മോഡലാകാന്‍ വേണ്ടി ആരോഗ്യം നശിപ്പിക്കുന്നവര്‍ക്കെതിരെ ഫ്രാന്‍സ്; ‘മെലിഞ്ഞ’ സുന്ദരികളെ മോഡലിംഗില്‍ നിന്ന് വിലക്കി; നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ

പാരീസ് : മോഡലാകാന്‍ വേണ്ടി ആരോഗ്യം നശിപ്പിക്കുന്നവരെ നേര്‍വഴിക്ക് നടത്താനൊരുങ്ങി ഫ്രാന്‍സ്. സൗന്ദര്യ സംരക്ഷണത്തിനെന്ന പേരിലുള്ള അനാരോഗ്യ പ്രവണതകള്‍ തടയാനാണ് തീരുമാനം. വേണ്ടത്ര ആരോഗ്യമുള്ളവര്‍ക്ക് മാത്രമേ ഇനി മോഡലിംഗില്‍ തുടരാനാവൂ. നിയമം ലംഘിക്കുന്ന മെലിഞ്ഞ സുന്ദരികള്‍ക്ക് കര്‍ശന ശിക്ഷയാണ് നിയമം വഴി നല്‍കുന്നത്.

മോഡലാകാന്‍ മിനിമം ബോഡി മാസ് ഇന്‍ഡക്‌സ് എങ്കിലും വേണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഇതിന് മെഡിക്കല്‍ പരിശോധനയും ഫ്രാന്‍സ് നിയമം മൂലം നിര്‍ബന്ധമാക്കി. മോഡലുകളുടെ ഫോട്ടോകളില്‍ ഫോട്ടോഷോപ്പിലൂടെ എഡിറ്റിംഗ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് ഫോട്ടോയുടെ മുകളില്‍ രേഖപ്പെടുത്തണം. നിയമം ലംഘിക്കുന്നവര്‍ക്ക് 53ലക്ഷം രൂപ (75000 യൂറോ) വരെ പിഴയടക്കേണ്ടിവരും. ആറ് വര്‍ഷം വരെ തടവുശിക്ഷയും അനുഭവിക്കണം.

ഭക്ഷണം കഴിക്കലില്‍ ഒരു വ്യക്തി നേരിടുന്ന മാനസികമായ തകരാറില്‍ നിന്ന് മോചിപ്പിക്കുക എന്നതും നിയമത്തിന്റെ ലക്ഷ്യമാണ്. അനോറെക്‌സിയ എന്ന ഈ രോഗം മൂലം മോഡലുകള്‍ മനപൂര്‍വം വേണ്ടത്ര ആരോഗ്യം കാത്തുസൂക്ഷിക്കുന്നില്ല എന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഫാഷന്‍ – മോഡലിംഗ് രംഗത്തെ അനാരോഗ്യ പ്രവണതകളെ നേരിടുക എന്നത് കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവന്നത്.

ഫാഷന്‍ രംഗത്തെ അതീവ മെലിഞ്ഞ മോഡലുകള്‍ തെറ്റായ ആരോഗ്യ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ നിരീക്ഷണം. ഫോട്ടോഷോപ്പിലൂടെ പുറത്ത് വരുന്ന മോഡലുകളുടെ യഥാര്‍ത്ഥമല്ലാത്ത ഫോട്ടോകള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തും. പൊതുസമൂഹത്തില്‍ ആരോഗ്യ സംബന്ധമായ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതാണ് നിയമം കൊണ്ടുവരാനുള്ള കാരണമെന്ന് ഫ്രാന്‍സിലെ സാമൂഹിക വകുപ്പ് മന്ത്രി പറയുന്നു.

ഇതിനു മുമ്പ് ഇറ്റലി, സ്‌പെയിന്‍ ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. 30000 മുതല്‍ 40000 വരെയുള്ള ജനങ്ങള്‍ ഫ്രാന്‍സില്‍ അനോറക്‌സിയ രോഗത്തിനുടമകളാണ്. ഇതില്‍ 90% സ്ത്രീകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ ബോധവല്‍ക്കരണം കൂടി ലക്ഷ്യമിട്ട് നിയമം നടപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here