ഇന്ത്യന്‍ സിനിമയില്‍ ഇത് ചരിത്രം; പത്താം ദിവസം ബാഹുബലി-2 ആയിരം കോടി ക്ലബില്‍; ഇന്ത്യയില്‍ നിന്ന് 800 കോടിയും വിദേശത്തു നിന്നും 200 കോടിയും

ദൃശ്യവിസ്മയമൊരുക്കി പ്രേക്ഷകരിലേക്കെത്തിയ ബാഹുബലി രണ്ടാം ഭാഗം ആയിരം കോടി ക്ലബില്‍. റിലീസ് ചെയ്ത് പത്തുദിവസങ്ങള്‍ കൊണ്ടാണ് 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ് ബാഹുബലി-2 സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നും 800 കോടിയും വിദേശത്തു നിന്നും 200 കോടിയുമാണ് ചിത്രം നേടിയത്.

കഴിഞ്ഞ ദിവസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ബാഹുബലി-2ന്റെ ആയിരം കോടി ക്ലബ് സ്ഥാനം ഉറപ്പിച്ചിരുന്നു. ഇന്നലെ ഇന്ത്യയില്‍നിന്നും 745 കോടിയും വിദേശത്തുനിന്നും 180 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. ഒരു ഇന്ത്യന്‍ ചിത്രത്തിന് വിദേശത്ത് ഇത്രയധികം സ്വീകരണം ലഭിക്കുന്നതും ഇതാദ്യമായാണ്.


ആമിര്‍ ഖാന്‍ ചിത്രങ്ങളായ പികെയുടെയും ദംഗലിന്റെയും റെക്കോര്‍ഡുകള്‍ ബാഹുബലി 2 കഴിഞ്ഞദിവസം തന്നെ തകര്‍ത്തിരുന്നു. പികെ 768 കോടിയും ദംഗല്‍ 716 കോടിയുമായിരുന്നു നേടിയിരുന്നത്.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ 9000 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ബാഹുബലി 2, ഇന്നും നിറഞ്ഞസദസിലാണ് പ്രദര്‍ശനം തുടരുന്നത്. ഇന്ത്യയില്‍ 6,500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here