സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി; സര്‍ക്കാര്‍ മാപ്പും പറഞ്ഞിട്ടില്ല; പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേസില്‍ സര്‍ക്കാരിന് പിഴ ചുമത്തി എന്ന തരത്തില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. സെന്‍കുമാറിന്റെ നിയമനത്തില്‍ വ്യക്തത തേടിയാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. കേസില്‍ നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂ. കോടതി തള്ളിയത് എജിയുടെ നിയമോപദേശം അനുസരിച്ചുള്ള വിശദീകരണ ഹര്‍ജിയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കോടതിയുടെ വിധിയോട് ഒരു തരത്തിലുള്ള അവഗണനയും ഉണ്ടായിട്ടില്ല. ആശയക്കുഴപ്പം ഉണ്ടായതിനെ തുടര്‍ന്ന് വിധിയില്‍ വ്യക്തത തേടുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, സെന്‍കുമാര്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. സംസ്ഥാന പൊലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ സ്ഥാനമേറ്റ സാഹചര്യത്തിലാണ് തീരുമാനം.

കോടതി ഉത്തരവിന് വിരുദ്ധമായി എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നെന്നും ചീഫ് സെക്രട്ടറി സത്യവാങ് മൂലത്തില്‍ പറഞ്ഞു. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ്. വ്യക്തത തേടി അപേക്ഷ നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here