വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും എത്തിക്കാനും അറിയാം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എംഎം മണി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിന് ശക്തമായ മറുപടി നല്‍കി വൈദ്യുതി മന്ത്രി എംഎം മണി. എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാവീടുകളിലും എത്തിക്കാനും അറിയാമെന്നാണ് എംഎം മണിയുടെ മറുപടി. ഫേസ്ബുക് പോസ്റ്റിലായിരുന്നു എംഎം മണിയുടെ മറുപടി.

‘വിദ്യുച്ഛക്തി ‘എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുന്നത് വലിയ നേട്ടമാണെന്നും എംഎം മണി പറയുന്നു.

എല്ലാ കാര്‍ഷിക വിളകള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവില്‍ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. – ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യമെന്നും എംഎം മണി മറുപടി നല്‍കി. വിദ്യുച്ഛക്തി എന്ന് എഴുതാന്‍ വൈദ്യുതിമന്ത്രിക്ക് അറിയാമോ എന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പരിഹാസം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News