സൗദി അറേബ്യയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ പേരിന് വിലക്ക്; മകള്‍ക്ക് ഇവാന്‍കയെന്ന് പേരിടാനുള്ള സൗദി സ്വദേശിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി

ജിദ്ദ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ പേര് സ്വന്തം മകള്‍ക്ക് ഇടാനുള്ള സൗദി അറേബ്യന്‍ സ്വദേശിയായ പിതാവിന്റെ മോഹത്തിന് തിരിച്ചടി. ‘ഇവാന്‍’ എന്ന പേര് വിദേശിയായതിനാല്‍ അംഗീകരിക്കാനാകില്ലെന്നാണ് സൗദി ഭരണകൂടം അറിയിച്ചത്. പേരുകള്‍ക്ക് അംഗീകാരം നല്‍കുന്ന സിവില്‍ സ്റ്റാറ്റസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് കുട്ടിയുടെ പിതാവിന്റെ അപേക്ഷ നിരസിച്ചത്.

വടക്കന്‍ പ്രവിശ്യയായ അറാര്‍ സ്വദേശിയായ സലിം അല്‍ അന്‍സിയാണ് തന്റെ മകള്‍ക്ക് ട്രംപിന്റെ മകളുടെ പേരായ ഇവാന്‍ക എന്നു പേരിട്ടത്. തനിക്ക് ആ പേര് ഇഷ്ടമായതിനാലും കൂട്ടുകാരുടെ വെല്ലുവിളിയുമാണ് മകള്‍ക്ക് ആ പേരിടാനുള്ള കാരണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഏപ്രില്‍ 26ന് അറാറിലെ വടക്കന്‍ നഗരത്തിലുള്ള മറ്റേണിറ്റി ആശുപത്രിയിലാണ് ഇവാന്‍ക അല്‍ അന്‍സിയുടെ ജനനം. ആശുപത്രി രേഖകളില്‍ ഇവാന്‍ക എന്നാണ് കുഞ്ഞിന്റെ പേര്.

കുട്ടിയുടെ ഫോട്ടോയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചരണം നേടിയിരുന്നു. ഇവാന്‍ക എന്ന പേര് നല്‍കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയര്‍ന്നു. ഇവാന്‍കയോടുള്ള ആരാധന മൂത്ത മകള്‍ക്ക് ആ പേര് നല്‍കിയത് സലീം തന്റെ ഭാര്യയെ അപമാനിക്കുന്നതിനു തുല്യമാണെന്ന വിമര്‍ശനവുമായി നിരവധി സ്ത്രീകളും രംഗത്തെത്തി.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ 2014ലെ ഉത്തരവ് പ്രകാരം പുതുതായി ജനിക്കുന്ന കുട്ടികളുടെ പേരുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരിക്കണം. കൂടാതെ രാജ്യത്തിന്റെ സംസ്‌കാരത്തിനോ മതത്തിനോ വിരുദ്ധമായതോ, വിദേശ പേരുകളോ ഉചിതമല്ലാത്ത പേരുകളോ പാടില്ലെന്നാണ് വ്യവസ്ഥ.

ദൈവനിന്ദയുള്ള പേരുകളാണെന്നു ചൂണ്ടിക്കാട്ടി ചില വിദേശ പേരുകളടക്കം 50ഓളം പേരുകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ വ്യവസ്ഥ പ്രകാരമാണ് ഇവാന്‍ക എന്ന പേരും സൗദി കുഞ്ഞിന് നിഷേധിച്ചത്. എന്നാല്‍ മകളെ കുടുംബത്തില്‍ ഇവാന്‍ക എന്നു തന്നെ വിളിക്കുമെന്നും അറബിക്, സൗദി സംസ്‌കാരങ്ങളില്‍ മതപരമായോ, ധാര്‍മികമായോ ഒരു വിലക്കും ഈ പേരിന് ഇല്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

ദൈവം കൃപയുള്ളവനാണ്’ എന്നാണ് ഈ പേരിന്റെ അര്‍ത്ഥമെന്ന് പിതാവ് പറയുന്നു. അറാറില്‍ മുത്തശ്ശിയോടൊപ്പം കഴിയുന്ന ‘സൌദി ഇവാന്‍ക’ക്ക് ഇനി ‘ലുമ’ എന്ന പേരു നല്‍കുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. ഡൊണാള്‍ഡ് ട്രംപ് – ഇവാന സെല്‍നിക്കോവ ബന്ധത്തിലുള്ള രണ്ടാമത്തെ മകളാണ് 35 കാരിയായ ഇവാന്‍ക ട്രംപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News