ലണ്ടനിലേക്കുള്ള വിമാനത്തില്‍ 305 യാത്രക്കാര്‍; പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി; വിമാനം നിയന്ത്രിച്ചത് ട്രെയിനി

ഇസ്ലാമാബാദില്‍ നിന്നും ലണ്ടനിലേക്ക് 305 യാത്രക്കാരുമായി പോകുന്ന പാക് വിമാനത്തിന്റെ പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി. കൂടെയുണ്ടായിരുന്ന ട്രെയിനി പൈലറ്റിന് വിമാനം കൈമാറിയാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പ്രധാന പൈലറ്റ് അമീര്‍ അക്തര്‍ ഹാഷ്മി കിടന്നുറങ്ങിയത്.

രണ്ടര മണിക്കൂറാണ് അമീര്‍ സുഖമായുറങ്ങിയത്. ഏപ്രില്‍ 26ന് നടന്ന സംഭവം വിവാദമായതോടെ അമീറിന്റെ ജോലി തെറിച്ചുവെന്നാണ് വിവരം.

ട്രെയിനിയായ മുഹമ്മദ് ആസാദ് അലിയെ പരിശീലിപ്പിക്കുന്നതിന് പകരം വിമാനത്തിന്റെ മുഴുവന്‍ നിയന്ത്രണവും അമീര്‍ അയാളെ ഏല്‍പിക്കുകയായിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ പൈലറ്റ് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പുതച്ചുമൂടി ഉറങ്ങുന്ന പൈലറ്റിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വക്താവ് സമ്മതിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

പൈലറ്റുമാരെ ട്രെയിന്‍ ചെയ്യുന്നതിന് മാസം ഒരുലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് അമീര്‍. ഡ്യൂട്ടി സമയത്ത് ഗുരുതരമായ വീഴ്ച്ച വരുത്തിയാണ് അമീര്‍ ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here