തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക് | എസ് രാജേന്ദ്രന്‍

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ സംസ്ഥാനത്ത് തൊഴിലെടുത്ത 16 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആറുമാസമായി വേതനം ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നേരിട്ട് കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടും കുടിശ്ശിക നല്‍കാതെ തൊഴിലാളികളെ പട്ടിണിക്കിടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്.

ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ഈവരുന്ന 9-11 തീയതികളില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുകയാണ്.

പാര്‍ലമെന്റ് 2005ല്‍ പാസാക്കിയ തൊഴിലുറപ്പുനിയമം 2006 മുതല്‍ രാജ്യത്ത് ആരംഭിച്ചു. 2008ഓടെ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലും പദ്ധതി നടപ്പായി. എന്നാല്‍, വര്‍ഷം ഒമ്പത് പിന്നിട്ടിട്ടും നിയമം അനുവദിച്ചുനല്‍കിയ അവകാശങ്ങള്‍ ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് ഇനിയും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമപ്രകാരം തൊഴില്‍സന്നദ്ധതയുള്ള ഒരു കുടുംബത്തിന് ഏറ്റവും കുറഞ്ഞത് പ്രതിവര്‍ഷം 100 തൊഴില്‍ദിനം ലഭ്യമാക്കുക, തൊഴിലെടുത്താല്‍ 14 ദിവസത്തിനകം കൂലി നല്‍കുക, തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങി ഗ്രാമീണജനതയുടെ ജീവിതപുരോഗതി ലക്ഷ്യംവച്ചുള്ള നിയമം തൊഴിലാളികള്‍ക്ക് ഇനിയും പ്രാപ്തമായിട്ടില്ല.

വേതനം നല്‍കാന്‍ കാലതാമസം നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മിച്ചു. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് തൊഴിലെടുത്തവര്‍ക്ക് ആറുമാസമായി വേതനം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ നിയമനിഷേധം തുടരുന്നത്. രാജ്യത്തെ ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ഉപജീവനസുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച്, ഏറ്റവും വലിയ തൊഴിലാളിപക്ഷ നിയമമെന്ന് അവകാശപ്പെട്ട തൊഴിലുറപ്പുനിയമത്തിന്റെ നടത്തിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനയും നിയമവിരുദ്ധ നടപടികളും അവസാനിപ്പിക്കാന്‍ എല്ലാ തൊഴിലാളികളും രംഗത്തുവരേണ്ടതുണ്ട്.

രാജ്യത്താകെ ഇപ്പോള്‍ 11.64 കോടി തൊഴില്‍കാര്‍ഡുകളിലായി 25.47 കോടി തൊഴിലാളികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 6.18 കോടി കുടുംബങ്ങളില്‍പ്പെട്ട 10.29 കോടി തൊഴിലാളികള്‍ക്കുമാത്രമാണ് കഴിഞ്ഞവര്‍ഷം തൊഴില്‍ ലഭിച്ചത്. ശരാശരി 46 തൊഴില്‍ദിനമാണ് ലഭിച്ചത്. 2016-17ല്‍ 100 തൊഴില്‍ദിനം ലഭിച്ചതാകട്ടെ, 39 ലക്ഷം കുടുംബത്തിനുമാത്രം. മുന്‍വര്‍ഷം 48 ലക്ഷം കുടുംബത്തിന് 100 ദിവസം തൊഴില്‍ ലഭിച്ചു. ഇത് കാണിക്കുന്നത്, പദ്ധതിനടത്തിപ്പില്‍ പിന്നോക്കം പോകുന്ന സ്ഥിതിയാണ് എന്നതാണ്. മതിയായ തുക നീക്കിവയ്ക്കാത്തതും വന്‍തോതില്‍ വേതനം കുടിശ്ശികയാകുന്നതും പദ്ധതിനടത്തിപ്പിന് തടസ്സമാകുന്നു.

കഴിഞ്ഞ മാര്‍ച്ച് 31ന്റെ കണക്കുപ്രകാരം തൊഴിലെടുത്തവര്‍ക്ക് കുടിശ്ശികത്തുകയായി 18,000 കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്നത്. ഗ്രാമീണദരിദ്രര്‍ക്ക് നല്‍കാനുള്ള വേതനംപോലും മാസങ്ങള്‍ കുടിശ്ശികയാക്കി, നിയമവിരുദ്ധ നടപടികള്‍ തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പുപദ്ധതിയെ തകര്‍ക്കുകയാണ്. അവിദഗ്ധ തൊഴിലാളികുടെ വേതനം അവരുടെ അക്കൌണ്ടുകളിലേക്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സര്‍വഴി കേന്ദ്ര സര്‍ക്കാരാണ് നേരിട്ടുനല്‍കേണ്ടത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.

കേരളത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 32.35 ലക്ഷം കുടുംബമാണ്. ഇതിലാകെ 50.05 ലക്ഷം തൊഴിലാളികളാണുള്ളത്. അവരില്‍ 18.33 ലക്ഷം കുടുംബത്തിനുമാത്രമേ തൊഴില്‍ ലഭിച്ചിട്ടുള്ളൂ. ആകെ 21.24 ലക്ഷം തൊഴിലാളികള്‍ക്ക്. അവര്‍ക്കുതന്നെ ശരാശരി 47 ദിവസം മാത്രമാണ് തൊഴില്‍ ലഭിച്ചിട്ടുള്ളത്. 100 തൊഴില്‍ദിനം ലഭിച്ചതാകട്ടെ 1,13,192 കുടുംബത്തിന്. മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയല്ല ഇവിടെയുമെന്ന് കാണാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പദ്ധതിനടത്തിപ്പില്‍ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സ്ഥിതി തുടരുകയാണ്.

