മോദിസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് യെച്ചൂരി; പാര്‍ലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍, ഹിന്ദുത്വപ്രത്യയ ശാസ്ത്രത്തില്‍ ഊന്നുന്ന വര്‍ഗീയത, സാമ്രാജ്യത്വത്തിന് അനുകൂലമായ വിദേശനയം, പാര്‍ലമെന്ററി സംവിധാനങ്ങള്‍ നോക്കുകുത്തിയാക്കല്‍ എന്നിവയാണ് സംഘപരിവാര്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

സോവിയറ്റ് യൂണിയനിലെ മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചുവപ്പ്‌സേന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വ അനുകൂല വിദേശനയത്തിലൂടെ ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണര്‍ ആക്കുകയാണ് മോദി സര്‍ക്കാര്‍. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നര്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 58 ശതമാനവും കൈയടക്കി. സമ്പത്തു വിതരണത്തിലെ അസമത്വം രാജ്യത്ത് വര്‍ധിച്ചു വരുന്നു എന്നാണ് ഇത് കാട്ടുന്നത്.

തികച്ചും ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ നയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അവര്‍ പാര്‍ലമെന്ററി സംവിധാനത്തെ ആകെ നോക്കുകുത്തിയാക്കി. യുപി നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ രാജ്യം മൊത്തം തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങിയെന്നാണ് സംഘപരിവാര്‍ കരുതുന്നത്. അബദ്ധജടിലമായ ധാരണയാണ് ഇത്. രാമായണത്തില്‍ ശ്രീരാമന്‍ നടത്തിയ അശ്വമേഥത്തെക്കുറിച്ച് സൂചനയുണ്ട്. അദ്ദേഹം അഴിച്ചുവിട്ട യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും കെല്‍പ്പില്ല എന്നായിരുന്നു ധാരണ. എന്നാല്‍ നന്നേ കുട്ടികളായ ലവകുശന്മാര്‍ ആ കുതിരയെ പിടിച്ചുകെട്ടി. ബിജെപി അഴിച്ചുവിട്ട വര്‍ഗീയത എന്ന യാഗാശ്വത്തെ ചെങ്കൊടിയില്‍ പതിപ്പിച്ചിട്ടുള്ള തൊഴിലാളികളുടെ ചുറ്റികയുടെ ശക്തിയും കര്‍ഷകന്റെ അരിവാളിന്റെ ശക്തിയും ഉപയോഗിച്ച് സിപിഐഎം എന്ന പ്രസ്ഥാനം ചെറുക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ വന്‍ജനപിന്തുണയോടെ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആര്‍എസ്എസ് നേതൃത്വത്തില്‍ സിപിഐഎമ്മിനെതിരെ നടക്കുന്ന കടുത്ത ആക്രമണം ഇതിന്റെ ഭാഗമാണ്. സിപിഐഎമ്മിനു പിന്നില്‍ അണിനിരന്നിട്ടുള്ള ചെറുപ്പക്കാരായ ചുവപ്പുസേന അംഗങ്ങളുടെ അടക്കം സഹായത്തോടെയും പിന്തുണയോടെയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ആക്രമണങ്ങളെ അതിജീവിക്കും. ജനക്ഷേമകരമായ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കി വര്‍ധിച്ച ജനപിന്തുണയോടെ എല്‍ഡിഎഫ് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണിയും ദാരിദ്ര്യവും ചൂഷണവും അടിച്ചമര്‍ത്തലും ഇല്ലാത്ത പുതിയൊരു ലോകക്രമം സാധ്യമാക്കി എന്നതാണ് മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ ഉജ്വലനേട്ടമെന്നും അദ്ദേഹം പറഞ്ഞു. 400 വര്‍ഷത്തെ ചരിത്രമുണ്ടായിരുന്ന മുതലാളിത്വത്തെ തകര്‍ത്താണ് സോവിയറ്റ് യുണിയന്‍ വെറും 40 വര്‍ഷം കൊണ്ട് ഈ നേട്ടം കൈവരിച്ചത്. മാക്‌സിസം ലെനിനിസം എന്ന മഹത്തായ ദര്‍ശനം പ്രയോഗത്തില്‍ വരുത്തി പുതിയൊരു സാമൂഹിക ജീവിതം സോവിയറ്റ് ജനതയ്ക്ക് നല്‍കാന്‍ ഒക്ടോബര്‍ വിപ്ലവത്തിന് കഴിഞ്ഞു.

ഈ നേട്ടത്തിന്റെ പിന്‍ബലത്തിലാണ് ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ജര്‍മനിയെ പരാജയപ്പെടുത്തി സോവിയറ്റ് സൈന്യം ജര്‍മന്‍ പാര്‍ലമെന്റില്‍ ചെമ്പതാക ഉയര്‍ത്തിയത്. മോസ്‌കോയില്‍ ഇരച്ചുകയറിയ ജര്‍മന്‍ പട തോല്‍വി ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ മോസ്‌കോയുടെ നഗരവീഥികളില്‍ ഇങ്ങനെ കുറിച്ചു: ‘ഞങ്ങള്‍ തോറ്റു. അതിനാല്‍ പിന്‍വാങ്ങുന്നു’. അതിനു കീഴെ സോവിയറ്റ് ഭടന്‍ ഇങ്ങനെ എഴുതി: ‘നിങ്ങള്‍ പൊയ്‌ക്കൊള്ളൂ. ഞങ്ങള്‍ ഉടനെ ബെര്‍ലിനില്‍ എത്തും’. ഇത് സാധ്യമാക്കിയാണ് സോവിയറ്റ് ചെമ്പട ബെര്‍ലിനില്‍ എത്തിയതും ഹിറ്റ്‌ലറുടെ സൈന്യത്തെ പരാജയപ്പെടുത്തി ഫാസിസത്തിന് അന്ത്യം കുറിച്ചത്.

അന്നത്തെ ചെമ്പടയുടെ പാരമ്പര്യം പിന്‍പറ്റിയാണ് ഇന്ത്യയിലും സിപിഐഎം നേതൃത്വത്തില്‍ ചുവപ്പുസേന ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നത്. ഈ ചുവപ്പു സേനയില്‍ അണിനിരന്നിട്ടുള്ള ലക്ഷക്കണക്കിന് വരുന്ന ചെറുപ്പക്കാരാണ് സിപിഐഎമ്മിന്റെ കരുത്ത്. ഈ കരുത്തില്‍ സംഘപരിവാര്‍ ശക്തികളുടെ ആക്രമണങ്ങളെയും വെല്ലുവിളികളെയും സിപിഐഎം അതിജീവിക്കും. ബിജെപി നേതൃത്വം കോണ്‍ഗ്രസിന് എതിരെ രാഷ്ട്രീയമായ ആക്രമണം നടത്തുന്നില്ല. കാരണം ഇന്ന് ബിജെപി എംപിമാരായിട്ടുള്ളവരില്‍ പകുതിയിലേറെയും പഴയ കോണ്‍ഗ്രസുകാരാണ്.

അതേസമയം, സംഘ്പരിവാര്‍ ശക്തികളുടെ ആക്രമത്തിന്റെ കുന്തമുന ഇടതുപക്ഷത്തിന് നേരെയാണ് തിരിയുന്നത്. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെ അണിനിരത്തി ഈ വെല്ലുവിളിയെ ഇടതുപക്ഷം അതിജീവിക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News