തിരുവനന്തപുരം : കേരളം മുന്നോട്ടു വെയ്ക്കുന്ന ഒരു മാതൃകാ പദ്ധതികൂടി ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണ് ലാറ്റിന്‍ അമേരിക്കന്‍ ടെലിവിഷന്‍ ടെലിസുര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതു ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വെനിസ്വേല ആസ്ഥാനമായ ചാനലാണ് കേരളത്തിന്റെ പുത്തന്‍ ചുവടുവെപ്പിനെ ആഗോളമാതൃകയായി പരിചയപ്പെടുത്തിയത്. മുപ്പതുലക്ഷത്തിലേറെ വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്ന് ഫസ്റ്റ്‌പോസ്റ്റ് വാര്‍ത്തയെ അധികരിച്ച് ടെലിസുര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗങ്ങളും അപകടങ്ങളും ജീവിതം ഇരുട്ടിലേക്കു തള്ളിവിടുന്ന സാഹചര്യം മറികടക്കാനുള്ള ശ്രമമാണിതെന്ന് ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി ഭൂപേഷ് റോയിയുടെ ജീവിതാനുഭവങ്ങളിലൂടെ വിവരിക്കുന്നു. 15,000 രൂപ വരെയുള്ള സൗജന്യ ചികിത്സ, അപകട മരണങ്ങള്‍ക്ക് രണ്ട് ലക്ഷം വരെ നഷ്ടപരിഹാരം തുടങ്ങിയവ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പത്തുകോടി അനുവദിച്ചതായും ടെലിസുറിന്റെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രാരംഭ നടപടികള്‍ നടന്നു വരുന്ന പദ്ധതിയെപ്പറ്റി #21stCenturySocialism എന്ന ഹാഷ്ടാഗ് നല്‍കിയാണ് ചാനല്‍ വെബ്‌സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്താദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നതെന്നും ടെലിസുര്‍ പറയുന്നു. വെനിസ്വേല, ക്യൂബ, ഇക്വഡോര്‍, ബൊളീവിയ, നിക്വരാഗ്വ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള ചാനല്‍ ലാറ്റിനമേരിക്കയുടെ ഐക്യത്തിനായി നിലകൊള്ളുന്ന ചാനലാണ് ടെലിസുര്‍.

Get real time update about this post categories directly on your device, subscribe now.