ഇഎംഎസ് അക്കാദമി ജനകീയ പഠനകേന്ദ്രമാകുന്നു; തുടങ്ങുന്നത് ഒരുവര്‍ഷം നീളുന്ന കോഴ്‌സുകള്‍; ലോക സാഹചര്യങ്ങളുടെ തുറന്ന സംവാദവേദിയാകും

തിരുവനന്തപുരം : രണ്ട് ദശകത്തിന്റെ ചരിത്രത്തില്‍ ഇഎംഎസ് അക്കാദമി ഇനി അനൗപചാരിക പാഠശാല. ഇഎംഎസിന്റെ പേരില്‍ സിപിഐഎം വിളപ്പില്‍ശാലയില്‍ തുടക്കമിട്ട അക്കാദമിയാണ് ജനകീയ പഠന കേന്ദ്രമായി മാറുന്നത്. അതിവിശാലമായ ക്യാമ്പസ് ഇനി രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റതന്നെ മാറുന്ന സാഹചര്യങ്ങളുടെ തുറന്ന സംവാദ വേദിയായി മാറും.

രണ്ട് പതിറ്റാണ്ടിനുള്ളില്‍ ചെറുതും വലുതുമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായാണ് അക്കാദമി പുതിയ വാതായനങ്ങള്‍ തുറക്കുന്നത്. സിപിഐ എമ്മിന്റെയും വര്‍ഗ ബഹുജന സംഘടനകളുടെയും പഠന ക്ലാസുകള്‍ക്കും ക്യാമ്പുകള്‍ക്കുമായിരുന്നു അക്കാദമി വേദിയായത്. ഇതിന്റെ ഭാഗമായി വിപുലമായ ലൈബ്രറി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

അക്കാദമിയില്‍ എത്തുന്ന പണ്ഡിതര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് താമസ സൗകര്യം അടക്കം ഒരുക്കുന്നതിലൂടെ മികച്ച ഗവേഷണ കേന്ദ്രമായി അക്കാദമി വളര്‍ന്നു. ഈ സാഹചര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് പൊതുജനങ്ങള്‍ക്കും പ്രാപ്യമാകുന്ന പാഠശാലയായി അക്കാദമിയെ മാറ്റുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു വര്‍ഷ പഠന കോഴ്‌സിനാണ് തുടക്കമായത്.

EMS-Academy-1

രണ്ടോ മൂന്നോ ദിവസം നീളുന്ന ഹ്രസ്വകാല പരിശീലന പരിപാടികളാണ് അക്കാദമിയില്‍ നടന്നിരുന്നത്. എന്നാല്‍ വിലയിരുത്തലും മൂല്യനിര്‍ണയവും അടക്കമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് അക്കാദമി ഡയറക്ടര്‍ ഡോ. കെഎന്‍ ഗണേഷ് പറഞ്ഞു. ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും സാഹചര്യങ്ങളെയും ചരിത്രപരമായും മാര്‍ക്‌സിസ്റ്റ് ആശയാടിസ്ഥാനത്തില്‍ വൈരുധ്യാത്മകമായി പരിഗണിച്ചുള്ള പഠനത്തിനാണ് പ്രാമുഖ്യം.

കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍, ഹിന്ദുത്വവാദ വെല്ലുവിളികള്‍, സംസ്ഥാനത്തിന് ആവശ്യമായ വികസനനയം തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതിയാണ് തയ്യാറാക്കിയത്. ജനങ്ങള്‍ക്ക് ഇന്ന് അനുഭവഭേദ്യമാകുന്ന മാറ്റങ്ങളെയാണ് പാഠ്യപദ്ധതിയില്‍ പ്രധാനമായും വിലയിരുത്തുന്നത്. കാലാകാലമായി സിപിഐഎം നടത്തുന്ന പ്രകിയയുടെ ഭാഗമാണിതും.

ഇത്തരം കാര്യങ്ങളില്‍ സമൂഹത്തിന് കൃത്യമായ വിവരം ലഭ്യമാക്കുകയും ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയില്‍വന്ന മാറ്റങ്ങള്‍, ഭൂപ്രഭുത്വം ഇല്ലാതായെങ്കിലും നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലടക്കമുണ്ടായ പുതിയ തൊഴിലാളി വര്‍ഗ വിഭാഗം, പൊതുമേഖലയുടെ വിറ്റഴിക്കല്‍, പൊതുമേഖല എന്ന സങ്കല്‍പ്പത്തില്‍ വരുന്ന മാറ്റം തുടങ്ങിയവ ഇഎംഎസ് അക്കാദമിയില്‍ ഇനി ചര്‍ച്ച ചെയ്യും.

തൊഴിലാളി വര്‍ഗഘടനയില്‍ വന്ന മാറ്റങ്ങള്‍, ജ്ഞാന തൊഴിലാളികള്‍, പ്രൊഫസര്‍മാര്‍, വ്യവസായ എക്‌സിക്യൂട്ടിവുകള്‍, സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ തുടങ്ങി പുത്തന്‍തലമുറ തൊഴില്‍ വര്‍ഗത്തിന്റെ ചിന്താധാരകള്‍, ഇവര്‍ നിലവിലുള്ള വര്‍ഗസമരത്തോട് എങ്ങനെ പ്രതികരിക്കുന്നു, മതേരത്വത്തോട് ഇവര്‍ക്കുള്ള കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളിലെല്ലാം പാഠ്യപദ്ധതി വിശദചര്‍ച്ച നടത്തും.

ലോക സാഹചര്യങ്ങളെയും മാര്‍ക്‌സിസം – ലെനിനിസത്തെയും ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് വിശകലനം ചെയ്ത് ജനങ്ങളെ പഠിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച കേരളത്തിന്റെ ധൈഷണിക സാന്നിധ്യമായിരുന്നു സഖാവ് ഇഎംഎസ്. കാള്‍ മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികം, മൂലധനത്തിന്റെ പ്രസിദ്ധീകരണത്തിന്റെ 150-ാം വാര്‍ഷികം, മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ 100-ാം വാര്‍ഷികം തുടങ്ങി കമ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആവേശം നല്‍കുന്ന വര്‍ഷമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel