മലയാള ടിവി പരമ്പരകളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ സാന്ദ്ര ആമി തമിഴിലും സജീവമാവുകയാണ്. സെവപ്പ് എനക്ക് പുടിയ്ക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഒടുവില്‍ തമിഴില്‍ റിലീസായത്. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് സാന്ദ്ര എത്തുന്നത്.

ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍, ചുവന്ന തെരുവുകളുടെ ആവശ്യകതയെ കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകള്‍ക്ക് സോഷ്യല്‍മീഡിയയിലടക്കം വന്‍സ്വീകരണമാണ് ലഭിക്കുന്നത്.

‘ഞാനും ഭര്‍ത്താവും ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് ഈ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണിത്. എന്റെ അഭിപ്രായത്തില്‍ ചെന്നൈ നഗരത്തില്‍ ചുവന്ന തെരുവുകള്‍ ആവശ്യമാണ്. സാഹചര്യങ്ങള്‍ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലര്‍ കൊണ്ടുനടക്കുന്നു.’-സാന്ദ്ര പറയുന്നു.

Sandra-Amy-2

‘അങ്ങനെയുള്ളപ്പോള്‍ ആരും വെറുതെ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ലല്ലോ. ആവശ്യങ്ങള്‍ക്ക് അങ്ങോട്ട് പോകാമല്ലോ. ഇത് തന്നെയാണ് സിനിമയുടെ ആശയവും. കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയൂ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.’-സാന്ദ്ര പറയുന്നു.

‘ഞാനൊരു ഭാര്യയാണ്. എന്റെ ഭര്‍ത്താവും ഒരു അഭിനേതാവാണ്. പൊക്കിള്‍ കൊടിയും ശരീരഭാഗവും കാണിച്ച് എനിക്ക് അഭിനയിക്കാന്‍ കഴിയില്ല. ഇത് കുടുംബപ്രേക്ഷകര്‍ക്കായി ഉണ്ടാക്കിയ സിനിമയാണ്. കുടുംബത്തോടൊപ്പം തന്നെ അത് കാണണം’ സാന്ദ്ര പറയുന്നു. അശ്ലീലമായ ഒരു സംഭാഷണമോ രംഗമോ സിനിമയിലില്ലെന്നും സാന്ദ്ര പറയുന്നു.

Sandra-Amy-3

സെവപ്പ് എനക്ക് പുടിയ്ക്കും എന്ന ചിത്രത്തിന് ശേഷം തന്നെ എല്ലാവരും ലൈംഗിക തൊഴിലാളിയായി അഭിനയിക്കാനാണ് വിളിക്കുന്നതെന്നും അത് വളരെ വിഷമമുള്ള കാര്യമാണെന്നും സാന്ദ്ര തുറന്നു പറയുന്നു.