നിര്‍ഭയ കേസിലെ ‘കുട്ടിക്കുറ്റവാളി’ കേരളത്തിലോ? ജയില്‍ മോചിതനായ യുവാവ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഒരു ഹോട്ടിലെ പാചകതൊഴിലാളി

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച പശ്ചാത്തലത്തിലാണ് കേസിലെ പ്രതിയായിരുന്ന കുട്ടിക്കുറ്റവാളിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. ജുവൈനല്‍ നിയമപ്രകാരം നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയായ മൂന്ന് വര്‍ഷത്തെ തടവുകഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ ദക്ഷിണേന്ത്യയിലെ ഏതോ ഒരു അജ്ഞാത ഹോട്ടലില്‍ പാചക തൊഴിലാളിയായി ജോലിയെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ കാരണങ്ങളാല്‍ ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിചാരണകാലയളവില്‍ ജയിലില്‍ കഴിഞ്ഞ എട്ട് മാസം കൂടി പരിഗണിച്ച് 2015 ഡിസംബറില്‍ ശിക്ഷാകാലാവധി തീരുന്നതിനും ദിവസങ്ങള്‍ ദിവസങ്ങള്‍ മുന്‍പ് ഇയാള്‍ മോചിതനായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ 17 വര്‍ഷവും ആറ് മാസവുമായിരുന്നു പ്രതിയുടെ പ്രായം. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഈ കുട്ടിക്കുറ്റവാളിയെ വിചാരണ ചെയ്തത്.

പുറത്തിറങ്ങിയ കുട്ടിക്കുറ്റവാളിയെ മാധ്യമങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സംരക്ഷിച്ചത് സന്നദ്ധപ്രവര്‍ത്തകരാണ്. ഇവരാണ് ഇയാളെ പുനരധിവസിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതും. ജയിലിന് പുറത്തിറങ്ങിയാല്‍ തന്നെ ജനങ്ങള്‍ കൊലപ്പെടുത്തുമെന്ന ഭയം ഇയാള്‍ക്കുണ്ടായിരുന്നു.

നിര്‍ഭയയുടെ മരണമൊഴി പ്രകാരം ഓടുന്ന ബസില്‍ അവളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണ്. ഇക്കാര്യം വിചാരണയില്‍ കോടതിക്ക് ബോധ്യപ്പെട്ടുവെങ്കിലും പ്രതിയുടെ പ്രായം പരിഗണിച്ചാണ് കോടതി നടപടികള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലക്ക് മാറ്റിയത്. ഇതേ തുടര്‍ന്ന് രാജ്യത്ത് ഏറെ ചര്‍ച്ചകള്‍ നടക്കുകയും ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശുകാരനായ ഇയാള്‍ 11 വയസുള്ളപ്പോള്‍ നാടുവിട്ട് ദില്ലിയിലെത്തുകയായിരുന്നു. പിന്നിട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി. ഇതിനിടെയാണ് നിര്‍ഭയ കേസില്‍ പിടിയിലാകുന്നത്. എന്നാല്‍ ജുവനൈല്‍ ഹോമിലെ മൂന്ന് വര്‍ഷത്തെ ജീവിതം കുട്ടിക്കുറ്റവാളിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നാണ് ജയില്‍ രേഖകള്‍.

ഇപ്പോള്‍ 23 വയസുണ്ട് ഇയാള്‍ക്ക്. മാധ്യമങ്ങളുടേയും മറ്റും കണ്ണില്‍പെടാതെ ഇയാള്‍ തെക്കേ ഇന്ത്യയിലെവിടെയോ ആണ് തൊഴിലെടുക്കുന്നതെന്ന് പുനരധിവാസത്തിന് സൗകര്യമൊരുക്കിയവര്‍ പറയുന്നു. എന്നാല്‍ ഇയാള്‍ ഇപ്പോഴും ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News