സംസ്ഥാനത്തെ പ്രത്യേകതകള്‍ കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലെ ജോലികള്‍ തൊഴിലുറപ്പുപദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അധ്വാനംവഴി വന്‍തോതില്‍ ഉല്‍പ്പാദനവര്‍ധനയും അതുവഴി ഭക്ഷ്യസുരക്ഷയും സാമ്പത്തികവളര്‍ച്ചയും നേടാനാകും. അതിന് പദ്ധതി മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റംവരുത്തേണ്ടതുണ്ട്.

കാലാവസ്ഥ വ്യതിയാനവും കൊടും വരള്‍ച്ചയും കണ്ടുകൊണ്ട് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കണമെന്നാണ് സംസ്ഥാന തൊഴിലുറപ്പ് കൌണ്‍സില്‍തന്നെ നിര്‍ദേശിക്കുന്നത്. എല്ലാവിധ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വന്‍തോതിലുള്ള വനവല്‍ക്കരണം, പ്രത്യേകിച്ച് ദീര്‍ഘകാല വിളകള്‍ക്കുള്ള ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി ഇവ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താമെങ്കിലും അവയുടെ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ സംസ്ഥാനത്ത് പദ്ധതിനടത്തിപ്പിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്.

കേരളത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 2426.83 കോടി രൂപയുടെ പദ്ധതികളാണ് ഈ മേഖലയില്‍ നടന്നത്. ഇതില്‍ അവിദഗ്ധതൊഴിലാളികളുടെ കൂലിവിഹിതം മാത്രം 2144.71 കോടി രൂപയാണ്. ഇത് തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നല്‍കേണ്ടതാണ്. വിദഗ്ധ തൊഴിലാളികളുടെ കൂലിയുടെയും ഭരണച്ചെലവിന്റെയും മുക്കാല്‍ഭാഗവും കേന്ദ്ര സര്‍ക്കാര്‍തന്നെ നല്‍കണം.

എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് 31 വരെ തൊഴിലാളികള്‍ക്കുള്ള വേതനം ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 1386.71 കോടി രൂപമാത്രമാണ്. ഏപ്രില്‍ ആദ്യവാരത്തില്‍ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയെതുടര്‍ന്ന് 122.83 കോടി രൂപകൂടി കൂലിവിഹിതമായി അനുവദിച്ചു. ഇനി കൂലിയിനത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത് 635.17 കോടി രൂപയാണ്. തൊഴിലെടുത്താല്‍ 14 ദിവസത്തിനകം കൂലി, കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശവും തൊഴിലാളികള്‍ക്കുണ്ട്.

ഇത്തരം ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആറുമാസമായി കൂലി ലഭിക്കുന്നില്ല എന്നത് അത്യന്തം ഗൌരവമുള്ളതാണ്. അതും നിയമനിഷേധം നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട്. ഗ്രാമീണദരിദ്രരായ ലക്ഷക്കണക്കിന് തൊഴിലാളികളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം തികച്ചും പ്രതിഷേധാര്‍ഹമാണ്.

വേതനവിഹിതത്തിനുപുറമെ സാധനഘടകത്തിന്റെയും ഭരണച്ചെലവിന്റെയും വിഹിതത്തിലും മാര്‍ച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ ഇനിയും 41.87 കോടി കുടിശ്ശിക വരുത്തിയിട്ടുണ്ട്. നടപ്പുവര്‍ഷത്തെ പദ്ധതിനടത്തിപ്പിനുള്ള ആദ്യഗഡുവും നല്‍കാതിരിക്കുന്നത് പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നു.

തൊഴിലുറപ്പുപദ്ധതിയില്‍ ഇന്ന് ദിവസവേതനം 258 രൂപയാണ്. 240ല്‍നിന്നാണ് 258 ആയി വര്‍ധിച്ചത്. രൂക്ഷമായ വിലക്കയറ്റവും ജീവിതദുരിതവുംമൂലം കൂലി 500 രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചതേയില്ല. കള്ളപ്പണവേട്ടയും നോട്ട് നിരോധനവുമെല്ലാം രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍, കോടിക്കണക്കിന് തൊഴിലുറപ്പുപദ്ധതി തൊഴിലാളികളുടെ കൂലിയില്‍ ന്യായമായ ഒരു വര്‍ധനപോലും വരുത്തിയില്ല, തുച്ഛമായ കൂലിയും നല്‍കുന്നില്ല.

സംസ്ഥാനത്ത് തൊഴിലെടുക്കുന്നവര്‍ 91 ശതമാനവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ തൊഴില്‍സമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയാക്കണമെന്ന ദീര്‍ഘകാല ആവശ്യവും പരിഗണിച്ചിട്ടില്ല. തൊഴിലിടങ്ങളില്‍ മെച്ചപ്പെട്ട സൌകര്യങ്ങളും തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷന്‍ പദ്ധതിയും നടപ്പാക്കണമെന്ന ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല. നിലവിലുള്ള നിയമപരിരക്ഷപോലും തൊഴിലാളികള്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ പ്രത്യക്ഷ സമരരംഗത്ത് അണിനിരക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ തുക നീക്കിവച്ച്, കുടിശ്ശിക അടിയന്തരമായും അനുവദിച്ചുനല്‍കി തൊഴിലുറപ്പുപദ്ധതി സംരക്ഷിക്കാനും ശക്തിപ്പെടുത്താനും തയ്യാറാകണം. അതിനുവേണ്ടി നടത്തുന്ന പ്രക്ഷോഭപരിപാടിയില്‍ എല്ലാ തൊഴിലാളികളും അണിചേരാന്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ അഭ്യര്‍ഥിക്കുന്നു.

(എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News