മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗരതിയും ചെയ്യുന്ന ലീഗ് നേതാക്കന്മാരുടെ ലിസ്റ്റ് തരാം; ലീഗുകാരാ, നിന്റെ നേതാക്കന്മാരെ പൊളിച്ചെടുക്കും: ലീഗിനെ വെല്ലുവിളിച്ച് ഖമറുന്നിസ അന്‍വറിന്റെ മകന്‍

മലപ്പുറം: മുസ്ലിംലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് മുന്‍ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറിന്റെ മകന്‍ അസ്ഹര്‍ എം. പള്ളിക്കല്‍. ഖമറുന്നീസയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അസ്ഹര്‍ രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലിം എന്ന പേര് വച്ച് മുസ്ലിമിന് നിഷിദ്ധമാക്കിയ മദ്യപാനവും, വ്യഭിചാരവും, സ്വവര്‍ഗരതിയും ചെയ്യുന്ന നേതാക്കന്മാരുടെ ലിസ്റ്റ് തരാമെന്നും അനിസ്‌ലാമിക കാര്യങ്ങള്‍ ചെയ്തതിന് ഇന്ന് വരെ ആരെയെങ്കിലും ലീഗ് പുറത്താക്കിയിട്ടുണ്ടോയെന്നും അസ്ഹര്‍ ചോദിക്കുന്നു. പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രമാണെന്നും അത് എന്തിനാണെന്ന് അറിയാമല്ലോയെന്നും അസ്ഹര്‍ ചോദിക്കുന്നു. ചൊറിയുന്ന ലീഗുകാര്‍ വന്നാല്‍ തെളിവ് സഹിതം നേതാക്കന്‍മാരെ പൊളിച്ചടുക്കിത്തരാമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കമറുന്നിസ അന്‍വര്‍ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു, ചെറിയ ഒരു സംഘ്യ കൊടുത്തു BJPയുടെ. പാണക്കാട് തങ്ങന്മാര്‍ ഇതേ പരിപാടി ആരു സാമ്പത്തിക പ്രശ്‌നം പറഞ്ഞു ചെന്നാലും ഒരു ചെറിയ സംഖ്യ കൊടുത്തു പരിഹരിക്കാന്‍ തുടക്കമിടുന്നു. ആരു ചെന്നാലും. എന്താ വ്യത്യാസം? ലീഗുകാരാ നിനക്കു ചൊറിയേണ്ട ഒരു ആവശ്യവുമില്ല. മുസ്ലിം എന്ന പേരു വച്ചു മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്ധ്യപാനവും വ്യഭിചാരവും സ്വര്‍ഗ്ഗ രതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം. ആരെ എങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോ? പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രം, എന്തിനാന്നറിയല്ലോ? ചൊറിയുന്ന ലീഗ് കാരാ വാ, തെളിവ് സഹിതം നിന്റെ നേതാക്കന്മാരെ പൊളിച്ചെടുക്കിത്തരാം.


ഖമറുന്നിസ ബിജെപിയെ പ്രശംസിച്ചതിനും ന്യായീകരിച്ചതിനും മുസ്ലീംലീഗിനുള്ളില്‍ അതൃപ്തി രൂക്ഷമായിരുന്നു. ബിജെപിയുടെ പ്രവര്‍ത്തനത്തിന് ഫണ്ടും കൈമാറിയ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കളും രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഖമറുന്നിസ, പാണക്കാട് ഹൈദരലി തങ്ങളെ കണ്ട് മാപ്പപേക്ഷ നല്‍കിയിരുന്നു. അതിനുശേഷവും സോഷ്യല്‍മീഡിയ വഴി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാന്‍ ലീഗ് തീരുമാനിച്ചത്.

ബിജെപിക്ക് അനുകൂലമായ നിലപാട് തിരുത്താന്‍ തയ്യാറാവാത്തതിനാലാണ് ഖമറുന്നീസ അന്‍വറിനെതിരെ നടപടി എടുത്തതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്നലെ പറഞ്ഞിരുന്നു. മാപ്പപേക്ഷയ്ക്ക് ശേഷവും ഖമറുന്നീസ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ബോധ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗ് നേതാവിനോട് അനുമതി വാങ്ങിയ കാര്യം പാര്‍ട്ടിക്ക് മുന്നില്‍ വന്നിട്ടില്ലെന്നും കെപിഎ മജീദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here