നൗഷാദിന്റെ ത്യാഗത്തിനും നന്മക്കും ഇടതുസര്‍ക്കാരിന്റെ ആദരം; ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു; ‘ജീവനുള്ള കാലം ഈ സര്‍ക്കാരിനെ മറക്കാനാവില്ല’

കോഴിക്കോട്: കോഴിക്കോട് മാന്‍ഹാളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ജീവിതം നല്‍കിയ വേദനകള്‍ മറക്കാന്‍ പുതിയ ഉത്തരവാദിത്വം തന്നെ സഹായിക്കുമെന്ന ആശ്വാസമാണ് സഫ്രീനയ്ക്ക് ഇപ്പോള്‍. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയിലാണ് സഫ്രീനയുടെ നിയമനം.

‘ഇടതുസര്‍ക്കാരിന് നന്ദി’ റവന്യൂവകുപ്പിലെ തപാല്‍ സെക്ഷനിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഇത് പറയുമ്പോള്‍ സഫ്രീനയുടെ കണ്ണുകളില്‍ തിളക്കം. ഭര്‍ത്താവിന്റെ മരണശേഷം ഒരുവര്‍ഷമായി വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന സഫ്രീനയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാണ് ഈ ജോലി. കലക്ടറേറ്റിലേക്കുള്ള കത്തുകളെത്തുന്ന തപാല്‍ സെക്ഷനിലാണ് ജോലി. കത്തുകള്‍ വേര്‍തിരിച്ച് ഓരോ ഓഫീസിലേക്കും മാറ്റുന്ന ജോലിയായിരുന്നു ആദ്യ ദിവസം. അത് കുഴപ്പമില്ലാതെ ചെയ്തതായി സഫറീന പറഞ്ഞു. ‘എല്ലാവരും സഹകരിക്കുന്നു. അതില്‍ സന്തോഷമുണ്ട്’.

സര്‍ക്കാരിന്റെ ഈ തീരുമാനം മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതാണെന്ന് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായ ബാപ്പ ഹംസക്കോയ പറഞ്ഞു. ‘നൗഷാദ് മരിച്ചശേഷം അവള്‍ പുറത്തിറങ്ങാറില്ലായിരുന്നു. വീട്ടില്‍ മൂടിപ്പിടിച്ചിരിക്കും. അവള്‍ പുറത്തിറങ്ങി ആളുകളോട് സംസാരിച്ചുതുടങ്ങിയപ്പോള്‍ ഉണ്ടായ സന്തോഷം ചെറുതല്ല. എനിക്ക് ജീവനുള്ളിടത്തോളം കാലം ഈ സര്‍ക്കാരിനെ മറക്കാനാവില്ല’- ഹംസക്കോയ പറഞ്ഞു.

2015 നവംബര്‍ 26നാണ് നാടിനെ നടുക്കിയ മാന്‍ഹോള്‍ ദുരന്തം. കോഴിക്കോട് തളി ഭാഗത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ കുടുങ്ങിപ്പോയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവറായ നൗഷാദ് അപകടത്തില്‍പ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here