രിയങ്ക എന്നു വിളിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദീപിക ഇത്തരം പേരു തെറ്റലുകള്‍ക്കെതിരെ രംഗത്തുവന്നത്.

‘ഞാന്‍ മാത്രമല്ല ഇതില്‍ പ്രകോപിതയാകേണ്ടത്. ഈ മുറിയിലുള്ള നിങ്ങളെല്ലാവരുമാണ് ഇതില്‍ പ്രകോപിതരാകേണ്ടത്. ഇത് വെറും വിവരക്കേടല്ല. വിവരക്കേട് വിവരക്കേടു തന്നെയാണ്. പക്ഷേ, ഇത് വംശീയം കൂടിയാണ്. അവരോട് എനിക്ക് അവമതിപ്പാണ് തോന്നുന്നത്’- ദീപിക ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ‘ഒരേ തൊലിനിറം ഉള്ള രണ്ടു പേര്‍ ഒരാളാകില്ല. അതുകൊണ്ട് ഇന്ത്യക്കാരായ നിങ്ങള്‍ ഇതിനെതിരെ നില്‍ക്കണം. അവരെ എതിര്‍ക്കണം. പഠിപ്പിക്കണം. പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്’.- ദീപിക തുറന്നടിച്ചു.
ഇത്തരം തെറ്റുകള്‍ ഒഴിവാക്കാനുള്ള പക്വത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണമെന്നും ദീപിക അഭിപ്രായപ്പെട്ടു.

ദീപികയും പ്രിയങ്ക ചോപ്രയും ഹോളിവുഡില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും അങ്ങനെ അമേരിക്കയില്‍ അറിയപ്പെടുന്നവരുമാണ്. ഇരുവര്‍ക്കും തമ്മില്‍ തെറ്റിപ്പോകാവുന്നത്ര സാമ്യവുമില്ല. എന്നിട്ടും, അമേരിക്കക്കാര്‍ക്ക് അങ്ങനെയൊരു പിഴവു പറ്റുന്നുണ്ട്. ചില ചടങ്ങുകളില്‍പ്പോലും അതുണ്ടായി. ദീപികയെ പ്രിയങ്കയായി ധരിക്കുക മാത്രമല്ല, തിരിച്ചും സംഭവിച്ചിട്ടുണ്ട്. അതിനോടെല്ലാമാണ് മാസങ്ങള്‍ക്കു ശേഷം ദീപിക പ്രതികരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News