ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലി യുവതി; മൊഴി ചൊല്ലിയത് പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍; യുപിയിലെ ഈ യുവതി ചരിത്രത്തിന്റെ ഭാഗം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മുത്തലാഖ് ചൊല്ലി സ്ത്രീ പുതിയ ചരിത്രം സൃഷ്ടിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം പരിധി വിട്ടതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ പരസ്യമായി മൊഴിചൊല്ലിയതെന്ന് അമ്‌റീന്‍ ബാനു പറയുന്നു. പൊലീസ് ഐജി അജയ് ആനന്ദിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു മുത്തലാഖ്.

2012ല്‍ മാര്‍ച്ചിലായിരുന്നു അമ്‌റീന്‍ ബാനുവും സഹോദരി ഫറീനും സഹോദരങ്ങളായ സബീറിനെയും ഷക്കീറിനെയും നിക്കാഹ് കഴിച്ചത്. വിവാഹത്തിന് ശേഷം സബീറും ഷക്കീറും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡനമാരംഭിച്ചതായി അമ്‌റീന്‍ പറയുന്നു. പീഡനങ്ങള്‍ക്കെതിരെ പ്രതികരിച്ചതോടെ കഴിഞ്ഞ സെപ്തംബറില്‍ അമ്‌റീന്റെ സഹോദരി ഫറീനെ, ഷക്കീര്‍ മുത്തലാഖ് ചൊല്ലി.

സഹോദരന്റെ മൊഴി ചൊല്ലലോടെ സ്ത്രീധനത്തിന്റെ പേരില്‍ സബീറിന്റെ പീഡനവും ഉപദ്രവങ്ങളും വര്‍ധിച്ചു. സബീറിനും സഹോദരനും സഹോദരിമാര്‍ക്കുമെതിരെ മാര്‍ച്ചില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് അമ്‌റീന്‍ പറയുന്നു. ഭര്‍ത്താവിന്റെ ക്രൂരതയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐജി അജയ് ആനന്ദിനെ നേരില്‍ കാണാന്‍ പൊലീസ് ആസ്ഥാനത്ത് എത്തിയ ശേഷമാണ് അമ്‌റീന്‍ മുത്തലാഖ് ചൊല്ലിയത്.

അതേസമയം ഇസ്ലാം രീതിയനുസരിച്ച് സ്ത്രീകള്‍ക്ക് മുത്തലാഖ് ചൊല്ലാന്‍ അനുമതിയില്ലെന്ന് മീററ്റിലെ മുഖ്യ ഖാസി ജിനൂര്‍ റഷിദുദ്ദീന്‍ പറഞ്ഞു. ഭര്‍ത്താവിനെ മൊഴിചൊല്ലാന്‍ ഭാര്യ ശരിയത്ത് പഞ്ചായത്തിനാണ് അപേക്ഷ നല്‍കേണ്ടതെന്നും ഖാസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here