കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതീവേണം; ഇരുവരുടെയും അവകാശ സംരക്ഷണത്തിനായി ഡിവൈഎഫ്‌ഐയുടെ നീതിയാത്രയും മനുഷ്യാവകാശ കാമ്പയിനും

കണ്ണൂര്‍ : കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാമ്പയിന്‍. കള്ളക്കേസില്‍ കുടുക്കി നാടുകടത്തിയ ഇരുവരുടെയും അവകാശസംരക്ഷണത്തിനായി ഡിവൈഎഫ്‌ഐ കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് നീതിയാത്ര നടത്തും. വിപുലമായ മനുഷ്യാവകാശ ക്യാമ്പയിനും യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫസല്‍ കേസില്‍ കൊലപാതകികള്‍ കുറ്റം ഏറ്റുപറഞ്ഞിട്ടും ദുരഭിമാനമാണ് സിബിഐയെ പുനരന്വേഷണത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. നിരപരാധികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അഞ്ചുവര്‍ഷത്തോളമായി നാടുകടത്തപ്പെട്ടിട്ട്. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമാണിത്. 2006ല്‍ ഫസല്‍ കൊല്ലപ്പെട്ടശേഷം ആര്‍എസ്എസുകാരാണ് കൊല നടത്തിയതെന്ന് എന്‍ഡിഎഫ് നേതൃത്വം തന്നെ പറഞ്ഞതാണ്.

പിന്നീട് നടന്ന രാഷ്ട്രീയ ഗൂഢാലോചനയിലാണ് കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹായത്തോടെ ആര്‍എസ്എസും എന്‍ഡിഎഫും ഗൂഢാലോചന നടത്തി. ഇതിന്റെ ഫലമായാണ് കാരായി രാജനും പ്രതിചേര്‍ക്കപ്പെട്ടത്. ജയില്‍ വാസത്തിനുശേഷവും ജന്‍മനാട്ടിലേക്ക് മടങ്ങാനാവാതെ എറണാകുളത്ത് കഴിയുകയാണ് ഇരുവരും.

Karayi-rajan

പടുവിലായി വാളാങ്കിച്ചാലിലെ മോഹനന്‍ വധക്കേസിലെ പ്രതികളുടെ കുറ്റസമ്മതമൊഴിയിലാണ് ഫസല്‍ വധത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍ അടക്കം ഇവര്‍ പറഞ്ഞെങ്കിലും സിബിഐ പറ്റിയ തെറ്റ് തിരുത്താന്‍ തയ്യാറാവാത്തത് നിരപരാധികളുടെ ശിക്ഷാ കാലാവധി വര്‍ധിപ്പിക്കുന്നു. നിരപരാധികള്‍ കൊലയാളികളായി വേട്ടയാടപ്പെടുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഒപ്പം ഫസലിന്റെ കുടുംബത്തിനും നീതി ലഭിക്കണം.

ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രകമ്മിറിയംഗം ബിജു കണ്ടക്കൈ നയിക്കുന്ന നീതിയാത്രയില്‍ ഇരുചക്രവാഹനങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട അമ്പത് വളണ്ടിയര്‍മാരാണ് ഉണ്ടാവും. എട്ടിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മനുഷ്യാവകാശസംഗമം നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടി ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.

ഒമ്പതിന് രാവിലെ 9 മണിക്ക് പയ്യാമ്പലത്തെ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ സ്മൃതി മണ്ഡപത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ലഘുലേഖ വിതരണം, വിശദീകരണയോഗങ്ങള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമങ്ങള്‍, ജില്ലാ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ സംഗമങ്ങള്‍ തുടങ്ങിയവ നീതിയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും.

സംസ്ഥാനസെക്രട്ടറിയറ്റംഗം എസ് കെ സജീഷാണ് ജാഥാ മാനേജര്‍. വാര്‍ത്താസമ്മേളനത്തില്‍ ബിജു കണ്ടക്കൈ, വികെ സനോജ്, എം ഷാജര്‍, എന്‍ അനൂപ്, ഒകെ വിനീഷ്, മനുതോമസ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News