സിപിഐഎമ്മിന്റെ ശബ്ദത്തെ ആര്‍എസ്എസ് ഭയക്കുന്നെന്ന് കോടിയേരി; സിപിഐഎമ്മിന്റെ വളര്‍ച്ച ആര്‍എസ്എസിന്റെ ഔദാര്യമല്ല

കൊല്ലം: കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ മടിക്കുന്ന ബിജെപി ഭയക്കുന്നത് സിപിഐഎമ്മിനെയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് ഇന്ത്യയില്‍ ഭരണം പൂര്‍ണതയിലെത്തണമെങ്കില്‍ കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ അധികാരത്തിലെത്തണം. എന്നാല്‍ സിപിഐഎമ്മിന്റെ ശക്തമായ വളര്‍ച്ച ഇതിന് തടസം നില്‍ക്കുകയാണ്. നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തെ നേരിടാന്‍ ചുവപ്പുസേനയ്ക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് ഈ പരേഡ്. സിപിഐഎമ്മിന്റെ ശബ്ദത്തെ ആര്‍എസ്എസ് ഭയക്കുന്നു. അതുകൊണ്ടാണ് നേതാക്കളായ പിണറായി വിജയനും സീതാറാം യെച്ചൂരിയും പങ്കെടുക്കുന്ന യോഗങ്ങള്‍ ആര്‍എസ്എസ് ബിജെപി നേതൃത്വം തടസപ്പെടുത്തുന്നതെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി കേരള ജനതയ്ക്കുണ്ട്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനകളാണ് കേരളത്തില്‍ ഇന്ന് സംസാരവിഷയം. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കുന്നതിനു വേണ്ടിയാണ്. സര്‍ക്കാരിനെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നാം ഓരോരുത്തരും രാഷ്ട്രീയ പ്രബുദ്ധതയോടെ ഏറ്റെടുക്കണം.

ഇന്ത്യയില്‍ സോഷ്യലിസം സാധ്യമാകുമെന്നും സിപിഐഎമ്മിന് രാഷ്ട്രീയഭാവിയുണ്ടെന്ന് തെളിയിക്കുന്നതാണ് യുവാക്കളുടെ കടന്നുവരവ്. സിപിഐഎമ്മിന്റെ വളര്‍ച്ച ആര്‍എസ്എസിന്റെ ഔദാര്യമല്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here