അടിവസ്ത്രങ്ങള്‍ അഴിപ്പിച്ച് പരിശോധന; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; നടന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം; വായനക്കാര്‍ക്കും പ്രതികരിക്കാം

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. നടന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തില്‍ സിബിഎസ്ഇ റീജ്യണല്‍ ഡയറക്ടര്‍ മറുപടി നല്‍കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനികളുടെ അടിവസ്ത്രങ്ങള്‍ അഴിപ്പിച്ച് പരിശോധന നടത്തിയെന്ന വാര്‍ത്ത പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്.

കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ പരീക്ഷയ്‌ക്കെത്തിയവരില്‍ നിന്നാണ് പരാതികള്‍ അധികവും. പരിശോധനകള്‍ അതിരു കടന്നതായാണ് മാതാപിതാക്കളും വിദ്യാര്‍ഥിനികളും ഒരുപോലെ പറയുന്നത്. അടിവസ്ത്രങ്ങള്‍ വരെ അഴിപ്പിച്ച് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിനികള്‍ മാനസികമായി തളരുകയും ചെയ്തു. മിക്ക പരീക്ഷ കേന്ദ്രങ്ങളിലും കണ്ണിരോടെയാണ് വിദ്യാര്‍ഥിനികള്‍ ഹാളിലേക്ക് കയറിയത്.

ബ്രായും ജീന്‍സും വരെ അഴിപ്പിച്ചായിരുന്നു പരിശോധനകള്‍. മെറ്റലിന്റെ ഹുക്ക് ഉള്ള ബ്രായും ജീന്‍സിന്റെ മെറ്റല്‍ കൊളുത്തുമാണ് പ്രശ്‌നമായത്. മെറ്റല്‍ ഡിറ്റക്റ്ററില്‍ നടത്തിയ പരിശോധനയില്‍ ബീപ് സൗണ്ട് കേട്ടതോടെയാണ് ബ്രാ അഴിച്ച് മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ വിദ്യാര്‍ഥിനികളോട് ആവശ്യപ്പെട്ടത്.

ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടികളുടെ ജീന്‍സിന്റെ ഹുക്കും പോക്കറ്റും അഴിച്ചു നീക്കണമെന്നും പരിശോധകര്‍ ആവശ്യപ്പെട്ടു. പോക്കറ്റ് മാറ്റിയാല്‍ ശരീരം കാണുമെന്ന് പറഞ്ഞിട്ടും സ്ത്രീകളായ പരിശോധകര്‍ കേട്ടില്ലെന്നും പെണ്‍കുട്ടികള്‍ കണ്ണിരോടെ പറയുന്നു.

കണ്ണൂര്‍ കേന്ദ്രത്തില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടി പീപ്പിള്‍ ടിവിയോട് പറഞ്ഞത് ഇങ്ങനെ:
ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാ ഫോമില്‍ ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍, രാവിലെ പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തിയപ്പോള്‍ ഹാളിന് പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിക്കുകയായിരുന്നു. അടിവസ്ത്രം കൈയില്‍ പിടിച്ചുകൊണ്ടാണ് മകള്‍ തന്റെ അടുത്തേക്ക് വന്നതെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here