ഇന്ത്യ നേരിടുന്ന വെല്ലുവിളി ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രനിര്‍മിതിയാണെന്ന് യെച്ചൂരി; ഇന്ത്യ എന്ന വികാരത്തെ വിഘടിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം

തിരുവനന്തപുരം: ഹിന്ദുരാഷ്ട്രനിര്‍മിതി ലക്ഷ്യമിട്ടുള്ള ആര്‍എസ്എസിന്റെ നയരൂപീകരണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇഎംഎസ് അക്കാദമിയില്‍ ‘സമകാലീന ഇന്ത്യ: പ്രശ്‌നങ്ങളും സാധ്യതകളും’ പഠനകോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

ഇന്ത്യയെ താങ്ങിനിര്‍ത്തുന്ന അടിസ്ഥാന തൂണുകളെയെല്ലാം തകര്‍ക്കുകയാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാര്‍. മതനിരപേക്ഷത, സാമൂഹ്യനീതി, ഫെഡറലിസം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയവയെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. വൈവിധ്യത്തില്‍ ഊന്നിയ ദേശീയതയെയും തകര്‍ക്കുന്നു. മലയാളി ദേശീയത, ബംഗാളി ദേശീയത, മറാട്ടി ദേശീയത, കശ്മീരി ദേശീയത എന്നിങ്ങനെയുള്ള ചിന്താധാരകളാകെ ചേര്‍ന്നതാണ് ഇന്ത്യന്‍ ദേശീയത. അതിനെ ഹിന്ദുത്വദേശീയതയാക്കാനാണ് ആര്‍എസ്എസ് ശ്രമം. വ്യത്യസ്തമായ തിരിച്ചറിയല്‍ അടയാളങ്ങള്‍ സൂക്ഷിക്കുന്ന ഇന്ത്യക്കാര്‍ ഏക ദേശീയതയില്‍ അടിയുറച്ചുവിശ്വസിക്കുന്നു. അത് ഇന്ത്യ എന്ന വികാരമാണ്. ഇതിനെ വിഘടിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമം.

ഇന്ത്യ എന്ന ആശയമാണ് ലോകത്തിനുമുന്നില്‍ നാം വച്ചിട്ടുള്ളത്. ഇന്ത്യ എന്ന ആശയത്തിന് വലിയ സംഭാവന നല്‍കിയത് സ്വാതന്ത്യ്രസമര നേതാക്കളാണ്. ഇന്ത്യ എന്നും മതനിരപേക്ഷ രാഷ്ട്രമായിരിക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. ജനാധിപത്യത്തിന്റെ കാതല്‍ ഈ മതനിരപേക്ഷതയായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു. സ്വാതന്ത്ര്യസമരത്തില്‍ വിവിധ ദേശീയതകളെ സംയോജിപ്പിക്കുകയായിരുന്നു ഈ നേതാക്കള്‍. കോണ്‍ഗ്രസ് നേതൃത്വംതന്നെ വിവിധ ദേശീയതകളുടെയും വൈജാത്യങ്ങളുടെയും സംയോജനമായിരുന്നു. പുന്നപ്രവയലാര്‍ സമരം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളിലൂടെ ഇടതുപക്ഷവും വളര്‍ന്നു.

ഈ ദേശീയതകളെ വല്ലാതെ ചൂഷണംചെയ്ത കോണ്‍ഗ്രസ് പക്ഷേ, ഭൂപ്രഭുക്കന്മാര്‍ക്കൊപ്പം പോകുന്നതും കാണേണ്ടിവന്നു. എന്നാല്‍, ഇടതുപക്ഷം ചൂഷണത്തിന് ഇരയാകുന്നവര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം ചേര്‍ന്നു. ഇവരെയും പ്രക്ഷോഭങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തരാക്കി. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പം സാമ്പത്തികസ്വാതന്ത്ര്യത്തിനുള്ള പാതയൊരുക്കാനും ഈ പ്രക്ഷോഭങ്ങള്‍ ലക്ഷ്യമിട്ടു. അതിനായി സോഷ്യലിസമെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സാമ്രാജ്യത്വത്തിനൊപ്പം നിലയുറപ്പിച്ച ആര്‍എസ്എസ് സ്വാതന്ത്ര്യാനന്തര ഇന്ത്യ ഹിന്ദുത്വരാഷ്ട്രമായിരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. മുസ്ലിംലീഗിന്റെ പാകിസ്ഥാന്‍ വാദത്തിന്റെ ചുവട് പിടിച്ചായിരുന്നു ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രവാദം. അന്നു നടക്കാത്ത സ്വപ്നമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

ജനാധിപത്യ മതനിരപേക്ഷരാജ്യം എങ്ങനെ മുന്നോട്ടുപോകുമെന്നതാണ് ഇന്നത്തെ പ്രധാന ചോദ്യം. നമ്മള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മതനിരപേക്ഷ കാഴ്ചപ്പാടാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് തുടങ്ങിവച്ച സാമ്പത്തികപരിഷ്‌കരണ നടപടികള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ് നരേന്ദ്ര മോഡി. സാമ്പത്തിക, സാങ്കേതിക, സൈനിക കാര്യങ്ങളിലെല്ലാം അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ മാറ്റിക്കഴിഞ്ഞു. ഇത് നാടിന് വലിയ ആപത്താണ് സൃഷ്ടിക്കുക. ഹിന്ദുരാഷ്ട്രനിര്‍മിതിയുടെ അടിസ്ഥാനമായാണ് സംഘപരിവാര്‍ ഇതിനെ കാണുന്നത്. മുസ്ലിം, ദളിത് വിഭാഗങ്ങളെ ആര്‍എസ്എസിന്റെ സമാന്തര സേനകള്‍ കൊന്നൊടുക്കുകയാണ്. സദാചാര പൊലീസ് സേന വ്യാപകമാകുന്നു. ഹിന്ദുവും മുസ്ലിമും പരസ്പരം സംസാരിക്കുന്നതുപോലും ലൌ ജിഹാദ് തുടങ്ങിയ പേരുകള്‍പറഞ്ഞ് വിലക്കുന്നു. മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഈ ഭരണസംവിധാനത്തിന് ഒപ്പമായി. ഇതാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News