സെന്‍കുമാര്‍ കേസ്: പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം

ദില്ലി: സെന്‍കുമാര്‍ കേസിലെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതിയലക്ഷ്യ നടപടികള്‍ നിറുത്തി വയ്ക്കണം. വിധി നടപ്പാക്കാതിരിക്കാന്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. വിധിക്ക് വിരുദ്ധമായ എന്തെങ്കിലും നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികമായി മാപ്പ് ചോദിക്കുന്നതായും നളിനി നെറ്റോ കോടതിയെ അറിയിച്ചു.

സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന വിധി വന്ന ഏപ്രില്‍ 24 മുതല്‍, അത് നടപ്പിലാക്കാന്‍ സ്വീകരിച്ച് നിയമപരമായ കാര്യങ്ങള്‍ വിശദീകരിച്ചാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കോടതി വിധി അനുസരിച്ച് സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചു. ഉത്തരവിന്റെ പകര്‍പ്പും, സെന്‍കുമാര്‍ ചുമതലകള്‍ ഏറ്റെടുത്തതിന്റെ തെളിവും സത്യവാങ്മൂലത്തോടൊപ്പം നളിനി നെറ്റോ കോടതിയില്‍ സമര്‍പിച്ചു.

വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും, കോടതിയലക്ഷ്യ നടപടികള്‍ നിറുത്തി വയ്ക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടുന്നു. വിധി വൈകിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഏതറ്റം വരെയും പോകുമെന്ന സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയിലെ ആരോപണം, സത്യവാങ്മൂലത്തില്‍ നളിനി നെറ്റോ തെളിവുകള്‍ നിരത്തി എതിര്‍ക്കുന്നു. ഏപ്രില്‍ 24ന് വിധി വന്നു. വിധി പകര്‍പ്പ് ലഭിച്ച 26 തിയതി പുനര്‍നിയമിക്കാനുള്ള ഫയല്‍ സര്‍ക്കാര്‍ തയ്യാറാക്കി. അന്നേ ദിവസം തന്നെ നിയമ സെക്രട്ടറിയുടെയും, രണ്ട് ദിവസത്തിന് ശേഷം 28-ാം തീയതി അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം തേടി. ഒന്നാം തിയതി ലഭിച്ച അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

ഈ അപേക്ഷയിന്‍മേല്‍ സുപ്രീംകോടതി തീരുമാനം വരുന്നത് വരെ കാത്തിരിക്കാന്‍ മെയ് മൂന്നിന് ചേര്‍ന്ന് ക്യാമ്പിനറ്റ് യോഗം തീരുമാനം എടുത്തു. അഞ്ചാം തീയതി ഉണ്ടായ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സെന്‍കുമാറിനെ പുനര്‍നിയമിച്ചെന്നും സത്യവാങ്മൂലത്തില്‍ നളിനി നെറ്റോ വിശദീകരിക്കുന്നു. അനുസരണക്കേട് കാട്ടിയിട്ടില്ല. വേഗത്തില്‍ തന്നെയാണ് സര്‍ക്കാര്‍ നടപടികള്‍ കൈകൊണ്ടത്. വിധിക്ക് വിരുദ്ധമായി ഏതെങ്കിലും നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായും നളിനി നെറ്റോ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി വാദത്തിനെടുക്കുമ്പോള്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണവും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News